News
സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 6: 14-44 | ഭാഗം 15
ഫാ. ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍/ പ്രവാചകശബ്ദം 27-09-2025 - Saturday
വിശുദ്ധ മര്‍ക്കോസിന്റെ സുവിശേഷം ആറാം അദ്ധ്യായത്തിലെ സ്നാപകന്റെ ശിരച്ഛേദനം, അപ്പം വര്‍ദ്ധിപ്പിക്കുന്നു എന്നീ സുവിശേഷ ഭാഗങ്ങളെ കുറിച്ചു തെര്‍ത്തുല്യന്‍, എവുസേബിയൂസ്, ക്രിസോസ്‌തോം, അംബ്രോസ്, ബീഡ്, ആഗസ്തീനോസ്, പീറ്റര്‍ ക്രിസോലോഗസ്, നസിയാന്‍സിലെ ഗ്രിഗറി, സൈറസിലെ തിയോഡൊറേറ്റ്, പ്രൂഡന്‍ഷ്യസ്, ഒരിജന്‍, അപ്രേം എന്നീ സഭാപിതാക്കന്മാര്‍ വിവരിക്കുന്ന സുവിശേഷഭാഷ്യമാണ് ഇവിടെ പങ്കുവെയ്ക്കുന്നത്.
♦️ വചനഭാഗം: സ്‌നാപകന്റെ ശിരച്ഛേദം - വിശുദ്ധ മര്‍ക്കോസ് 6:14-29 (മത്താ 14: 1-12) (ലൂക്കാ 9:7-9).
14 ഹേറോദേസ് രാജാവും ഇക്കാര്യങ്ങള്‍ കേട്ടു. ഈശോയുടെ പേര് പ്രസിദ്ധമായിക്കഴിഞ്ഞിരുന്നു. ചിലര്‍ പറഞ്ഞു: സ്‌നാപകയോഹന്നാന്‍ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ് അത്ഭുതകരമായ ഈ ശക്തികള്‍ ഇവനില്‍ പ്രവര്‍ത്തിക്കുന്നത്. 15 മറ്റു ചിലര്‍ പറഞ്ഞു: ഇവന്‍ ഏലിയാ ആണ്, വേറെ ചിലര്‍ പറഞ്ഞു: പ്രവാചകരില്‍ ഒരുവനെപ്പോലെ ഇവനും ഒരു പ്രവാചകനാണ്. 16 എന്നാല്‍, ഇതെല്ലാം കേട്ടപ്പോള്‍ ഹേറോദേസ് പ്രസ്താവിച്ചു: ഞാന്‍ ശിരച്ഛേദം ചെയ്ത യോഹന്നാന്‍ ഉയിര്‍പ്പിക്കപ്പെട്ടിരിക്കുന്നു. 17 ഹേറോദേസ് ആളയച്ച് യോഹന്നാനെ പിടിപ്പിക്കയും കാരാഗൃഹത്തില്‍ ബന്ധിക്കയും ചെയ്തിരുന്നു. സ്വന്തം സഹോദരനായ പീലിപ്പോസിന്റെ ഭാര്യ ഹേറോദിയാ നിമിത്തമാണ് അവന്‍ ഇങ്ങനെ ചെയ്തത്. അവന്‍ അവളെ വിവാഹം ചെയ്തിരുന്നു. 18 യോഹന്നാന്‍ ഹേറോദേസിനോടു പറഞ്ഞു: സഹോദരന്റെ ഭാര്യയെ നീ സ്വന്തമാക്കുന്നതു നിഷിദ്ധമാണ്. 19 തന്‍മൂലം, ഹേറോദിയായ്ക്കു യോഹന്നാനോടു വിരോധം തോന്നി. അവനെ വധിക്കാന്‍ അവള്‍ ആഗ്രഹിച്ചു. എന്നാല്‍ അവള്‍ക്കു സാധിച്ചില്ല.
20 എന്തെന്നാല്‍, യോഹന്നാന്‍ നീതിമാനും വിശുദ്ധനുമാണെന്ന് അറിഞ്ഞിരുന്നതുകൊണ്ട്, ഹേറോദേസ് അവനെ ഭയപ്പെട്ടു സംരക്ഷണം നല്കിപ്പോന്നു. അവന്റെ വാക്കുകള്‍ അവനെ അസ്വസ്ഥനാക്കിയിരുന്നെങ്കിലും, അവന്‍ പറയുന്നതെല്ലാം സന്തോഷത്തോടെ കേള്‍ക്കുമായിരുന്നു. 21 ഹേറോദേസ് തന്റെ ജന്‍മദിനത്തില്‍ രാജസേവകന്‍മാര്‍ക്കും സഹസ്രാധിപന്‍മാര്‍ക്കും ഗലീലിയിലെ പ്രമാണികള്‍ക്കും വിരുന്നു നല്കിയപ്പോള്‍ ഹേറോദിയായ്ക്ക് അനുകൂലമായ ഒരു അവസരം വന്നുചേര്‍ന്നു. 22 അവളുടെ മകള്‍ വന്ന് നൃത്തംചെയ്ത് ഹേറോദേസിനെയും അതിഥികളെയും പ്രീതിപ്പെടുത്തി. രാജാവു പെണ്‍കുട്ടിയോടു പറഞ്ഞു: നീ ആഗ്രഹിക്കുന്നതെന്തും ചോദിച്ചുകൊള്ളുക. അതു ഞാന്‍ നിനക്കു തരും. 23 അവന്‍ അവളോടു ശപഥംചെയ്തു പറഞ്ഞു: നീ എന്തു തന്നെ ചോദിച്ചാലും, എന്റെ രാജ്യത്തിന്റെ പകുതിപോലും ഞാന്‍ നിനക്കു തരും.
24 അവള്‍ പോയി അമ്മയോടു ചോദിച്ചു: ഞാന്‍ എന്താണ് ആവശ്യപ്പെടേണ്ടത്? അമ്മ പറഞ്ഞു: സ്‌നാപക യോഹന്നാന്റെ ശിരസ്‌സ്. 25 അവള്‍ ഉടനെ അകത്തുവന്ന് രാജാവിനോട് ആവശ്യപ്പെട്ടു: ഇപ്പോള്‍ത്തന്നെ സ്‌നാപകയോഹന്നാന്റെ ശിരസ്‌സ് ഒരു തളികയില്‍ വച്ച് എനിക്കു തരണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു. 26 രാജാവ് അതീവ ദുഃഖിതനായി. എങ്കിലും, തന്റെ ശപഥത്തെപ്രതിയും അതിഥികളെ വിചാരിച്ചും അവളുടെ ആഗ്രഹം നിരസിക്കാന്‍ അവനു തോന്നിയില്ല. 27 അവന്റെ തല കൊണ്ടുവരാന്‍ ആജ്ഞാപിച്ച് ഒരു സേവകനെ രാജാവ് ഉടനെ അയച്ചു. അവന്‍ കാരാഗൃഹത്തില്‍ ചെന്ന് യോഹന്നാന്റെ തല വെട്ടിയെടുത്തു. 28 അത് ഒരു തളികയില്‍ വച്ച് കൊണ്ടുവന്നു പെണ്‍കുട്ടിക്കു കൊടുത്തു. അവള്‍ അത് അമ്മയെ ഏല്പിച്ചു. 29 ഈ വിവരം അറിഞ്ഞ യോഹന്നാന്റെ ശിഷ്യന്‍മാര്‍ വന്ന് മൃതദേഹം കല്ലറയില്‍ സംസ്‌കരിച്ചു.
***************************************************************
➤ തെര്‍ത്തുല്യന്‍:
'ജയില്‍' എന്നതിനെ താല്‍ക്കാലിക വസതിയായി കണ്ടാല്‍ മതിയാകും. ശരീരം തടവിലാക്കപ്പെട്ടിരിക്കുന്നെങ്കിലും അരൂപിക്ക് സര്‍വ്വസ്വാതന്ത്ര്യവുമുണ്ട്. എന്റെ ആത്മാവേ, നിഴല്‍ വീണ വഴിത്താരകളെക്കുറിച്ചും തുറുങ്കിന്റെ നീണ്ട ഇടനാഴികളെക്കുറിച്ചും ചിന്തിക്കാതെ, നേരെ ദൈവത്തിങ്കലേക്കു നയിക്കുന്ന പാതയിലൂടെ ചരിക്കുക. എത്രയധികം നീ ഈ വഴിയിലൂടെ അരൂപിയില്‍ ചരിക്കുന്നുവോ അത്രയധികം നീ തടവിനുമപ്പുറത്താണെന്നു നീ കാണും (റോമ 8,1) (On Martyrdom 2).
➤ എവുസേബിയൂസ്: സുവിശേഷങ്ങളില്‍ വിവരിക്കുന്നതുപോലെ (മത്താ 14,1-12; മര്‍ക്കോ 6,17-29) ഇളയ ഹേറോദോസിനാല്‍ (ഹേറോദേസ് അന്തിപ്പാസ്) യോഹന്നാന്‍ വധിക്കപ്പെട്ടു. ജോസഫൂസിന്റെ വിവരണങ്ങളില്‍ നിന്ന് നമുക്ക് ഈ വിവരങ്ങള്‍കൂടി ലഭിക്കുന്നു. ഹേറോദേസിന്റെ സഹോദര ഭാര്യയായിരുന്നു ഹേറോദിയ. ഹേറോദേസ് തന്റെ നിയമപ്രകാരമുള്ള ഭാര്യയും പേത്രായിലെ അരേത്താസ് രാജാവിന്റെ പുത്രിയുമായവളെ ഉപേക്ഷിക്കുകയും ഹേറോദിയായെ ഭര്‍ത്താവില്‍ നിന്നകറ്റി തന്റേതാക്കുകയും ചെയ്തു. യോഹന്നാന്‍ വധിക്കപ്പെട്ടതും അരേത്താസ് രാജാവുമായി യുദ്ധമുണ്ടായതും ഇതോടു ബന്ധപ്പെട്ടാണ്. യുദ്ധരംഗത്ത് ഹേറോദേസിന്റെ സര്‍വ്വസന്നാഹങ്ങളും അണിനിരന്നിട്ടും അമ്പേ പരാജയപ്പെട്ടതിനു കാരണം യോഹന്നാനോടു ചെയ്ത പാതകമാണെന്ന് ജോസഫൂസ് രേഖപ്പെടുത്തുന്നു (Ecclesiastical History 1.11).
➤ ക്രിസോസ്‌തോം: വിവാഹത്തെക്കുറിച്ചുള്ള ദൈവകല്‍പനയെ അട്ടിമറിക്കുന്ന ഒരു സ്വേച്ഛാധിപതിയെയാണ് ഹേറോദേസില്‍ യോഹന്നാന്‍ കണ്ടുമുട്ടിയത്. ധീരതയോടെ, രാജസദസില്‍ വച്ച് അവന്‍ പ്രഖ്യാപിച്ചു: ''നിന്റെ സഹോദരന്‍ ഫിലിപ്പോസിന്റെ ഭാര്യയെ നീ സ്വന്തമാക്കുന്നത് നിയമാനുസൃതമല്ല'' (മര്‍ക്കോ 6,18). നമ്മുടെ സഹജരെ സമന്മാരെന്നപോലെകണ്ട് തിരുത്തണമെന്ന് ഇത് നമ്മെ പഠിപ്പിക്കുന്നു. മരിക്കേണ്ടിവന്നാലും സഹോദരനെ തിരുത്തുകയും ശാസിക്കുകയും ചെയ്യുക എന്ന ദൗത്യത്തില്‍നിന്നു പിന്‍വാങ്ങരുത്. നിസംഗതയോടെ, തണുത്തുറഞ്ഞ മറുപടി പറയരുത്. ''എനിക്കിതിലെന്തു കാര്യം? ഞാനും അവനും തമ്മില്‍ ബന്ധമൊന്നുമില്ല.'' സാത്താനുമായി മാത്രമാണ് നമുക്കൊരു ബന്ധവും ഇല്ലാത്തത്. എന്നാല്‍ എല്ലാ മനുഷ്യരുമായി നമുക്ക് പല കാര്യങ്ങളില്‍ ബന്ധവും സമാനതയുമുണ്ട്. എല്ലാവരും ഒരേ മനുഷ്യപ്രകൃതിയില്‍ പങ്കുപറ്റുന്നു. ഒരേ ഭൂമിയില്‍ നിവസിക്കുന്നു. ഒരേതരം ഭക്ഷണത്താല്‍ പോഷിപ്പിക്കപ്പെടുന്നു. എല്ലാവര്‍ക്കും ഒരേയൊരു അധിപന്‍ (കര്‍ത്താവ്) മാത്രം. ഒരേ നിയമങ്ങള്‍ ഏവര്‍ക്കും നല്‍കപ്പെട്ടിരിക്കുന്നു. ഒരേ സൗഭാഗ്യത്തിലേക്ക് വിളിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ട് നമുക്ക് അവരുമായി ഒരു ബന്ധവുമില്ലെന്ന് പറയരുത് (Concerning the Statues 1.32).
ശാസന അംഗീകരിക്കപ്പെടുന്നു
ക്രിസോസ്‌തോം: യോഹന്നാന്‍ ശാസിക്കപ്പെട്ടപ്പോഴും ഹേറോദേസ് അവനെ അത്യധികം ആദരിച്ചിരുന്നുവെന്ന് മര്‍ക്കോസ് രേഖപ്പെടുത്തുന്നു (മര്‍ക്കോ 6,20). പുണ്യത്തിന്റെ മൂല്യം അത്ര മഹത്തരമാണ് (The Gospel of St.Matthew, Homily 48).
ശപഥമെന്ന കെണി
രാജകുമാരി നൃത്തം ചെയ്തതിനുശേഷം ഗൗരവമായ മറ്റൊരു തെറ്റുകൂടി ചെയ്തു. താന്‍ ചോദിക്കുന്നതെന്തും ലഭിക്കത്തക്ക വിധത്തില്‍ ബുദ്ധി മന്ദീഭവിച്ച ആ മനുഷ്യനെക്കൊണ്ട് ശപഥവും ചെയ്യിച്ചു. ശപഥം എപ്രകാരം ഒരാളെ ആലോചനാരഹിതനാക്കുന്നുവെന്ന് കാണുവിന്‍. അവള്‍ ചോദിക്കുന്നതെന്തും നല്‍കാമെന്ന് അയാള്‍ വാഗ്ദാനം ചെയ്തു.
അല്ലയോ ഹേറോദേസേ, അവള്‍ നിങ്ങളുടെ ശിരസ്സ് ആവശ്യപ്പെട്ടിരുന്നെങ്കില്‍? അല്ലെങ്കില്‍ നിങ്ങളുടെ രാജ്യം മുഴുവന്‍ അവള്‍ ചോദിച്ചിരുന്നെങ്കില്‍? ഇതിനെക്കുറിച്ചൊന്നും അയാള്‍ ചിന്തിച്ചില്ല. വാസ്തവത്തില്‍ സാത്താന്‍ അയാള്‍ക്കുവേണ്ടി വിരിച്ച കെണി ശക്തമാക്കുകയായിരുന്നു. അയാള്‍ ശപഥം ചെയ്ത നിമിഷത്തില്‍ത്തന്നെ സാത്താന്‍ തന്റെ കെണി നാലുവശത്തേക്കും നീട്ടിയുറപ്പിക്കുകയായിരുന്നു. ബാലികയുടെ അഭ്യര്‍ത്ഥന ജുഗുപ്‌സയുളവാക്കുന്നതായിരുന്നു. അവളതില്‍ ഉറച്ചുനിന്നതിനാല്‍ യോഹന്നാന്റെ വിശുദ്ധ നാവിനു കടിഞ്ഞാണിടാന്‍ രാജാവ് കല്‍പിച്ചു. എന്നാല്‍ ഇപ്പോഴും ആ നാവ് സംസാരിച്ചുകൊണ്ടിരിക്കുന്നു. സുവിശേഷത്തിലൂടെ ആ നാവ് ഇപ്പോഴും ഉച്ചത്തില്‍ വിളിച്ചുപറയുന്നതു നമുക്കു കേള്‍ക്കാം. ''നിന്റെ സഹോദരന്‍ ഫിലിപ്പോസിന്റെ ഭാര്യയെ നീ സ്വന്തമാക്കുന്നത് നിഷിദ്ധമാണ്'' (മത്താ 14,4; മര്‍ക്കോ 6,18). ഹേറോദേസ് ശിരച്ഛേദം ചെയ്തു: എന്നാല്‍ സ്വരഛേദം ചെയ്യാന്‍ കഴിഞ്ഞില്ല. അവന്‍ നിയന്ത്രണമേര്‍പ്പെടുത്തി, എന്നാല്‍ ആരോപണത്തെ നിഷേധിക്കാന്‍ കഴിഞ്ഞില്ല. ശപഥം എന്തിലേക്കു നയിക്കാം എന്ന് ശ്രദ്ധിക്കൂ. അത് പ്രവാചകരുടെ ശിരച്ഛേദനത്തിനു കാരണമാകുന്നു. സാത്താന്‍ ഇരയിട്ടത് എന്താണെന്നു നിങ്ങള്‍ കണ്ടുകഴിഞ്ഞു. അതുപോലെതന്നെ പിന്നാലെ വന്ന ഭയവും നാശവും (Baptismal Instructions 10.26-27).
