Life In Christ

ഫിലിപ്പീൻസിലെ കറുത്ത നസ്രായന്റെ പ്രദക്ഷിണത്തിൽ പങ്കെടുത്തത് ഒരു ലക്ഷത്തിലധികം വിശ്വാസികൾ

പ്രവാചകശബ്ദം 10-01-2023 - Tuesday

മനില: ഏഷ്യൻ രാജ്യമായ ഫിലിപ്പീൻസിൽ ഈ വർഷം നടന്ന പ്രസിദ്ധമായ കറുത്ത നസ്രായന്റെ പ്രദക്ഷിണത്തിൽ പങ്കെടുത്തത് ഒരു ലക്ഷത്തിലധികം വിശ്വാസികൾ. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് രണ്ടുവർഷമായി പ്രദക്ഷിണം നടന്നിരുന്നില്ല. ജനുവരി എട്ടാം തീയതി ഞായറാഴ്ച, കറുത്ത നസ്രായന്റെ ചിത്രവുമായി ചർച്ച ഓഫ് ക്വിയാപ്പോ എന്ന പേരിൽ കൂടി അറിയപ്പെടുന്ന വിശുദ്ധ സ്നാപകയോഹന്നാന്റെ നാമധേയത്തിലുള്ള മനിലയിലെ ദേവാലയത്തിലേക്ക് വിശ്വാസി സമൂഹം നടന്നു നീങ്ങി.

സാധാരണയായി 22 മണിക്കൂറോളം നീണ്ടുനിൽക്കുന്ന ലക്ഷക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന ചടങ്ങ് രണ്ടര മണിക്കൂർ കൊണ്ട് സമാപിച്ചു. 82 ശതമാനം കത്തോലിക്ക വിശ്വാസികളുള്ള രാജ്യത്തെ സുപ്രധാന ആഘോഷമാണ് കറുത്ത നസ്രായന്റെ പ്രദക്ഷിണം. രണ്ട് വർഷം നടക്കാതിരുന്ന പ്രദക്ഷിണം ഈ വർഷവും നടക്കുമോയെന്ന് ആശങ്കയുണ്ടായിരുന്നു. എന്നാൽ ജനുവരി മൂന്നാം തീയതി അധികൃതർ വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ ചർച്ച ഓഫ് ക്വിയാപ്പോയ്ക്ക് അനുമതി നൽകുകയായിരുന്നു. ഈ വർഷം നസ്രായേന്റെ ചിത്രത്തിൽ ചുംബിക്കുന്നതിൽ നിന്നും വിശ്വാസികളെ വിലക്കിയിരുന്നുവെന്ന്, ദേവാലയത്തിന്റെ ചുമതലയുള്ള ഫാ. ഏൾ അലിസൺ പറഞ്ഞു.

1606-ല്‍ അഗസ്റ്റീനിയന്‍ സന്യാസ സമൂഹം മെക്‌സിക്കോയില്‍ നിന്നും ഫിലിപ്പീന്‍സില്‍ എത്തിച്ച 'ബ്ലാക്ക് നസ്രായന്‍' എന്ന ക്രിസ്തുവിന്റെ രൂപം നിരവധി ചരിത്രങ്ങള്‍ക്കും, വന്‍ അപകടങ്ങള്‍ക്കും സാക്ഷ്യം വഹിച്ചതാണ്. ഒരപകടത്തിലും തകരാതെ നില്‍ക്കുന്ന ക്രിസ്തുവിന്റെ രൂപം കാലങ്ങളോളം വിശ്വാസികളെ അതിശയിപ്പിക്കുന്ന സാക്ഷ്യമായി ഇന്നും തുടരുന്നു. 2006-ല്‍ 'ബ്ലാക്ക് നസ്രായന്‍ രൂപം' ഫിലിപ്പീന്‍സില്‍ എത്തിച്ചതിന്റെ 400-ാം വാര്‍ഷികം വിശ്വാസികള്‍ ആചരിച്ചിരിന്നു.

കറുത്ത നസ്രായന്റെ തിരുനാളിനെ കുറിച്ചു പ്രവാചക ശബ്ദം പ്രസിദ്ധീകരിച്ച വിശദമായ ലേഖനം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക: നൂറ്റാണ്ടുകളെ അതിജീവിച്ച ക്രിസ്തുവിന്റെ തിരുസ്വരൂപം ലോകത്തിന് മുന്നില്‍ സാക്ഷ്യമാകുന്നു


Related Articles »