Tuesday Mirror - 2025

കത്തോലിക്ക സഭ: വിസ്മയനീയമായ 8 വസ്തുതകൾ

സ്വന്തം ലേഖകന്‍ 08-11-2022 - Tuesday

ലോകത്തെ ഏറ്റവും വലിയ ക്രൈസ്തവ സമൂഹം എന്നതിനേക്കാള്‍ ക്രിസ്തു പത്രോസാകുന്ന പാറമേല്‍ സ്ഥാപിച്ച സഭയിലെ അംഗങ്ങളായി അഭിമാനിക്കുന്നവരാണ് നാമോരുത്തരും. രണ്ടായിരം വര്‍ഷത്തെ പാരമ്പര്യമുള്ള നമ്മുടെ സഭ അതികഠിനമായ വേദനകളിലൂടെയും പ്രതിസന്ധികളിലൂടെയും കടന്നുപോയിട്ടുണ്ടെങ്കിലും അതിനെയെല്ലാം അതിജീവിച്ചു കൂടുതല്‍ ഉണര്‍വ്വോടെ വളരുകയാണ് ചെയ്തതെന്ന കാര്യമാണ് കത്തോലിക്ക സഭയെ മറ്റ് ഏത് വിഭാഗത്തില്‍ നിന്നും വ്യത്യസ്ഥമാക്കുന്നത്. ഓരോ വര്‍ഷവും പുറത്തുവരുന്ന കണക്കുകള്‍ അതാണ് സൂചിപ്പിക്കുന്നത്. കത്തോലിക്ക സഭയിലേക്ക് ചേക്കേറുന്നവരുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചുകൊണ്ടേ ഇരിക്കുന്നു. പരിശുദ്ധ കത്തോലിക്ക സഭയുടെ വിസ്മയിപ്പിക്കുന്ന 8 വസ്തുതകളാണ് തുടര്‍ന്നു പങ്കുവെക്കുന്നത്.

1. രക്തസാക്ഷികളും വിശുദ്ധരും: കത്തോലിക്ക സഭയുടെ ചരിത്രത്തിൽ പതിനായിരത്തോളമാളുകൾ വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെട്ടിട്ടുണ്ട്. അതിൽ നിരവധി പേര്‍ രക്തസാക്ഷികളാണ്. ഏറ്റവും കൂടുതൽ രക്തസാക്ഷികളുണ്ടായത് ഇരുപതാം നൂറ്റാണ്ടിലാണെന്നത് ശ്രദ്ധേയം.

2. ഏകവും പരിശുദ്ധവും സാർവ്വത്രികവും അപ്പസ്തോലികവുമായ സഭ: ‍ സഭയുടെ അധികാരശ്രേണിയുടെ ചരിത്രം പരിശോധിച്ചാല്‍ അത് അപ്പസ്തോലന്മാരിൽ ചെന്നു നിൽക്കുന്നു. അപ്പസ്തോലന്മാർ മെത്രാന്മാരെ വാഴിച്ചു. മെത്രാന്മാർ പിന്നീട് വൈദികരെയും, വിവിധ പ്രദേശങ്ങളിലേക്കുള്ള മറ്റ് മെത്രാന്മാരെയും നിയമിച്ചു. അതിനാൽ തന്നെ ഇന്ന് ജീവിച്ചിരിക്കുന്ന മെത്രാന്മാരുടെയും, വൈദികരുടെയും അധികാര കൈമാറ്റത്തിന്റെ കേന്ദ്രബിന്ദു അപ്പസ്തോലന്മാരിലേക്ക് എത്തി നിൽക്കുന്നതായി കാണാം. അതിനാൽ സഭയെ അപ്പസ്തോലിക സഭ എന്നു വിളിക്കുന്നു.

3. നാഴികക്കല്ലുകൾ: ‍ ഏറ്റവും കുറവ് കാലം മാർപാപ്പ പദവി വഹിച്ചത് ഉർബൻ ഏഴാമൻ മാർപാപ്പയാണ്. 1590ൽ സ്ഥാനമേറ്റതിനുശേഷം 13 ദിവസം മാത്രമാണ് മാർപാപ്പ ജീവിച്ചത്. വിശുദ്ധ പത്രോസ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കാലം മാർപാപ്പയായിരുന്നത് പയസ് ഒമ്പതാമൻ മാർപാപ്പയാണ്. 31 വർഷമായിരുന്നു ഭരണകാലാവധി.

4. പാരമ്പര്യത്തിന്റെ സഭ: ‍ സിറിയയിൽ നിന്ന് കണ്ടെത്തി ഇപ്പോള്‍ യേൽ യൂണിവേഴ്സിറ്റിയിൽ സൂക്ഷിയ്ക്കുന്ന പരിശുദ്ധ ദൈവമാതാവിന്റെ ഒരു ചിത്രം ലഭ്യമായതിൽ വച്ച് ഏറ്റവും പഴക്കമേറിയതാണെന്ന് കരുതപ്പെടുന്നു. മൂന്നാം നൂറ്റാണ്ടിലാണ് അത് വരയ്ക്കപ്പെട്ടത്. ക്രൊയേഷ്യയിലെ സെന്റ് ഡോംനിയസ് ദേവാലയമാണ് നിർമ്മിച്ച അതേപടി തന്നെ ഇപ്പോഴും നിലനിര്‍ത്തുന്ന ലോകത്തിലെ ഏറ്റവും പഴക്കമേറിയ കത്തോലിക്ക കത്തീഡ്രൽ ദേവാലയം. ഇത് നിർമ്മിക്കപ്പെട്ടത് എഡി 305ലാണ്.

