Tuesday Mirror
മരണശേഷം നമ്മുടെ കാവല്‍ മാലാഖ എന്താണ് ചെയ്യുക?
സ്വന്തം ലേഖകന്‍ 06-08-2019 - Tuesday
നമ്മുടെ അറിവ് പോലും ഇല്ലാതെ നമ്മളെ നയിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന നമ്മുടെ നിഴലിനേപ്പോലൊരു സ്നേഹിതനാണ് നമ്മുടെ കാവല്‍ മാലാഖ. ജീവിതകാലത്ത് കാവല്‍ മാലാഖ നമുക്ക് ചെയ്യുന്ന സഹായങ്ങളെക്കുറിച്ച് നമ്മളില്‍ പലര്‍ക്കും ധാരണയുണ്ടെങ്കിലും മരണ ശേഷം നമ്മുടെ കാവല്‍ മാലാഖ എന്താണ് ചെയ്യുന്നത്? ഇതിനെക്കുറിച്ച് നമ്മള്‍ ഇതുവരെ ചിന്തിച്ചിരിക്കുവാന്‍ സാധ്യതയില്ല. ഒരുപക്ഷേ ചിന്തിച്ചവര്‍ വിരളമായിരിക്കും. ഇതിനേകുറിച്ചാണ് നാം വിചിന്തനം ചെയ്യാന്‍ പോകുന്നത്.
ഈ ലോക ജീവിതത്തില്‍ നിന്ന് അടുത്ത ജീവിതത്തിലേക്ക് നമ്മള്‍ പ്രവേശിക്കുമ്പോള്‍ മനുഷ്യരും മാലാഖമാരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നാം അറിഞ്ഞിരിക്കേണ്ടതുണ്ട്. ഭൂമിയിലെ ജീവിതകാലത്ത് മാത്രമല്ല നമ്മുടെ മരണശേഷവും കാവല്‍മാലാഖയുടെ ദൗത്യം തുടര്‍ന്നുകൊണ്ടിരിക്കുന്നുവെന്നാണ് യാഥാര്‍ത്ഥ്യം. നമ്മള്‍ ദൈവവുമായി ഐക്യപ്പെടുന്നത് വരെ കാവല്‍ മാലാഖയുടെ ദൗത്യം തുടര്‍ന്ന്‍ കൊണ്ടിരിക്കും. രക്ഷയുടെ അവകാശികളാകാനിരിക്കുന്നവര്‍ക്ക് ശുശ്രൂഷ ചെയ്യുവാന്‍ അയക്കപ്പെട്ട സേവകാത്മാക്കളാണ് മാലാഖമാരെന്നാണ് ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നത് (ഹെബ്രാ 1:14).
"ഓരോ വിശ്വാസിയുടേയും സമീപത്ത് അവന്റെ ജീവിതത്തിന് വഴികാട്ടിയും ഇടയനെന്നുപ്പോലെ സംരക്ഷകനായി ഒരു മാലാഖ ഉണ്ട് എന്നത് ആരും നിഷേധിക്കാതിരിക്കട്ടെ" വിശുദ്ധ ബേസില്‍ പറഞ്ഞതാണ് ഈ വാക്യങ്ങള്‍ (CCC 336). അങ്ങനെ നോക്കുമ്പോള്‍ മനുഷ്യകുലത്തിന്റെ മോക്ഷമാണ് മാലാഖമാരുടെ പ്രഥമ കര്‍ത്തവ്യം. മരണ സമയത്ത് പിശാചിന്റെ അവസാന ആക്രമണത്തില്‍ നിന്നും നമ്മളെ രക്ഷിക്കുവാന്‍ നമ്മുടെ അവസാന നിമിഷത്തിലും കാവല്‍മാലാഖ നമ്മുടെ ആത്മാവിനൊപ്പമുണ്ടായിരിക്കുമെന്നാണ് സഭാ പിതാക്കന്‍മാര്‍ പറഞ്ഞിട്ടുള്ളത്.
