India - 2024

കുട്ടനാട് സന്ദര്‍ശിച്ച് ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി

സ്വന്തം ലേഖകന്‍ 02-09-2019 - Monday

കോട്ടയം: ആംഗ്ലിക്കന്‍ മിഷ്ണറിയായിരുന്ന റവ. ബെഞ്ചമിന്‍ ബെയ്ലി രൂപകല്പന ചെയ്ത സിഎസ്‌ഐ ഹോളി ട്രിനിറ്റി കത്തീഡ്രലിലും കുട്ടനാട്ടിലും കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി സന്ദര്‍ശനം നടത്തി. രാവിലെ കത്തീഡ്രല്‍ കവാടത്തില്‍ എത്തിയ ആര്‍ച്ച് ബിഷപ്പിനെ ആയിരക്കണക്കിനു വിശ്വാസികള്‍ ചേര്‍ന്ന് സ്വീകരിച്ചു. കത്തീഡ്രലില്‍ സിഎസ്‌ഐ മോഡറേറ്റര്‍ ബിഷപ്പ് തോമസ് കെ. ഉമ്മനും സിഎസ്‌ഐ സഭയുടെ കേരളത്തിലെ മറ്റു ബിഷപ്പുമാര്‍ക്കും നൂറോളം വൈദികര്‍ക്കും ഒപ്പം ആരാധനയ്ക്കു മുഖ്യകാര്‍മികത്വം വഹിച്ചു. ആരാധനയ്ക്കു ശേഷം വിശ്വാസികളുടെയും ഗായകസംഘങ്ങളും കുട്ടികളുമായി സൗഹൃദ സംഭാഷണം നടത്തി. കത്തീഡ്രല്‍ ഹൗസിന്റെ ശിലാശീര്‍വാദവും സിഎസ്‌ഐ ബിഷപ്പ്സ് ഹൗസിന്റെ പുതിയ ചാപ്പലിന്റെ പ്രതിഷ്ഠയും അദ്ദേഹം നിര്‍വഹിച്ചു.

തുടര്‍ന്നു സിഎസ്‌ഐ ബിഷപ്പ്സ് ഹൗസില്‍ മഹായിടവക എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളോടും ബിഷപ് തോമസ് കെ. ഉമ്മന്റെ കുടുംബാംഗങ്ങളോടും ഒപ്പം ചെലവഴിച്ചശേഷം കുമരകത്തേക്കും ജലമാര്‍ഗം കാവലത്തേക്കും യാത്ര ചെയ്തു. കാവാലത്തെത്തിയ ആര്‍ച്ച് ബിഷപ്പിനെ ലിസ്യു ജെട്ടിയില്‍നിന്നു ചുണ്ടന്‍ വള്ളങ്ങളുടെയും കെട്ടുവള്ളങ്ങളുടെയും അകമ്പടിയോടു കൂടി സ്വീകരിച്ചു. സിഎംഎസ് ജെട്ടിയില്‍ എത്തിയ ആര്‍ച്ച് ബിഷപ്പിനെ പൊതുജനങ്ങളും വിശ്വാസികളും ചേര്‍ന്നു നാടന്‍ കലകളുടെ അകമ്പടിയോടെ സ്വീകരിച്ചു. 10.30നു കോട്ടയം സിഎംഎസ് കോളജ് ദ്വിശതാബ്ദി സമാപന സമ്മേളനം എന്നിവയ്ക്കു മുഖ്യാതിഥിയായിരിക്കും. മന്ത്രി തോമസ് ഐസക് ഉദ്ഘാടനംചെയ്യും.


Related Articles »