1591-ല്‍ സ്പെയിനിലെ കാറ്റലോണിയയിലാണ് വിശുദ്ധ മൈക്കല്‍ ഡി സാന്‍ക്റ്റിസ് ജനിച്ചത്. വിശുദ്ധന് 6 വയസ്സുള്ളപ്പോള്‍ തന്നെ, അദ്ദേഹം തന്റെ മാതാപിതാക്കളോട് താന്‍ ഒരു സന്യാസിയാകുവാന്‍ പോകുന്ന കാര്യം അറിയിച്ചിരുന്നു. മാത്രമല്ല അദ്ദേഹം വിശുദ്ധ ഫ്രാന്‍സിസ് അസ്സീസ്സിയെ വലിയ തോതില്‍തന്നെ അനുകരിച്ചിരുന്നു. അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ മരണത്തിനു ശേഷം മൈക്കല്‍ ഒരു വ്യാപാരിയുടെ സഹായിയായി കുറച്ചുകാലം ജോലിചെയ്തു. എന്നിരുന്നാലും, അസാധാരണമായ ഭക്തിയോടും, വിശ്വാസത്തോടും കൂടിയ ജീവിതമായിരുന്നു വിശുദ്ധന്‍ തുടര്‍ന്നിരുന്നത്.
1603-ല്‍ അദ്ദേഹം ബാഴ്സിലോണയിലെ ട്രിനിറ്റാരിയന്‍ ഫ്രിയാര്‍സ് സഭയില്‍ ചേരുകയും, 1607-ല്‍ സര്‍ഗോസയിലെ വിശുദ്ധ ലാംബെര്‍ട്ടിന്റെ ആശ്രമത്തില്‍ വെച്ച് സന്യാസവൃതം സ്വീകരിക്കുകയും ചെയ്തു. അതിനു ശേഷം അധികം താമസിയാതെ തന്നെ മൈക്കല്‍ ട്രിനിറ്റാറിയാന്‍ സഭയുടെ നവീകരിച്ച വിഭാഗത്തില്‍ ചേരുവാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയും വിശുദ്ധന് അതിനുള്ള അനുവാദം ലഭിക്കുകയും ചെയ്തു. തുടര്‍ന്ന് വിശുദ്ധന്‍ മാഡ്രിഡിലെ നോവീഷ്യെറ്റിലേക്കയക്കപ്പെട്ടു. സെവില്ലേയിലും, സലാമാന്‍കായിലുമായി തന്റെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ വിശുദ്ധന്‍, പൗരോഹിത്യ പട്ടം സ്വീകരിക്കുകയും, രണ്ടു പ്രാവശ്യം വല്ലഡോളിഡിലെ ആശ്രമത്തിലെ സുപ്പീരിയര്‍ ആയി സേവനം ചെയ്യുകയും ചെയ്തു.
വിശുദ്ധ കുര്‍ബ്ബാനയോടുള്ള മൈക്കലിന്റെ ഭക്തിയും, വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുന്ന വേളയില്‍ അദ്ദേഹത്തിനുണ്ടാവാറുള്ള ആത്മീയ ഉണര്‍വ് മൂലം ഒരു വിശുദ്ധനായിട്ട് തന്നെയായിരുന്നു അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ മൈക്കലിനെ പരിഗണിച്ചിരുന്നത്. 1625 ഏപ്രില്‍ 10 ന് തന്റെ 35-മത്തെ വയസ്സില്‍ വിശുദ്ധന്‍ കര്‍ത്താവില്‍ അന്ത്യനിദ്ര പ്രാപിച്ചു. 1862-ല്‍ പിയൂസ് ഒമ്പതാമന്‍ പാപ്പാ മൈക്കല്‍ ഡി സാന്‍ക്റ്റിസിനെ വിശുദ്ധനായി പ്രഖ്യാപിച്ചു. വിശുദ്ധന്റെ പേരില്‍ നിരവധി ആത്ഭുതങ്ങള്‍ നടന്നിട്ടുള്ളതായി പറയപ്പെടുന്നു.
റോമന്‍ രക്തസാക്ഷി പട്ടികയില്‍ വിശുദ്ധ മൈക്കല്‍ ഡി സാന്‍ക്റ്റിസിനെ “അസാമാന്യമായ നിഷ്കളങ്ക ജീവിതത്തിന്റെ ഉടമ, അതിശയിപ്പിക്കുന്ന അനുതാപി, ദൈവസ്നേഹത്തിന്‍റെ ഉദാത്ത മാതൃക” എന്നാണു പരമര്‍ശിച്ചിട്ടുള്ളത്. അപാരമായ വിശുദ്ധിയോട് കൂടിയ ജീവിതം നയിക്കുവാന്‍ തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയായിരിന്നു അദ്ദേഹമെന്ന കാര്യം വിശുദ്ധന്‍റെ ജീവിതത്തിലെ ആദ്യകാലങ്ങളില്‍ തന്നെ മനസ്സിലാക്കാവുന്നതാണ്.
ദൈവത്തോടുള്ള തന്റെ സ്നേഹത്തേയോ, തന്റെ ദൈവനിയോഗത്തേയോ പ്രതി വിശുദ്ധന്‍ ഒരിക്കലും ചഞ്ചലചിത്തനായിരുന്നില്ല. നമ്മുടെ യുവജനത ഒരു മാര്‍ഗ്ഗദര്‍ശിത്വത്തിനായി ഉഴറുന്ന ഈ ലോകത്ത്, വിശുദ്ധ മൈക്കല്‍, യുവാക്കള്‍ക്കും, പ്രായമായവര്‍ക്കും ഒരുപോലെ അനുകരണത്തിനും, പ്രാര്‍ത്ഥനക്കും പറ്റിയ ഏറ്റവും ഉദാത്തമായ മാതൃകയായി നിലകൊള്ളുന്നു.
ഇതര വിശുദ്ധര്‍
1. പേഴ്സ്യയിലെ ബഡെമൂസു
2. ബെയോക്കായും എത്തോറും
3. ചാര്‍ത്രേ ബിഷപ്പായ ഫുള്‍ബെര്‍ട്ട്
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക