Faith And Reason - 2024
മതാധിഷ്ഠിത ജീവിതം വിഷാദ രോഗം കുറക്കുമെന്ന് പഠനഫലം
സ്വന്തം ലേഖകന്‍ 29-08-2019 - Thursday
വാഷിംഗ്‌ടണ്‍ ഡി.സി: ദൈവ വിശ്വാസപരമായ കാര്യങ്ങളുമായുള്ള അടുപ്പം വിഷാദ രോഗത്തിന്റെ സാധ്യത കുറയ്ക്കുമെന്ന് പഠനഫലം. അമേരിക്കയിലെ ചാപ്പല്‍ ഹില്ലിലെ നോര്‍ത്ത് കരോലിന യൂണിവേഴ്സിറ്റിയിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം അസോസിയേറ്റ് പ്രൊഫസ്സറായ ജെയ്ന്‍ കൂളി ഫ്രൂവിര്‍ത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. വിഷാദരോഗത്തെ ചെറുക്കുന്നതിന് മതാധിഷ്ഠിത ജീവിതം കൊണ്ട് കഴിയുമെന്നാണ് ഫ്രൂവിര്‍ത്ത് പറയുന്നത്. വിഷാദരോഗത്തിന്റെ ഏറ്റവും കഠിനമായ അവസ്ഥയില്‍ ചികിത്സപോലും അസാധ്യമായ രോഗികളില്‍ മതാഭിമുഖ്യത്തോടുള്ള വര്‍ദ്ധനവ് മൂന്നില്‍ രണ്ടു മടങ്ങ് ഫലം ഉണ്ടാക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
തന്റെ രണ്ടു സഹപ്രവര്‍ത്തകരുടെ സഹായത്തോടെ ‘നാഷണല്‍ ലോന്‍ജിറ്റ്യൂഡിനല്‍ സര്‍വ്വേ ഇഫ് അഡോളസെന്റ് റ്റു അഡള്‍ട്ട് ഹെല്‍ത്തിന്റെ’ പടിപടിയായുള്ള നിരീക്ഷണങ്ങളില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ വിശകലനം ചെയ്തതില്‍ നിന്നുമാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. ദൈവ വിശ്വാസവുമായുള്ള ആഭിമുഖ്യത്തിന്റെ ശരാശരി നിലവാരം 1.0 നിരക്കില്‍ വര്‍ദ്ധിക്കുകയാണെങ്കില്‍ വിഷാദരോഗം 11 ശതമാനം വരെ കുറയ്ക്കുവാന്‍ സാധിക്കുമെന്ന്‍ അമേരിക്കന്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെ ഫ്രൂവിര്‍ത്ത് അവകാശപ്പെട്ടു. ഇന്ന്‍ മനോരോഗ ചികിത്സാ രംഗത്തും മതത്തിന്റെ പ്രാധാന്യം വര്‍ദ്ധിച്ചുവരികയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ഒരു ദശകത്തിനിടയില്‍ വിഷാദരോഗത്തിന്റെ തോതിലുള്ള വര്‍ദ്ധനവ് ഭയപ്പെടുത്തുന്നതാണെന്ന് ഫ്രൂവിര്‍ത്ത് പറയുന്നു. മാനസികാരോഗ്യത്തിന്റെ കാര്യത്തില്‍ സ്കൂള്‍ ക്ലബ്ബുകളിലേയോ, അത്ലറ്റിക്സിലേയോ പങ്കാളിത്തമൊന്നും മതാഭിമുഖ്യം നല്‍കുന്നത്ര ഗുണം ചെയ്യില്ലെന്നും, ഒറ്റപ്പെടല്‍ നേരിടുന്ന കൗമാരക്കാരെ സംബന്ധിച്ചിടത്തോളം ദേവാലയവും ദേവാലയ കാര്യങ്ങളും പുതു പ്രതീക്ഷയേകുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. അമേരിക്കയില്‍ മാത്രമല്ല ആഗോളതലത്തില്‍ തന്നെ വിഷാദവും, ആത്മഹത്യാ പ്രവണതയും ചെറുപ്പക്കാര്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരികയാണ്. 45,000 ത്തോളം ആളുകളാണ് 2016-ല്‍ അമേരിക്കയില്‍ ആത്മഹത്യ ചെയ്തത്. 1995-ലെ കണക്കുമായി താരതമ്യം ചെയ്യൂമ്പോള്‍ 25% വര്‍ദ്ധനവാണിത്.