അവിഹിത സ്‌നേഹങ്ങള്‍ക്ക് അടിമയാകരുത്
അയാള്‍ തന്റെ രാജ്യത്തെ അത്രയധികം വിലമതിച്ചിരുന്നെങ്കിലും അത്രകണ്ടുതന്നെ അയാള്‍ വികാരങ്ങള്‍ക്കടിമയുമായിരുന്നതിനാല്‍ അവളുടെ നൃത്തത്തിനു പകരമായി അതു നല്‍കാന്‍ അയാള്‍ തയ്യാറാകുമായിരുന്നു. ഇതില്‍ അതിശയിക്കാനില്ല. എന്തെന്നാല്‍ ഇന്നും നിരവധിയാളുകള്‍ സത്യപ്രബോധനത്തില്‍ നിരന്തരം പരിശീലനം നേടിയിട്ടും തങ്ങളുടെ ആത്മാക്കളെ ചെറുപ്പക്കാരികളുടെ നൃത്തത്തിനുവേണ്ടി വിറ്റുകളയാറുണ്ട്. അവര്‍ തങ്ങളുടെ സുഖാനുഭൂതികള്‍ക്ക് അടിമകളായിത്തീരുകയും ചെന്നായ്ക്കള്‍ ചെമ്മരിയാട്ടിന്‍കുട്ടിയെ വലിച്ചിഴച്ചു കൊണ്ടുപോകുന്നതുപോലെ അവയാല്‍ എവിടേക്കെന്നില്ലാതെ നയിക്കപ്പെടുകയും ചെയ്യുന്നു (The Gospel of St.Matthew Homily 49).
ആണയിടലിന്റെ ദുരന്തങ്ങള്‍
നമ്മള്‍ ആണയിടാതിരിക്കുന്നതാണ് എപ്പോഴും സുരക്ഷിതം. അങ്ങനെ ചെയ്താല്‍ ഏതു കൊടുങ്കാറ്റ് ആഞ്ഞടിച്ചാലും നമ്മള്‍ വീഴാതെ പിടിച്ചുനില്‍ക്കും. കോപമോ അധിക്ഷേപമോ ദുര്‍വികാരമോ എന്തുതന്നെയുണ്ടായാലും ശപഥം ചെയ്തിട്ടില്ലെങ്കില്‍ ആത്മാവ് സുരക്ഷിതമായിരിക്കും. സന്ദര്‍ഭവശാല്‍ പറയരുതാത്ത വാക്കുകള്‍ പറഞ്ഞുപോയെന്നു തന്നെയിരിക്കട്ടെ, ശപഥമില്ലെങ്കില്‍ നമുക്കുമേല്‍ കടപ്പാടിന്റെ ഭാരമില്ല... ആണയിടല്‍ സാത്താന്റെ കെണിതന്നെയാണ്. ഈ കെട്ടുകളെ നമുക്ക് പൊട്ടിക്കാം. ശപഥം ചെയ്യുക സാധ്യമല്ലാത്ത ഒരു സ്ഥിതിയിലേക്ക് നമുക്ക് നമ്മെത്തന്നെയുയര്‍ത്താം (മത്താ 5,34.36; യാക്കോ 5,12) (The Acts of the Apostles, Homily 13).
ദുര്‍ബലനായ സ്വേച്ഛാധിപതി
സ്വേച്ഛാധിപതിയുടെ ദൗര്‍ബല്യവും തടവറയിലടക്കപ്പെട്ടവന്റെ ശക്തിയും തമ്മില്‍ താരതമ്യം ചെയ്യുക. സ്വന്തം നാവിനെ നിയന്ത്രിക്കാനുള്ള ശക്തിപോലും ഹേറോദേസിനുണ്ടായിരുന്നില്ല. വധിക്കപ്പെട്ട യോഹന്നാന്‍ ഹേറോദേസിനു ഭയകാരണമായി. യോഹന്നാന്‍ ഉയിര്‍ത്തെഴുന്നേറ്റ് അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്നു വിശ്വസിക്കത്തക്കവിധം അത്രയധികമായി ഭയം അയാളെ ഗ്രസിച്ചു (മര്‍ക്കോ 6,14-16). നമ്മുടെ കാലത്തും വരാനിരിക്കുന്ന കാലത്തും തന്നിലൂടെയും മറ്റുള്ളവരിലൂടെയും ലോകമെങ്ങും യോഹന്നാന്‍ ഹേറോദേസിനെ ഖണ്ഡിക്കുന്നതു നമുക്കു കേള്‍ക്കാം. കാരണം, സുവിശേഷം വായിക്കുന്ന ഓരോ മനുഷ്യനും പറയുന്നു: ''നിന്റെ സഹോദരനായ ഫിലിപ്പോസിന്റെ ഭാര്യയെ നീ സ്വന്തമാക്കുന്നത് നിഷിദ്ധമാണ്'' (മര്‍ക്കോ 6,18). കൂടാതെ, ഭവനങ്ങളിലെ സഭകളിലും കച്ചവടസ്ഥലത്തെ യോഗങ്ങളിലും, മറ്റെല്ലായിടത്തും ലോകത്തിന്റെ അതിര്‍ത്തികള്‍ വരെയും ഈ സ്വരം മുഴങ്ങുന്നത് നിങ്ങള്‍ കേള്‍ക്കും (സങ്കീ 48,10; ഏശ 52,10; മിക്കാ 5,4; അപ്പ 13,47; റോമ 18,10). സ്വേച്ഛാധിപതിയുടെ തിന്മയെ എതിര്‍ത്തുകൊണ്ട് നീതിമാന്‍ സ്വരമുയര്‍ത്തുന്നത് നിങ്ങള്‍ക്ക് ഇപ്പോഴും കേള്‍ക്കാനാവും. കാലം കടന്നുപോകുംതോറും ആ ശാസന നിശബ്ദമോ ദുര്‍ബലമോ ആവുകയില്ല (On the Providence of God 22.8-9).
മരണമെന്ന കിരീടം
തടവും ചങ്ങലയും ദുരിതംനിറഞ്ഞ മരണവും ഈ നീതിമാന് എന്ത് ഹാനി വരുത്തിവച്ചു? തന്റെ പ്രഘോഷണവും സഹനവും വഴി എത്രയോ അനുതാപികളെ എഴുന്നേറ്റുനില്‍ക്കാന്‍ അദ്ദേഹം സഹായിച്ചു! അതിനാല്‍, ''എന്തുകൊണ്ട് യോഹന്നാന്‍ കൊല്ലപ്പെട്ടു?'' എന്ന് വിസ്മയിക്കരുത്. എന്തെന്നാല്‍ അവിടെ സംഭവിച്ചത് മരണമല്ല, കിരീടധാരണമാണ്; അന്ത്യമല്ല, കൂടുതല്‍ മഹത്തായ ജീവിതത്തിന്റെ ആരംഭമാണ് (വെളി 2,10). മിശിഹായുടെ അനുയായിയെപ്പോലെ ജീവിക്കാനും ചിന്തിക്കാനും പരിശീലിക്കൂ. ഇത്തരം സംഭവങ്ങളില്‍ നിങ്ങള്‍ ചഞ്ചലരാവുകയില്ലെന്നു മാത്രമല്ല, വലിയ പ്രയോജനം ലഭിക്കുകയും ചെയ്യും (മത്താ 10,28) (On the Providence of God 22.10).
