News - 2024
സ്വര്‍ഗ്ഗാരോപണ തിരുനാളിലെ നോട്രഡാം മരിയന്‍ പ്രദിക്ഷണം വികാരഭരിതമായി
സ്വന്തം ലേഖകന്‍ 16-08-2019 - Friday
പാരീസ്: അഗ്നിബാധയ്ക്കിരയായ നോട്രഡാം കത്തീഡ്രലില്‍ പരിശുദ്ധ അമ്മയുടെ സ്വര്‍ഗ്ഗാരോപണ തിരുനാളില്‍ നടന്ന പ്രദിക്ഷണം വികാരഭരിതമായി. ദേവാലയത്തില്‍ കത്തിപ്പടര്‍ന്ന അഗ്നിജ്വാലയിൽ നിന്ന് പോറലേൽക്കാതെ ലഭിച്ച മാതാവിന്റെ രൂപവും വഹിച്ചുകൊണ്ട് കത്തീഡ്രലിൽ പ്രാർത്ഥനാറാലി നടത്തിയപ്പോൾ പലരുടെയും കണ്ണുകൾ നിറഞ്ഞിരുന്നു. എണ്ണൂറു വര്‍ഷം പഴക്കമുള്ള തങ്ങളുടെ പൈതൃകമായ ദേവാലയം കത്തിയമര്‍ന്നെങ്കിലും നൂറുകണക്കിന് വിശ്വാസികളാണ് പരിശുദ്ധ അമ്മയുടെ സ്വര്‍ഗ്ഗാരോഹണ തിരുനാളിന് കത്തീഡ്രലിനു സമീപത്തുള്ള പാലത്തിൽ ഒത്തുചേർന്നത്.
ഒരാൾ മുറിവേറ്റിരിക്കുമ്പോഴും അയാളുടെ പക്കൽ ആളുകൾ എത്തുന്നുണ്ടെങ്കില്‍ അതിനർത്ഥം അയാൾ ജീവനോടെ ഇരിക്കുന്നു എന്നതു തന്നെയാണെന്ന്‍ ദേവാലയത്തെ ചൂണ്ടിക്കാട്ടി പാരീസ് ആർച്ച് ബിഷപ്പ് മൈക്കൽ ആപെറ്റിറ്റ് പറഞ്ഞു. എന്തുതന്നെ സംഭവിച്ചാലും ആളുകൾക്ക് പരിശുദ്ധ അമ്മയോട് ഒരു പ്രത്യേക ബന്ധമുണ്ടെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. എല്ലാ വർഷവും മാതാവിന്റെ സ്വർഗ്ഗാരോപണ തിരുനാളിനോടനുബന്ധിച്ച് മാതാവിന്റെ രൂപം വഹിച്ചുകൊണ്ടുള്ള പ്രദിക്ഷണം പാരീസില്‍ നടക്കാറുണ്ട്. ഇക്കഴിഞ്ഞ ഏപ്രില്‍ 15നാണ് 850 വർഷത്തിലേറെ പഴക്കമുള്ള ഫ്രാൻസിലെ പുരാതന ദേവാലയമായ നോട്രഡാം കത്തീഡ്രലില്‍ അഗ്നിബാധിയുണ്ടായത്.