News - 2024

എയിഡ് ബഡ്ജറ്റ് ക്രൈസ്തവർക്ക് ലഭ്യമാക്കണമെന്ന് ബ്രിട്ടീഷ് എംപി

സ്വന്തം ലേഖകന്‍ 12-08-2019 - Monday

ലണ്ടന്‍: ബ്രിട്ടന്റെ എയിഡ് ബഡ്ജറ്റിൽ ഉൾപ്പെടുന്ന സാമ്പത്തിക സഹായങ്ങൾ ലോകമെമ്പാടും പീഡനങ്ങൾ നേരിടുന്ന ക്രൈസ്തവ സമൂഹത്തിന് ലഭ്യമാക്കണമെന്ന് ബ്രിട്ടീഷ് നിയമനിർമ്മാണ സഭാംഗം ആവശ്യപ്പെട്ടു. ക്രൈസ്തവ പീഡനങ്ങളെ പറ്റി ട്രൂറോ ബിഷപ്പ് ഫിലിപ്പ് മൗണ്ട് സ്റ്റീഫൻ സമർപ്പിച്ച റിപ്പോർട്ടിൻമേൽ ചർച്ച നടത്തവേയാണ് ഗില്ലിംഗ്ഹാം, റേയ്ൻഹാം എംപിയായ റഹ്മാൻ ചിസ്റ്റി ഈ ആവശ്യമുന്നയിച്ചത്. പീഡിത ക്രൈസ്തവ സമൂഹത്തിന് നൽകുന്ന സാമ്പത്തിക സഹായം കൂടുതൽ ഫലപ്രദമായി ഉപയോഗപ്പെടുത്താൻ നടപടി സ്വീകരിക്കുന്നതിനെ പറ്റി ചിന്തിക്കണമെന്ന് ജന പ്രതിനിധിസഭയിൽ പ്രസംഗിക്കവേ ചിസ്റ്റി പറഞ്ഞു. സർക്കാർ ക്രൈസ്തവർക്ക് നൽകിവരുന്ന സഹായങ്ങളെ വിശകലനം ചെയ്തുള്ള റിപ്പോർട്ട് ജൂലൈയിലാണ് പുറത്തു വന്നത്.

നൈജീരിയൻ അഭയാർത്ഥി ക്യാമ്പിൽ ക്രൈസ്തവ വിശ്വാസികളായതിന്റെ പേരിൽ ഭക്ഷണം നിഷേധിക്കപ്പെട്ട സംഭവം മുൻ കൺസർവേറ്റീവ് പാർട്ടി മന്ത്രിയായിരുന്ന ആൻഡ്രൂസ് സീലസ് ചർച്ചയിൽ ഉന്നയിച്ചു. ബ്രിട്ടൻ നൽകുന്ന സാമ്പത്തിക സഹായങ്ങൾ വേർതിരിവില്ലാതെ ആവശ്യക്കാരിൽ എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു. ബൈബിൾ വിശ്വാസ സത്യങ്ങൾ പൊതുരംഗത്ത് ഏറ്റുപറയുന്ന നിയമ നിർമാണ സഭാംഗങ്ങളെ വിമർശിക്കുന്നവരെ താക്കീത് ചെയ്യണമെന്ന് കൺസർവേറ്റീവ് എംപിയായ ഫിയോണ ബ്രൂസും ചർച്ചക്കിടെ പറഞ്ഞു.


Related Articles »