➤ അംബ്രോസ്: ഈയൊരു ദുഷ്പ്രവൃത്തിയില്‍ എത്രയോ തിന്മകള്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കാണുക. രാജകീയ ആഡംബരത്തോടെ ഒരു മരണവിരുന്ന് ~ഒരുക്കപ്പെട്ടു. സാധാരണയില്‍ക്കവിഞ്ഞ ആ സദസ്സിലേക്ക്, രാജ്ഞിയുടെ പുത്രി തന്റെ അറയില്‍നിന്നു സകലരുടെയും മുമ്പാകെ നൃത്തത്തിനായി കൊണ്ടുവരപ്പെട്ടു. വ്യഭിചാരിണിയായ ആ സ്ത്രീ മകളെ അടക്കമില്ലായ്മയല്ലാതെ മറ്റെന്താണ് പഠിപ്പിക്കുക? പ്രകൃതി ഒളിപ്പിച്ചിരിക്കുന്നതോ ആചാരമര്യാദകള്‍ തിരശീലയിട്ടിരിക്കുന്നതോ ആയ ശരീരഭാഗങ്ങള്‍ പ്രകടമാകത്തക്ക വിധത്തില്‍ അംഗവിക്ഷേപങ്ങള്‍ നടത്തുന്നതും കടക്കണ്ണെറിയുന്നതും കഴുത്തുചായ്ക്കുന്നതും മുടിക്കെട്ടഴിഞ്ഞുലയുന്നതും പോലെ കാമാസക്തിയെ അത്രയധികം ജ്വലിപ്പിക്കുന്ന മറ്റെന്തു പ്രവൃത്തിയാണുള്ളത്? (Concerning Virgins 3.6.27).
ദുഷിച്ച ശപഥം നിറവേറ്റേണ്ടതില്ല
നല്ല മനുഷ്യന്‍ സത്യസന്ധനും തുറവിയുള്ളവനും ആയിരിക്കും. വഞ്ചനയില്ലാത്ത സംസാരവും ഹൃദയപരമാര്‍ത്ഥതയും അവന്റെ മുഖമുദ്രയാണ്. അവന്‍ വാക്കുകള്‍കൊണ്ടു വഞ്ചിക്കുകയോ നീചമായ വാഗ്ദാനങ്ങള്‍ നല്‍കുകയോ ഇല്ല (സംഖ്യ 30,2). അങ്ങനെയൊരു ശപഥം നടത്തിയിട്ടുണ്ടെങ്കില്‍ അത് നിറവേറ്റാതിരിക്കുകയാണുചിതം. ആളുകള്‍ ചിലപ്പോള്‍ കഠിനമായ ശപഥം ചെയ്യുകയും തെറ്റിപ്പോയെന്നു ബോധ്യമായാലും ശപഥത്തെയോര്‍ത്ത് അതു നിറവേറ്റുകയും ചെയ്യാറുണ്ട്. ഹേറോദേസ് ചെയ്തത് അതാണ്. നര്‍ത്തകിക്കു നല്‍കിയ ലജ്ജാകരമായ വാഗ്ദാനം ക്രൂരതയിലൂടെ നിറവേറ്റി (Duties of the clergy 3.12. 76-77).
ഹേറോദേസിന്റെ ദുഃഖം
''രാജാവു ദുഃഖിച്ചു'' (മര്‍ക്കോ 6,25-28) എന്നെഴുതപ്പെട്ടിരിക്കുന്നത് അദ്ദേഹത്തിനുണ്ടായ നിര്‍വ്യാജമായ അനുതാപത്തെക്കുറിച്ചല്ല. തെറ്റുപറ്റിയെന്ന അദ്ദേഹത്തിന്റെ സമ്മതത്തെ സൂചിപ്പിക്കാനാണ്. തെറ്റുപറ്റിയവര്‍ സ്വന്തം വാക്കുകള്‍വഴി അതു സമ്മതിക്കുന്നത് ദൈവികപദ്ധതിയാണ്. ''തന്റെ ശപഥത്തെയും അതിഥികളെയുംപ്രതി'' എന്നു കൂട്ടിച്ചേര്‍ത്തിരിക്കുന്നല്ലോ. വാസ്തവത്തില്‍, തന്റെ അതിഥികളെ അപ്രീതിപ്പെടുത്താതിരിക്കാനായി കൊലപാതകം ചെയ്യുന്നതിനെക്കാള്‍ ദുഷിച്ച പ്രവൃത്തി മറ്റേതാണുള്ളത്? (Concerning Virgins 3.6.28)..
തിടുക്കത്തിലുള്ള ശപഥത്തിന്റെ കെടുതികള്‍
ഒരു നൃത്തത്തിനു പ്രതിഫലമായി രാജ്യം വാഗ്ദാനം ചെയ്തത് ഹീനമാണ്. ഒരു ശപഥത്തെപ്രതി ഒരു പ്രവാചകന്‍ ബലിനല്‍കപ്പെട്ടത് ക്രൂരവുമാണ് (Duties of the clergy 3.12.77).
യോഹന്നാന്റെ നാവ് നിശബ്ദമായില്ല
കിരാതനായ രാജാവേ, നിന്റെ വിരുന്നിന്റെ ദൃശ്യം നീ കണ്ടാലും. നിന്റെ വലതുകരം നീട്ടി അതിന്റെ വിരലുകള്‍ക്കിടയിലൂടെ ഒഴുകിയിറങ്ങുന്ന വിശുദ്ധരക്തം കാണുക. കടുത്ത ക്രൂരതയാണ് നീ കാട്ടിയത്. കേട്ടുകേള്‍വിയില്ലാത്ത ഇത്തരം ക്രൂരതകള്‍ക്കുവേണ്ടിയുള്ള വിശപ്പ് വിരുന്നുകള്‍കൊണ്ടോ, ദാഹം വീഞ്ഞുകോപ്പകള്‍ കൊണ്ടോ ശമിക്കുകയില്ല. വിച്ഛേദിക്കപ്പെട്ട ആ ശിരസില്‍നിന്നു വീഴുന്ന രക്തം കുടിച്ചുകൊണ്ടിരിക്കുന്ന നീ ആ കണ്ണുകളിലേക്കു നോക്കുക. അതടഞ്ഞത് മരണത്തിന്റെ സ്പര്‍ശത്താലല്ല. ധൂര്‍ത്തും ആഡംബരവും കാണാതെ അടച്ചതാണ്. നിന്റെ ആസ്വാദ്യവിഭവങ്ങള്‍ക്കു നേരെ ആ കണ്ണുകള്‍ അടഞ്ഞിരിക്കുന്നു. നിനക്ക് അസഹ്യമായിത്തോന്നിയ വാക്കുകള്‍ ഉച്ചരിച്ച ആ സുവര്‍ണ്ണ നാവ് ഇപ്പോള്‍ രക്തരഹിതമായി നിശ്ചലമായിരിക്കുന്നെങ്കിലും ഭയകാരണമാണ്. ജീവിച്ചിരുന്നപ്പോള്‍ ചെയ്ത ദൗത്യം തുടര്‍ന്നുകൊണ്ട് അത് കാമാസക്തിയെ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുന്നു (Concerning Virgins 3.6.30).
ഹോറോദിയായുടെ നൈമിഷികവിജയം
യോഹന്നാന്റെ വിച്ഛേദിക്കപ്പെട്ട ശിരസ്സ് ഹേറോദിയായ്ക്കു നല്‍കപ്പെട്ടു. അവള്‍ അത്യധികം സന്തോഷിക്കുകയും ആനന്ദിക്കുകയും ചെയ്തു. ന്യായാധിപനെ വധിച്ചതുകൊണ്ട് കുറ്റകൃത്യത്തില്‍നിന്നു രക്ഷപെട്ടെന്ന് അവള്‍ കരുതി. അല്ലയോ വിശുദ്ധ സ്ത്രീകളേ, നിങ്ങളുടെ പുത്രിമാരെ എന്തു പഠിപ്പിക്കണമെന്നും എന്തു പഠിപ്പിക്കരുതെന്നും നിങ്ങള്‍ മനസ്സിലാക്കുവിന്‍ (Concerning Virgins 3.6.30-31).
➤ ആഗസ്തീനോസ്:
നൃത്തം വയ്ക്കുന്ന പെണ്‍കുട്ടി. കോപിഷ്ഠയായ അമ്മ. വിഭവസമൃദ്ധമായ വിരുന്നിനിടയില്‍ ശപഥം ചെയ്യപ്പെടുന്നു. ചെയ്ത ശപഥം നിഷ്ഠൂരമായി നിറവേറ്റപ്പെടുന്നു (Harmony of the Gospels 2.33).
