India - 2024
സഭാ ചരിത്രത്തില്‍ പുതിയ ഇടം നേടി നസ്രാണി സംഗമം
സ്വന്തം ലേഖകന്‍ 02-09-2019 - Monday
കുറവിലങ്ങാട്: മാര്‍ത്തോമാ പാരമ്പര്യമുള്ള സഭകളിലെ 23 സഭാധ്യക്ഷന്മാരും പതിനായിരക്കണക്കിനു വിശ്വാസികളും പങ്കെടുത്ത നസ്രാണി സംഗമം സഭാ ചരിത്രത്തില്‍ പുതിയ ഇടം നേടി. ഉച്ചകഴിഞ്ഞ് 2.25ന് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ മര്‍ത്ത്മറിയം ആര്‍ച്ച്ഡീക്കന്‍ തീര്‍ത്ഥാടന ദേവാലയത്തില്‍നിന്നു സഭാധ്യക്ഷന്മാരെയും വിശിഷ്ടാതിഥികളെയും വേദിയിലേക്ക് ആനയിച്ചു. സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മഹാസംഗമം ഉദ്ഘാടനം ചെയ്തു. സഭകള്‍ക്കു വ്യത്യസ്തമായ ആരാധനാ രീതികളും ഭരണക്രമവും ഉണ്ടെങ്കിലും ഇവയൊന്നും തച്ചുടയ്ക്കാതെ വിശ്വാസത്തിന്റെയും സന്മാര്‍ഗത്തിന്റെയും സുവിശേഷ സാക്ഷ്യത്തിന്റെയും അടിസ്ഥാനത്തില്‍ യോജിക്കാവുന്ന മേഖലകള്‍ ഏറെയുണ്ടെന്നു കര്‍ദ്ദിനാള്‍ പറഞ്ഞു.
പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. കുറവിലങ്ങാട് െ്രെകസ്തവ സഭയുടെ ഉറങ്ങാത്ത കാവല്‍ക്കാരനാണെന്നു മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. മലങ്കര സുറി യാനി കത്തോലിക്ക സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ മുഖ്യസന്ദേശം നല്‍കി. പാവപ്പെട്ടവരെ ശുശ്രൂഷിക്കുന്ന ക്രൈസ്തവ ശുശ്രൂഷയ്ക്കു ചാലകശക്തിയേകാന്‍ നസ്രാണി സംഗമത്തിനു കഴിയുമെന്നു മാര്‍ ക്ലീമിസ് കാതോലിക്ക ബാവ പറഞ്ഞു.
മാര്‍ത്തോമ സഭാ അധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്ത, കല്‍ദായ സുറിയാനി സഭയുടെ മാര്‍ അപ്രേം മെത്രാപ്പോലീത്ത, ക്‌നാനായ സുറിയാനി സഭ ആര്‍ച്ച്ബിഷപ് കുര്യാക്കോസ് മാര്‍ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത, മലബാര്‍ സ്വതന്ത്ര സുറിയാനി സഭയുടെ ബസേലിയോസ് മാര്‍ സിറിള്‍ മെത്രാപ്പോലീത്ത, ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, യാക്കോബായ സുറിയാനി സഭാ മെത്രാപ്പോലീത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസ് എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മാര്‍ ജോര്‍ജ് വലിയമറ്റം, മാര്‍ ജേക്കബ് അങ്ങാടിയത്ത്, ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്, മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍, സാമുവല്‍ മാര്‍ ഐറേനിയോസ്, മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍, മാര്‍ ജേക്കബ് മുരിക്കന്‍, മാര്‍ ജോസ് കല്ലുവേലില്‍, മാര്‍ ജോസഫ് സ്രാന്പിക്കല്‍, യൂഹാനോന്‍ മാര്‍ തെയഡോഷ്യസ്, മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍, സഭാ താരം ഡോ. സിറിയക് തോമസ്, എംപിമാരായ ജോസ് കെ. മാണി, തോമസ് ചാഴികാടന്‍, എംഎല്‍എമാരായ പി.സി. ജോര്‍ജ്, മോന്‍സ് ജോസഫ്, റോഷി അഗസ്റ്റിന്‍, കേന്ദ്ര ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ജോര്‍ജ് കുര്യന്‍, മോണ്‍. ഡോ. പോള്‍ പള്ളത്ത്, പാലാ രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി സിജു സെബാസ്റ്റ്യന്‍, എസ്‌സിവി സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ആന്‍സിറ്റ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.