5. ക്രിസ്തുമസിനെക്കാളും വലിയ ആഘോഷ ദിനം: ‍ തിരുസഭയിൽ ക്രിസ്തുവിന്റെ ജനന ദിനത്തിന് പ്രാധാന്യമുണ്ടെങ്കിലും അതിനെക്കാളും ഏറെ പ്രാധാന്യം മരണത്തെ പരാജയപ്പെടുത്തിയ ക്രിസ്തുവിന്റെ ഉയിർപ്പ് ദിവസമായ ഈസ്റ്ററിനാണ്. ഈസ്റ്റർ 'തിരുനാളുകളുടെ തിരുനാൾ' എന്നറിയപ്പെടുന്നു. കാരണം ക്രിസ്തുവിന്റെ കുരിശിലെ മരണം ലോകത്തിന് മുഴുവൻ രക്ഷ നൽകി.

6. ആരാണ് എന്റെ അയൽക്കാരന്‍: ‍ ലോകത്തെ ഏറ്റവും വലിയ സന്നദ്ധ സംഘടനയേത് എന്നു ചോദിച്ചാല്‍ അത് കത്തോലിക്ക സഭയുടെ സ്ഥാപനങ്ങളാണെന്ന് പറയാതെ വയ്യ. പതിനായിരകണക്കിന് അനാഥാലയങ്ങളും വൃദ്ധസദനങ്ങളും ആതുരാലയങ്ങളും സഭ നടത്തുന്നു. ക്രിസ്തുവിന്റെ കാരുണ്യത്തിന് മുഖം അനുകരിച്ച് കത്തോലിക്കാ സഭ ഇന്ന് ആതുരശുശ്രൂഷാ രംഗത്ത് ഏറ്റവും മുന്നിലാണ്. നിരവധി സാമ്പത്തിക ബുദ്ധിമുട്ടുകളും, നിയമ പ്രശ്നങ്ങളുമുണ്ടെങ്കിലും അമേരിക്കയിൽ മാത്രം 660 ആശുപത്രികൾ കത്തോലിക്കാസഭ നടത്തുന്നുണ്ട്. ഏഴരലക്ഷത്തോളം പേരാണ് ഈ സ്ഥാപനങ്ങളില്‍ ശുശ്രൂഷ ചെയ്യുന്നത്.

7. മുന്നില്‍ ബ്രസീല്‍: ‍ ലോകത്തെ ഏറ്റവും വലിയ ക്രൈസ്തവ സമൂഹം കത്തോലിക്ക സഭയാണ്. 130 കോടിയിലധികം വിശ്വാസികളാണ് സഭയിലുള്ളത്. കണക്കുകള്‍ പ്രകാരം ലോകത്തെ ഏറ്റവും വലിയ കത്തോലിക്ക രാജ്യം ബ്രസീലാണ്. 172 മില്യണ്‍ (17.2 കോടി) വിശ്വാസികളാണ് ബ്രസീലില്‍ ഉള്ളത്. അതായത് ആകെ കത്തോലിക്ക വിശ്വാസികളുടെ 13.2%വും ബ്രസീലിലാണ്.

8. എല്ലാവരും ഒന്നായിരിക്കണം: ‍ ഏകവും, പരിശുദ്ധവും, സാർവത്രികവും, അപ്പസ്തോലികവുമായ സഭയിൽ വിശ്വസിക്കുന്നുവെന്ന വിശ്വാസപ്രമാണം ഏറ്റു പറയുന്നതിനാൽ ആംഗ്ലിക്കൻ സഭാ വിശ്വാസികളും, ഓർത്തഡോക്സ് സഭാ വിശ്വാസികളും ഒരുതരത്തിൽ കത്തോലിക്ക സഭയോടു ബന്ധം പുലര്‍ത്തുന്നു. എന്നാല്‍ മാർപാപ്പയുടെ അധികാരം, മറ്റു ചില ദൈവശാസ്ത്ര വിഷയങ്ങളെ സംബന്ധിച്ച് ഇപ്പോഴും വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. ഇവയെല്ലാം പരിഹരിച്ച് എകമനസ്സോടെ പ്രവര്‍ത്തിക്കാന്‍ ഇന്ന് ചർച്ചകൾ ഏറെ സജീവമാണ്.

പരിശുദ്ധ കത്തോലിക്ക സഭയില്‍ അംഗമായതില്‍ നമ്മുക്ക് അഭിമാനിക്കാം

#repost


Related Articles »