➤ ബീഡ്:
ഒരേസമയം മൂന്നു തിന്‍മകള്‍ അവിടെ സംഭവിച്ചു. ഒന്ന്, അതിരുവിട്ട ഒരു ജന്മദിനാഘോഷം. രണ്ട് പെണ്‍കുട്ടിയുടെ വശീകരിക്കുന്ന നൃത്തം; മൂന്ന് രാജാവിന്റെ വീണ്ടുവിചാരമില്ലാത്ത ശപഥം. ഹേറോദേസിന്റെമേല്‍ പതിച്ച കുടുക്ക് ഇപ്രകാരമായിരുന്നു: ഒന്നുകില്‍ ശപഥം പിന്‍വലിക്കുക: അല്ലെങ്കില്‍ ശപഥപ്രകാരം മറ്റൊരു ദുഷ്‌കൃത്യം കൂടി ചെയ്യുക.
നമ്മുടെ തിടുക്കത്തിലുള്ള ശപഥം മൂലം നിര്‍ഭാഗ്യകരമായ പരിണതഫലം ഉള്‍ക്കൊള്ളുന്ന ഒരു പ്രവൃത്തി ചെയ്യേണ്ടിവരുമെന്ന ഘട്ടത്തില്‍ കൂടുതല്‍ ജ്ഞാനിയായ ഒരുവന്റെ ഉപദേശം സ്വീകരിച്ച് കാര്യങ്ങളുടെ ഗതി മാറ്റേണ്ടതാണ്. ശപഥം പാലിക്കാന്‍വേണ്ടി ഗൗരവമായ ഒരു കുറ്റം ചെയ്യുന്നതിനെക്കാള്‍ ശപഥം പിന്‍വലിക്കുകയാണ് അത്യാവശ്യമായിരിക്കുന്നത്.
നാബാല്‍ എന്ന ദുഷ്ടനും ഭോഷനുമായ മനുഷ്യനെ വധിച്ച് അവന്റെ വസ്തുവകകള്‍ നശിപ്പിക്കുമെന്ന് ദാവീദ് കര്‍ത്താവിനെപ്രതി ശപഥം ചെയ്തു. എന്നാല്‍ അബിഗായില്‍ എന്ന വിവേകം നിറഞ്ഞ സ്ത്രീയുടെ അപേക്ഷയാല്‍ അദ്ദേഹം ശപഥം പിന്‍വലിക്കുകയും വാള്‍ അതിന്റെ ഉറയിലിടുകയും ചെയ്തു.
ഇപ്രകാരം ശപഥം പിന്‍വലിച്ചതില്‍ താന്‍ കുറ്റക്കാരനാണെന്ന് ദാവീദ് കരുതിയില്ല (1 സാമു 25,2-39). ഹേറോദേസ് അതിഥികള്‍ക്കു മുമ്പില്‍ അപമാനം ഭയന്ന് ശപഥം പിന്‍വലിക്കാന്‍ കൂട്ടാക്കിയില്ല. എന്നാല്‍ നൃത്തത്തിനുള്ള സമ്മാനമായി ഒരു പ്രവാചകന്റെ ശിരച്ഛേദം നടത്തിക്കൊണ്ട് വിരുന്നിന് കളങ്കം ചാര്‍ത്തി (Exposition on the Gospel of Mark 2:23).
ചെറിയ തെറ്റ് വലുതിലേക്കു നയിക്കുന്നു
സ്ത്രീയോടുള്ള അഭിനിവേശം ഹേറോദേസിനെ കീഴടക്കിക്കളഞ്ഞു. വിശുദ്ധനും നീതിമാനുമായ ഒരുവന്റെമേല്‍ കൈവയ്ക്കാന്‍ അവള്‍ അവനെ പ്രേരിപ്പിച്ചു. വിഷയാസക്തിയെ നിയന്ത്രിക്കാന്‍ മനസ്സാകാത്തവന്‍ നരഹത്യയിലേക്കു വീണു. ഒരു പാപം ഗൗരവമായ മറ്റൊരു പാപത്തിന് അവസരമായിത്തീര്‍ന്നു. തനിക്ക് നിഷിദ്ധമാണെന്നറിഞ്ഞിട്ടും വ്യഭിചാരിണിയായ ഒരുവളോട് ആസക്തി വച്ചുപുലര്‍ത്തിയതിനാല്‍ ദൈവത്തെ പ്രസാദിപ്പിച്ച ഒരു പ്രവാചകന്റെ രക്തം ചിന്തുന്നതിന് അയാള്‍ കാരണക്കാരനായി. സ്വതവേ വിശുദ്ധനായിരുന്ന യോഹന്നാന്‍ അതിന്റെ പൂര്‍ണ്ണതയിലെത്തി. സുവിശേഷം പ്രചരിപ്പിച്ച അദ്ദേഹം രക്തസാക്ഷിത്വത്തിന്റെ പ്രതിഫലം നേടി (Exposition on the Gospel of Mark 2:23).
➤ പീറ്റര്‍ ക്രിസോലോഗസ്:
പുരാതനമായ ആ ദുരാഗ്രഹി സര്‍പ്പം ദാഹിച്ചു കാത്തിരുന്നത് എന്താണോ, യജമാനന്റെ ആ പീഡാസഹനത്തിന്റെ രുചി, ദാസന്റെ ശിരച്ഛേദത്തില്‍ ആസ്വദിച്ചു (Sermons 174).
♦️ വചനഭാഗം: അയ്യായിരം പേരെ പോറ്റുന്നു - വിശുദ്ധ മര്‍ക്കോസ് 6:30-44 (മത്താ 14,13-21) (ലൂക്കാ 9,10-17) (യോഹ 6,1-14).
30 ശ്ലീഹന്മാര്‍ ഈശോയുടെ അടുത്ത് ഒരുമിച്ചുകൂടി, തങ്ങള്‍ ചെയ്തതും പഠിപ്പിച്ചതും അറിയിച്ചു. 31 അനേകം ആളുകള്‍ അവിടെ വരുകയും പോകുകയും ചെയ്തിരുന്നു. ഭക്ഷണം കഴിക്കാന്‍പോലും അവര്‍ക്ക് ഒഴിവു കിട്ടിയിരുന്നില്ല. അതിനാല്‍ അവന്‍ പറഞ്ഞു: നിങ്ങള്‍ ഒരു വിജനസ്ഥലത്തേക്കു വരുവിന്‍; അല്‍പം വിശ്രമിക്കാം. 32 അവര്‍ വഞ്ചിയില്‍ കയറി ഒരു വിജനസ്ഥലത്തേക്കു പോയി. 33 പലരും അവരെ കാണുകയും തിരിച്ചറിയുകയും ചെയ്തു. എല്ലാ പട്ടണങ്ങളിലുംനിന്ന് ജനങ്ങള്‍ കര വഴി ഓടി അവര്‍ക്കു മുമ്പേ അവിടെയെത്തി. 34 അവന്‍ കരയ്ക്കിറങ്ങിയപ്പോള്‍ വലിയ ഒരു ജനക്കൂട്ടത്തെ കണ്ടു. അവരോട് അവന് അനുകമ്പ തോന്നി. കാരണം, അവര്‍ ഇടയനില്ലാത്ത ആട്ടിന്‍പറ്റംപോലെ ആയിരുന്നു. അവന്‍ അവരെ പല കാര്യങ്ങളും പഠിപ്പിക്കാന്‍ തുടങ്ങി. 35 നേരം വൈകിയപ്പോള്‍ ശിഷ്യന്‍മാര്‍ അവന്റെയടുത്തു വന്നു പറഞ്ഞു: ഇത് ഒരു വിജനപ്രദേശമാണല്ലോ.