ആത്മാവ് ശരീരത്തില്‍ നിന്നും വിട്ടുപിരിയുന്ന അവസരത്തില്‍ നമ്മുടെ കാവല്‍ മാലാഖ നമ്മെ അനുഗമിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്നുണ്ടെന്നു വിശുദ്ധ അലോഷ്യസ് ഗോണ്‍സാഗ പറയുന്നു. അതുവഴി നമുക്ക് കര്‍ത്താവിന്റെ ന്യായാസനത്തിനു മുന്നില്‍ നില്‍ക്കുവാനുള്ള ധൈര്യം നല്‍കുന്നുണ്ട്. വിധിക്ക് ശേഷം ആത്മാവ് ശുദ്ധീകരണ സ്ഥലത്തേക്കാണ് പോകുന്നതെങ്കില്‍ നമ്മുടെ കാവല്‍മാലാഖ നമ്മെ ശുദ്ധീകരണ സ്ഥലത്ത് നിരന്തരം സന്ദര്‍ശിക്കുകയും, നമുക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും, ഒരിക്കല്‍ നാം സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുമെന്ന് നമ്മളെ ആശ്വസിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുമെന്നും വിശുദ്ധന്‍ ഓര്‍മ്മപ്പെടുത്തുന്നു.
ഇതില്‍ നിന്നും നമ്മുടെ കാവല്‍മാലാഖയുടെ ദൗത്യം മരണത്തോടെ അവസാനിക്കുന്നില്ലെന്നും ദൈവവുമായുള്ള ഐക്യംവരെ അത് നീളുന്നുണ്ടെന്നും വ്യക്തമാണ്. ആത്മാവ് ദൈവത്തോടൊപ്പം ആയിരിക്കുവാനാണ് ആഗ്രഹിക്കുന്നതെങ്കില്‍, അത് കാവല്‍ മാലാഖയോടൊപ്പം ചേര്‍ന്ന്‍ ദൈവത്തെ സ്തുതിക്കുവാന്‍ തുടങ്ങുന്നു. എന്നാല്‍ ദൈവത്തോടൊപ്പമായിരിക്കുവാന്‍ ആത്മാവ് ആഗ്രഹിക്കുകയും, അതേസമയം അതിനു വിഘാതമായി അല്‍പ്പമെങ്കിലും അശുദ്ധി ആത്മാവില്‍ ഉണ്ടാവുകയും ചെയ്‌താല്‍ അത് ശുദ്ധീകരിക്കപ്പെടേണ്ടതിനായി ശുദ്ധീകരണസ്ഥലത്തേക്ക് പോകുന്നു. ഈ സാഹചര്യത്തില്‍ ദൈവസന്നിധിയില്‍ ശുദ്ധിയുള്ള കാവല്‍ മാലാഖക്ക് ആത്മാവിന്റെ ശുദ്ധീകരണ പ്രക്രിയയില്‍ പങ്കുചേരേണ്ട ആവശ്യമില്ല.
ഈ സമയത്ത് ശുദ്ധീകരണസ്ഥലത്ത് നിന്നുള്ള നമ്മുടെ മോചനത്തിനായി ദൈവസന്നിധിയില്‍ മാധ്യസ്ഥം വഹിക്കുവാനും, പ്രാര്‍ത്ഥിക്കുവാനും നമ്മുടെ കാവല്‍മാലാഖക്ക് കഴിയും. ദൈവത്തിന്റെ നീതിയേയും, വിശുദ്ധിയേയും, മഹത്വത്തേയും വാഴ്ത്തുകയാണ് ആ ആത്മാവിന്റെ കാവല്‍ മാലാഖയുടെ ദൗത്യം. ദൈവത്തിന് പൂര്‍ണ്ണമായി വിധേയപ്പെട്ട് കഴിയുന്ന കാവല്‍ മാലാഖ സ്വര്‍ഗ്ഗം, ശുദ്ധീകരണസ്ഥലം, നരകം എന്നീ മൂന്ന്‍ സാഹചര്യങ്ങള്‍ ഏതാണെങ്കില്‍ പോലും ദൈവത്തിന്റെ വിധിന്യായത്തെ അംഗീകരിക്കുകയും അതില്‍ സന്തോഷിക്കുകയുമാണ് ചെയ്യുന്നത്.
അതിനാല്‍ നമ്മുടെ മരണപ്പെട്ട പ്രിയപ്പെട്ടവര്‍ക്കായി അവരുടെ കാവല്‍മാലാഖമാരോട് ചേര്‍ന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം. നമ്മുടെ പ്രാര്‍ത്ഥനകള്‍ മാലാഖമാര്‍ ദൈവസന്നിധിയിലെത്തിക്കുകയും അതുവഴി കാരുണ്യവാനായ കര്‍ത്താവ് നമ്മുടെ പ്രിയപ്പെട്ട ആത്മാക്കളുടെ മേല്‍ കരുണ ചൊരിയുവാനും ഇടയാകട്ടെ.