Youth Zone
എട്ട് ദിവസത്തിനുള്ളിൽ ഇന്തോനേഷ്യക്ക് ലഭിച്ചത് 15 നവവൈദികരും ഒരു ഡീക്കനും
സ്വന്തം ലേഖകന്‍ 26-08-2019 - Monday
ജക്കാര്‍ത്ത: ലോകത്തു ഏറ്റവും കൂടുതല്‍ ഇസ്ലാം മതസ്ഥര്‍ അധിവസിക്കുന്ന ഇന്തോനേഷ്യയില്‍ എട്ട് ദിവസത്തിനുള്ളിൽ പൗരോഹിത്യം സ്വീകരിച്ചത് പതിനഞ്ച് നവവൈദികരും ഒരു ഡീക്കനും. സുമാത്ര ദ്വീപിലെ തൻജുങ്കറാങ് രൂപതയ്ക്കും, ജാവ ദ്വീപിലെ ജക്കാർത്ത രൂപതയ്ക്കുമായാണ് നവവൈദികര്‍ പട്ടം സ്വീകരിച്ചത്. ലാബുങ് പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന പ്രിങ്സേവുവിലെ സെന്റ് ജോസഫ് ഗ്രാമത്തില്‍ നടന്ന ചടങ്ങില്‍ ഒരാൾ ഡീക്കൻ പട്ടം സ്വീകരിക്കുകയും സേക്രട്ട് ഹാർട്ട് ഓഫ് ജീസസ് കോൺഗ്രിഗേഷനിലെ 10 സെമിനാരി വിദ്യാർത്ഥികൾ തിരുപ്പട്ടം സ്വീകരിച്ചു. തൻജുങ്കറാങ് രൂപത മെത്രാനായ മോൺസിഞ്ഞോർ യോഹാനസ് ഹാരൂൺ നേതൃത്വം നൽകിയ ദിവ്യബലിയിൽ ഇരുന്നൂറോളം വൈദികരും, ആയിരക്കണക്കിന് വിശ്വാസികളും പങ്കെടുത്തു.
വിശ്വാസികൾക്ക് സമാധാനവും ആത്മീയ ധൈര്യവും നൽകാനാണ് അവർ വിളിക്കപ്പെട്ടിരിക്കുന്നതെന്ന് മോൺസിഞ്ഞോർ യോഹാനസ് ഹാരൂൺ തന്റെ പ്രസംഗമധ്യേ ഓർമ്മിപ്പിച്ചു. കോൺഗ്രിഗേഷന്റെ അടിസ്ഥാന ആത്മാവായ വിധേയത്വം പാലിക്കണമെന്നും, സ്വന്തം മനസ്സാക്ഷിയോട് നീതി പുലർത്തണമെന്നും വ്രതവാഗ്ദാനം നടത്തിയവരോടായി സേക്രഡ് ഹാർട്ട് വൈദികരുടെ പ്രോവിൻഷ്യാളായ ഫാ. ടൈറ്റസ് വാരിസ് പറഞ്ഞു. ആഗസ്റ്റ് പതിനഞ്ചാം തീയതി ഇന്തോനേഷ്യൻ മിനിയേച്ചർ പാർക്കിൽ നടന്ന പൗരോഹിത്യ സ്വീകരണ ചടങ്ങിന് ജക്കാർത്ത ആർച്ചുബിഷപ്പ് ഇഗ്നേഷ്യസ് സുഹാരിയോയാണ് നേതൃത്വം നൽകിയത്. തന്റെ പിതാവാണ് തനിക്ക് വൈദികനാകാൻ ഏറ്റവും പ്രചോദനം നൽകിയതെന്ന് പട്ടം സ്വീകരിച്ച ഫാ. ജോസഫ് ബിയോൺഡി പറഞ്ഞു. മിനിയേച്ചർ പാർക്കിൽ മൂന്നു പേർ രൂപതയ്ക്കു വേണ്ടിയും, രണ്ടുപേർ സലേഷ്യൻ സഭയ്ക്ക് വേണ്ടിയും പട്ടം സ്വീകരിച്ചു.