സമയവും വൈകിയിരിക്കുന്നു. 36 ചുറ്റുമുള്ള നാട്ടിന്‍പുറങ്ങളിലും ഗ്രാമങ്ങളിലും ചെന്ന്, എന്തെങ്കിലും വാങ്ങി ഭക്ഷിക്കാന്‍ അവരെ പറഞ്ഞയയ്ക്കുക. 37 അവന്‍ പ്രതിവചിച്ചു: നിങ്ങള്‍തന്നെ അവര്‍ക്കു ഭക്ഷിക്കാന്‍ കൊടുക്കുവിന്‍. അവര്‍ പറഞ്ഞു: ഞങ്ങള്‍ ചെന്ന്, ഇരുന്നൂറു ദനാറയ്ക്ക് അപ്പം വാങ്ങിക്കൊണ്ടുവന്ന് അവര്‍ക്കു ഭക്ഷിക്കാന്‍ കൊടുക്കട്ടെയോ? 38 അവന്‍ ചോദിച്ചു: നിങ്ങളുടെ കൈവശം എത്ര അപ്പം ഉണ്ട്? ചെന്നുനോക്കുവിന്‍. അവര്‍ ചെന്നു നോക്കിയിട്ടു പറഞ്ഞു: അഞ്ച് അപ്പവും രണ്ടു മീനും. 39 പുല്‍ത്തകിടിയില്‍ കൂട്ടംകൂട്ടമായി ഇരിക്കാന്‍ അവന്‍ ജനങ്ങള്‍ക്കു നിര്‍ദേശം നല്കി. 40 നൂറും അന്‍പതും വീതമുള്ള കൂട്ടങ്ങളായി അവര്‍ ഇരുന്നു. 41 അവന്‍ അഞ്ചപ്പവും രണ്ടു മീനും എടുത്ത് സ്വര്‍ഗത്തിലേക്കു നോക്കി, കൃതജ്ഞതാസ്‌തോത്രം ചെയ്ത് അപ്പം മുറിച്ചതിനുശേഷം ജനങ്ങള്‍ക്കു വിളമ്പാന്‍ ശിഷ്യന്‍മാരെ ഏല്‍പിച്ചു. ആ രണ്ടു മീനും അവന്‍ എല്ലാവര്‍ക്കുമായി വിഭജിച്ചു. 42 അവരെല്ലാവരും ഭക്ഷിച്ചു തൃപ്തരായി. 43 ബാക്കിവന്ന അപ്പക്കഷണങ്ങളും മീനും പന്ത്രണ്ടു കുട്ട നിറയെ അവര്‍ ശേഖരിച്ചു. 44 അപ്പം ഭക്ഷിച്ചവര്‍ അയ്യായിരം പുരുഷന്‍മാരായിരുന്നു.
***************************************************************
➤ ബീഡ്:
പഠിപ്പിച്ചിരുന്നവരുടെ കഠിനാദ്ധ്വാനവും അദ്ധ്യേതാക്കളുടെ അത്യുത്സാഹവുമായിരുന്നു അക്കാലത്തെ സൗഭാഗ്യം. നമ്മുടെ കാലത്തും ഇത്തരത്തില്‍ വിശ്വസ്തരായ ശ്രോതാക്കള്‍ ഒരുമിച്ചുകൂടുകയും വചനത്തിന്റെ ശുശ്രൂഷകര്‍ക്ക് വിശ്രമത്തിനിടം ലഭിക്കത്തക്കവിധം അവരെ വലയം ചെയ്യുകയും ചെയ്തിരുന്നെങ്കില്‍! (Exposition on the Gospel of Mark 2.6).
വചനം മുറിച്ചുനല്‍കുന്നു
അവന്‍ അഞ്ചപ്പവും രണ്ടു മീനും മുറിച്ച് ശിഷ്യര്‍ക്കു വിതരണം ചെയ്തപ്പോള്‍ തന്നെക്കുറിച്ച് മോശയുടെ നിയമത്തിലും പ്രവാചകരിലും സങ്കീര്‍ത്തനങ്ങളിലും എഴുതപ്പെട്ടിരുന്നവയെല്ലാം ഗ്രഹിക്കത്തക്കവിധത്തില്‍ അവരുടെ ഹൃദയം തുറന്നു നല്കുകയും ചെയ്തു (ലൂക്കാ 24,44-45) (Exposition on the Gospel of Mark 2.2).
➤ ജറോമിന്റെ പേരിലറിയപ്പെടുന്ന കൃതി:
ജീവന്റെ അപ്പം വിലമതിക്കപ്പെടുന്നത് അലസരാലോ ലോകത്തിന്റെ സുഖബഹുമതികളാല്‍ വലയം ചെയ്യപ്പെട്ട് ജനനിബിഡ നഗരങ്ങളില്‍ വസിക്കുന്നവരാലോ അല്ല. ''മരുഭൂമിയില്‍'' (മത്താ 14,13; മര്‍ക്കോ 6,31-35; ലൂക്കാ 4,42; 9.10; ഹെബ്രാ 13,13-14) മിശിഹായെ തേടുന്നവര്‍ക്കാണ് അത് നല്‍കപ്പെടുന്നത് (Homily on the Song of Songs 5).
➤ ക്രിസോസ്‌തോം:
പ്രദേശം വിജനമാണെങ്കിലും ലോകത്തെ മുഴുവന്‍ തീറ്റിപ്പോറ്റുന്നവന്‍ സന്നിഹിതനാണ് (യോഹ 6,35-51). നേരം വൈകിയിരിക്കുന്നെങ്കിലും സമയത്തിനതീതനായവന്‍ നിങ്ങളോട് സംസാരിച്ചുകൊണ്ടിരിക്കുന്നു (The Gospel of St. Matthew 58).
➤ നസിയാന്‍സിലെ ഗ്രിഗറി:
മനുഷ്യനെന്ന നിലയില്‍ അവിടുന്ന് പ്രലോഭിപ്പിക്കപ്പെട്ടു: ദൈവമെന്ന നിലയില്‍ വിജയശ്രീലാളിതനായി പുറത്തുവന്നു (മത്താ 4,1-11; മര്‍ക്കോ 1,12-13, ലൂക്കാ 4,1-13). അതെ, താന്‍ ലോകത്തെ കീഴടക്കിയിരിക്കുന്നതിനാല്‍ നമ്മള്‍ സന്തുഷ്ടരായിരിക്കണമെന്ന് അവിടുന്ന് പറഞ്ഞു (യോഹ 16,33). അവന് വിശന്നു (മത്താ 4,2; ലൂക്കാ 4,2). എങ്കിലും ആയിരങ്ങള്‍ക്ക് ഭക്ഷണമേകി (മത്താ 14,20-21; 15,37-38; മര്‍ക്കോ 6,42-44; 8,6-9). അവിടുന്ന് ''ജീവനുള്ള, സ്വര്‍ഗീയ അപ്പമാണ്'' (യോഹ 6,51). അവിടുത്തേക്കു ദാഹിച്ചു (യോഹ 19,28). എങ്കിലും അവിടുന്ന് ഉറപ്പിച്ചുപറഞ്ഞു ''ആര്‍ക്കെങ്കിലും ദാഹിക്കുന്നെങ്കില്‍ അവന്‍ എന്റെയടുക്കല്‍ വന്നു കുടിക്കട്ടെ'' (യോഹ 7,37). വിശ്വസിക്കുന്നവന്‍ (ജീവന്റെ) ഉറവയായിത്തീരുമെന്നുപോലും അവിടുന്ന് പറഞ്ഞു (യോഹ 7,38) (Oration 29, On the Son 20).
➤ സൈറസിലെ തിയോഡൊറേറ്റ്:
മനുഷ്യാവതാരം ഒരു മായക്കാഴ്ച മാത്രമാണെങ്കില്‍ നമ്മുടെ രക്ഷ ഭ്രമകല്‍പന മാത്രമായി അവശേഷിക്കും. മിശിഹാ ഒരേസമയം ദൃശ്യമനുഷ്യനും അദൃശ്യദൈവവുമായിരുന്നു. മനുഷ്യനെന്ന നിലയില്‍ നമ്മെപ്പോലെ അവന്‍ ഭക്ഷിച്ചു. തന്റെ മാനുഷികതയില്‍ നമ്മുടേതിനു തുല്യമായ വികാരങ്ങള്‍ അവന്‍ സ്വന്തമാക്കി (ഹെബ്രാ 4,15).
