India - 2024
ദൈവത്തിന്റെ കാഴ്ചപ്പാടില്‍ എല്ലാവരും തുല്യര്‍: ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി
03-09-2019 - Tuesday
കോട്ടയം: ദൈവത്തിന്റെ കാഴ്ചപ്പാടില്‍ എല്ലാവരും തുല്യരാണെന്നും ജാതിവര്‍ണ വിവേചനം നിയമനിര്‍മാണത്തിലൂടെയും ഉള്‍ക്കാഴ്ചയിലൂടെയും വിദ്യാഭ്യാസത്തിലൂടെയും ഇതിനെ മറികടക്കാമെന്നും ആംഗ്ലിക്കന്‍ സഭയുടെ പരമാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി. കോട്ടയം സിഎംഎസ് കോളജ് ദ്വിശതാബ്ദി ആഘോഷത്തിനു പ്രൗഢഗംഭീരമായ സമാപനം കുറിച്ചു നടന്ന സമ്മേളനത്തിനെത്തിയതായിരിന്നു അദ്ദേഹം. ക്രിസ്ത്യാനി എന്ന നിലയില്‍ എല്ലാവരും നല്ല ഗുരുക്കന്മാരായി മാറണമെന്നും അദ്ദേഹം പറഞ്ഞു. സിഎസ്‌ഐ മോഡറേറ്റര്‍ ബിഷപ് തോമസ് കെ. ഉമ്മന്‍ അധ്യക്ഷത വഹിച്ചു.
മന്ത്രി തോമസ് ഐസക് സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു. സിഎംഎസ് കോളജ് മൈതാനത്തു നടന്ന സമ്മേളനത്തില്‍ ദ്വിശതാബ്ദി സുവനീര്‍ റിട്ട. ജസ്റ്റീസ് കെ.ടി. തോമസ്, എംജി യൂണിവേഴ്‌സിറ്റി പ്രോ വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദ കുമാറിനു നല്കി പ്രകാശനം നിര്‍വഹിച്ചു. സിഎംഎസിന്റെ 200 വര്‍ഷത്തെ ചരിത്രം വെളിപ്പെടുത്തുന്ന ഡോക്യുമെന്ററി സംവിധായകന്‍ ജോഷി മാത്യു, നഗരസഭ ചെയര്‍പേഴ്‌സണ്‍ ഡോ. പി.ആര്‍. സോനയ്ക്കു കൈമാറി പ്രകാശനം നിര്‍വഹിച്ചു. എന്‍എസ്എസ് യൂണിറ്റ് നിര്‍മിച്ചു നല്‍കുന്ന വീടിന്റെ താക്കോല്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ കൈമാറി. കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ആയിരുന്നു റവ.ഫിലിപ് ലീക്ക് മഹാത്മാഗാന്ധി അയച്ച കത്ത് ആലേഖനം ചെയ്ത ഫലകം കോളജ് ബര്‍സാര്‍ റവ. ജേക്കബ് ജോര്‍ജ് ആര്‍ച്ച്ബിഷപ്പിനു കൈമാറി. തുടര്‍ന്ന് വിദ്യാര്‍ഥികളുമായി അദ്ദേഹം സംവദിച്ചു.