ദൈവമെന്ന നിലയില്‍ അഞ്ചപ്പംകൊണ്ട് അയ്യായിരംപേരെ തീറ്റിപ്പോറ്റി (മത്താ 14,17-21; മര്‍ക്കോ 6,38-44; ലൂക്കാ 9,14-17; യോഹ 6,10-13). മനുഷ്യനെന്ന നിലയില്‍ അവന്‍ സത്യമായും മരിച്ചു (മത്താ 27,50; മര്‍ക്കോ 15,37; ലൂക്കാ 23,46; യോഹ 19,30) മരണമടഞ്ഞവനെ ദൈവമെന്ന നിലയില്‍ ഈശോ നാലാം ദിവസം ഉയിര്‍പ്പിച്ചു (യോഹ 11,39-44). മനുഷ്യനെന്ന നിലയില്‍ വഞ്ചിയില്‍വച്ച് അവന്‍ ഉറങ്ങി (മത്താ 8,24; മര്‍ക്കോ 4,38; ലൂക്കാ 8,23). ദൈവമായ അവിടുന്ന് വെള്ളത്തിനു മീതെ നടന്നു (മത്താ 14,25; മര്‍ക്കോ 6,48; യോഹ 6,19) (Dialogues 2).
➤ പ്രൂഡന്‍ഷ്യസ്:
നാഥനു ചുറ്റും നഗരം മറന്ന്
നാടുംമറന്ന്, കോട്ടകള്‍, കുടിലുകള്‍
ചന്തയും ചുങ്കസ്ഥലവും വിട്ട്,
തിങ്ങിക്കൂടിയ വന്‍ ജനാവലി
വിശപ്പിനെച്ചൊല്ലി വിട്ടുപിരിയാതെ,
വചനത്തിന്‍ വിരുന്നുണ്ടു കഴിയവേ,
അവര്‍ക്കുമുന്നില്‍ വിളമ്പുവാന്‍ കല്‍പിച്ചു
അഞ്ചപ്പങ്ങളും കൂടെ രണ്ടുമീനും
(മര്‍ക്കോ 6,38-24)
സമതലത്തില്‍ സമന്മാരേപ്പോലെ
നൂറിന്റെ ഗണങ്ങളായിരിക്കുന്നു ജനക്കൂട്ടം
അഞ്ചപ്പവും രണ്ടുമീനും ഭക്ഷിക്കുവാന്‍
വര്‍ദ്ധിപ്പിക്കുന്നീശോ ഭക്ഷ്യപദാര്‍ത്ഥങ്ങളെ
അവന്‍ ദൈവമാണെന്നറിയുകയിതിനാല്‍ നിങ്ങള്‍ (A Hymn on the Trinity)..
➤ ഒരിജന്‍:
''ജഡമെല്ലാം തൃണം മാത്രം'' (ഏശ 40,6) എന്ന് ഏശയാ പ്രവാചകനാല്‍ പറയപ്പെട്ടിരിക്കുന്നതിനാലാണ് ആളുകളെ പുല്‍ത്തകിടിയിലിരുത്താന്‍ ഈശോ കല്‍പിച്ചതെന്ന് ഞാന്‍ കരുതുന്നു. ജഡത്തിന്റെ താന്‍പോരിമയെ താഴ്ത്തുന്നതിനും എളിമപ്പെടുത്തുന്നതിനുമായാണ് ഇത് ചെയ്തത്. അതുവഴി ഈശോ ആശീര്‍വദിച്ച അപ്പത്തില്‍ എല്ലാവരും പങ്കുചേരണം(Commentary on Matthew 11:3)..
ഗണങ്ങളായിത്തിരിക്കുന്നു
നൂറിന്റെയും അമ്പതിന്റെയും ഗണങ്ങളായി ആളുകളെയിരുത്തിയതിനു കാരണം ഈശോയുടെ വചനങ്ങളില്‍നിന്നു ഒരേ തരത്തിലുള്ള പോഷണമല്ല എല്ലാവര്‍ക്കും ലഭിച്ചത് എന്നതാണ് (മര്‍ക്കോ 6,39-40). നൂറ് അതിന്റെ പൂര്‍ണ്ണതയാല്‍ ദൈവികമായ ഒരു സംഖ്യയാണ്. അമ്പതാകട്ടെ പാപമോചനാര്‍ത്ഥമുള്ള ജൂബിലിവര്‍ഷത്തെയും പന്തക്കുസ്തായുടെ തിരുനാളിനെയും സൂചിപ്പിക്കുന്നു (ലേവ്യ 25,10; തോബിത് 2:1 നടപടി 2,1) (Commentary on Matthew 11.3).
➤ ബീഡ്:
അപ്പം വര്‍ദ്ധിപ്പിക്കുന്ന അവസരത്തിലും അവിടുന്ന് കൃതജ്ഞതയര്‍പ്പിച്ചു. നമ്മള്‍ സ്വീകരിക്കുന്ന എല്ലാ സ്വര്‍ഗീയദാനങ്ങള്‍ക്കും നന്ദി പ്രകാശിപ്പിക്കണമെന്ന് നമ്മെ പഠിപ്പിക്കുന്നതിനാണിത്. നമ്മുടെ ആത്മീയപോഷണത്തില്‍ അവിടുന്ന് എത്രയധികം സന്തോഷിക്കുന്നുവെന്ന് വ്യക്തമാക്കാനും ഈശോ ആഗ്രഹിച്ചു (Exposition on the Gospel of Mark 2.2)
അപ്രസക്തങ്ങളെ പ്രസക്തമാക്കുന്നു
നിസ്സാരങ്ങളും അവഗണിക്കപ്പെട്ടവയും എങ്ങനെ ഫലം ചൂടുന്നുവെന്ന് പരിശുദ്ധാരൂപിയുടെ പ്രവര്‍ത്തനത്താല്‍ അവിടുന്ന് വ്യക്തമാക്കുന്നു. ശ്ലീഹന്മാരും അവരുടെ പിന്‍ഗാമികളുംവഴി ഇവ ജനതകള്‍ക്കു പരികര്‍മ്മം ചെയ്യപ്പെടാന്‍ അവിടുന്ന് തിരുമനസ്സായി. നമ്മുടെ കര്‍ത്താവ് അപ്പവും മീനും വര്‍ദ്ധിപ്പിച്ച് ശിഷ്യന്മാരെ ഏല്പിച്ചുവെന്നും അവര്‍ അത് ജനങ്ങള്‍ക്കു വിളമ്പിയെന്നും നമ്മള്‍ വായിക്കുന്നു (മത്താ 14,19; മര്‍ക്കോ 6,41; ലൂക്കാ 9,16). മനുഷ്യരക്ഷയുടെ ദിവ്യരഹസ്യം മിശിഹായില്‍ പ്രഖ്യാപിക്കപ്പെട്ടുവെങ്കിലും അവനില്‍നിന്ന് അത് ശ്രവിച്ചവരാണ് നമ്മില്‍ അത് സ്ഥിരീകരിച്ചത്. മോശയുടെ നിയമത്തിലും പ്രവാചകരിലും സങ്കീര്‍ത്തനങ്ങളിലും തന്നെക്കുറിച്ച് എഴുതപ്പെട്ടവയെല്ലാം ഗ്രഹിക്കാന്‍ അവരുടെ മനസ്സുകളെ തുറന്നുകൊണ്ടാണ് ഈശോ അപ്പവും മീനും വിഭജിച്ച് ശിഷ്യരെ ഏല്‍പിച്ചത് (ലൂക്കാ 24,44-45) (Exposition on the Gospel of Mark 2.2).
അയ്യായിരംപേര്‍
പുരാതന മനുഷ്യന് എണ്ണാന്‍ പറ്റുന്ന പരമമായ സംഖ്യ ആയിരമായിരുന്നു. അതുകൊണ്ട് അത് പൂര്‍ണ്ണതയെ കുറിക്കുന്നു. അഞ്ച് ശരീരത്തിലെ പഞ്ചേന്ദ്രിയങ്ങളെ സൂചിപ്പിക്കുന്നു. അയ്യായിരം എന്ന സംഖ്യയുടെ ആത്മീയാര്‍ത്ഥം ഇതാണ്: ശാന്തതയോടെയും നീതിയോടെയും ഭക്തിയോടെയും ധീരമായ ജീവിതം നയിക്കുന്നവര്‍ക്ക് സ്വര്‍ഗീയ ജ്ഞാനത്തിന്റെ മാധുര്യത്താല്‍ മിശിഹാ നവോന്മേഷം നല്‍കുന്നു (Exposition on the Gospel of Mark 2,2).
➤ അപ്രേം: അവിടുത്തെ സൃഷ്ടിപരത എവിടെയും കലര്‍ന്നിരിക്കുന്നുവെന്ന് കാണുവിന്‍. നമ്മുടെ കര്‍ത്താവ് ഒരു ചെറിയ അപ്പം കണ്ണിമയ്ക്കുന്നത്ര നേരംകൊണ്ട് വര്‍ദ്ധിപ്പിച്ചു. ആളുകള്‍ പത്തുമാസത്തെ കഠിനാദ്ധ്വാനംകൊണ്ട് നേടുന്നത് അവിടുന്ന് പത്തുവിരലുകള്‍കൊണ്ട് ഞൊടിയിടയില്‍ നേടി. അവന്‍ തന്റെ കരങ്ങള്‍ അപ്പത്തിനു കീഴില്‍ ഭൂമിയെന്ന മട്ടില്‍ വച്ചു. അതിന്മേല്‍ ഇടിമുഴക്കമെന്നപോലെ വാക്കുകളുച്ചരിച്ചു. അവിടുത്തെ സ്വരം അതിനെ മഴകൊണ്ടെന്നപോലെ നനച്ചു.
അവിടുത്തെ നിശ്വാസം സൂര്യപ്രകാശ സമാനമായിരുന്നു. സുദീര്‍ഘമായ ഈ പ്രക്രിയകള്‍ നിമിഷനേരംകൊണ്ടു കഴിഞ്ഞു. ആ ചെറിയ അപ്പം വിസ്മരിക്കപ്പെടത്തക്കവിധത്തില്‍ അതില്‍ നിന്നു സമൃദ്ധിയുണ്ടായി. ''ഭൂമിയില്‍ നിറഞ്ഞുപെരുകി അതിനെ കീഴടക്കുവിന്‍'' (ഉത്പ 1,28) എന്ന ആദ്യത്തെ അനുഗ്രഹത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു. വന്ധ്യയെപ്പോലെയും പ്രസവിക്കാത്ത സ്ത്രീയെപ്പോലെയും ആയിരുന്ന ആ അപ്പങ്ങള്‍ അവന്റെ ആശീര്‍വാദത്താല്‍ ഫലപുഷ്ടി സ്വീകരിച്ചു. അതില്‍നിന്ന് ഉരുവായ അപ്പക്കഷണങ്ങള്‍ അനേകായിരങ്ങളായിരുന്നു (Commentary on Tatian's Diatessaron)..
➤ പ്രൂഡന്‍ഷ്യസ്:
ഞങ്ങളുടെ അപ്പമേ,
നീ ഞങ്ങള്‍ക്കു സത്യപോഷണവും
നിത്യമധുരവുമാകുന്നു (യോഹ 6,56).
നിന്റെ വിരുന്നിനാല്‍ പോറ്റപ്പെടുവോര്‍
വിശപ്പെന്തെന്നറിയില്ലിനിമേല്‍ (യോഹ 6,35).
മാംസത്തെ പോഷിപ്പിക്കുകയല്ല നീ, പിന്നെയോ, പകരുന്നു
ഞങ്ങളില്‍ നിത്യജീവന്‍ (യോഹ 6,51-52).
രോഗങ്ങളെല്ലാമടങ്ങുന്നു, നിരുത്സാഹം
നിര്‍ജീവത്വമിവ വിട്ടകലുന്നിപ്പോള്‍
(ലൂക്കാ 6,18-19).
നിശബ്ദതയുടെ ചങ്ങലകളാല്‍
സുദീര്‍ഘദിനങ്ങള്‍
ചുറ്റിവരിയപ്പെട്ടു കിടന്നതാം നാവുകള്‍
കെട്ടഴിഞ്ഞു സംസാരിക്കുന്നിതാ
സ്ഫുടമായ് (മര്‍ക്കോ 7,35).
തെരുവീഥിയിലൂടെ
തന്‍ശയ്യയുമെടുത്തു ശീഘ്രം,
നീങ്ങുന്നു മോദാല്‍ തളര്‍വാതരോഗി
(മത്താ 9,6-7; യോഹ 5,9) (Hymns 9).
സ്രഷ്ടാവിന്റെ വിരുന്ന്
വിരുന്നു കഴിഞ്ഞിട്ടും,
വിഭവങ്ങള്‍ കവിയുന്നു;
വക്കോളം നിറയ്ക്കുന്നു
പന്ത്രണ്ടു കുട്ടകളവര്‍.
നിറഞ്ഞ വയറുമായൊരു കുട്ടി വിയര്‍ക്കെ,
ഭക്ഷണഭാരവുമായി നില്‍പ്പൂ വിളമ്പുകാരും.
നമ്മെ മെനഞ്ഞവനും
നന്നായി പോറ്റുവോനും
ഇല്ലായ്മയില്‍ നിന്നുമീ
പ്രപഞ്ചത്തെ വിരിയിച്ചവനുമാം
ദൈവത്തിനല്ലാതെയാര്‍ക്കാനുമാവുമോ, തുച്ഛമാം വിഭവങ്ങളാലിത്ര
ബൃഹത്താം വിരുന്നൊരുക്കുവാന്‍!
വിത്തൊന്നുമില്ലാതെതന്നെ
പ്രപഞ്ചത്തെ മെനഞ്ഞവനവന്‍
ശില്‍പി ഉരുക്കിയെടുത്തതാ-
മീയത്തില്‍നിന്നുമുറപ്പുള്ള ശില്‍പങ്ങള്‍, സൃഷ്ടിച്ചെടുക്കുന്നതുപോലല്ലിത്.
ഇപ്പൊഴീക്കാണുന്നതൊക്കെയു-
മില്ലായ്മയായിരുന്നു.
ഉണ്‍മയിലേക്കാദ്യം കൊണ്ടുവന്നിവയെ, പിന്നെ വളര്‍ത്തി. ആദ്യസൃഷ്ടിയെത്ര ചെറുതായിരുന്നുവെന്നറിയുമോ?
അതില്‍നിന്നു വന്നതാണീ
ഭീമമാം പ്രപഞ്ചം
അതിനാലെനിക്കില്ലത്ഭുതം തെല്ലു-
മവന്റെ കൈകളാല്‍ അല്പമാമാഹാരം അത്യധികമായി വര്‍ദ്ധിച്ചതില്‍.
മാനവര്‍ ഭക്ഷിച്ചു
തികഞ്ഞതില്‍ മിച്ചമാം കഷണങ്ങള്‍
ചവിട്ടിത്തേച്ചു കളയാതെ നോക്കാനും, കൂടാതെ, നായ്ക്കും നരിക്കും
പിന്നെയീ ചെറുചുണ്ടെലികള്‍ക്കും
എച്ചിലായ്ത്തീരാതെ,
കുട്ടകള്‍ നിറയെ ശേഖരിക്കാനും
പന്ത്രണ്ടുപേരെയേല്‍പിച്ചു ചുമതല.
മിശിഹാതന്‍ ദാനങ്ങളെമ്പാടും
വിതരണം ചെയ്യുവാന്‍
സൂക്ഷിച്ചുവയ്ക്കണം!
(A Hymn on the Trinity).
---------********* (....തുടരും).
▛ ** സുവിശേഷ ഭാഗങ്ങളെ കുറിച്ചുള്ള സഭാപിതാക്കന്മാരുടെ വിശദീകരണം 'പ്രവാചകശബ്ദ'ത്തിൽ | ലേഖനപരമ്പര മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്‌ചകളിൽ.
(കടപ്പാട്. ഫാ. ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍).
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | സ്നാപകന്റെ പ്രഭാഷണം | വിശുദ്ധ മര്‍ക്കോസ് | ഭാഗം 01
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് | ഭാഗം 02
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 12-20 | ഭാഗം 03
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 21-34 | ഭാഗം 04
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 35-45 | ഭാഗം 05
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 2: 1-12 | ഭാഗം 06
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 2: 13-22 | ഭാഗം 07
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 2: 23-28, 3;1-6 | ഭാഗം 08
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 3: 7-30 | ഭാഗം 09
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 3: 31-35; 4:1-20 | ഭാഗം 10
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 4: 21-34 | ഭാഗം 11
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 4: 35-41 | ഭാഗം 12
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 5: 1-43 | ഭാഗം 13
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 6: 1-13 | ഭാഗം 14
-- പ്രവാചകശബ്‌ദത്തെ സഹായിക്കാമോ?
