Youth Zone - 2024
പൈശാചികത: ഹാരി പോട്ടര്‍ ലൈബ്രറിയിൽ നിന്നും ഒഴിവാക്കി കത്തോലിക്ക സ്കൂൾ
സ്വന്തം ലേഖകന്‍ 03-09-2019 - Tuesday
ടെന്നസി: ഹാരി പോട്ടർ പുസ്തകങ്ങൾ നീക്കം ചെയ്തുകൊണ്ട് അമേരിക്കയിലെ ടെന്നസി സംസ്ഥാനത്തുള്ള കത്തോലിക്കാ സ്കൂളിലെ ലൈബ്രറി. നാഷ്വില്ലെ സെന്റ് എഡ്വേർഡ് സ്കൂളിന്റെ അജപാലന പദവി വഹിക്കുന്ന ഫാ. ഡാൻ റീഹിലാണ് ഹാരി പോട്ടർ പുസ്തകങ്ങൾക്കെതിരെ ശക്തമായ നിലപാടുകളെടുത്തത്. ഭൂതോച്ചാടകരുമായും, വത്തിക്കാനുമായും കൂടിയാലോചിച്ചതിനു ശേഷമാണ് 7 വാല്യങ്ങളുള്ള ഹാരി പോട്ടർ പരമ്പരയിലെ പുസ്തകങ്ങൾ തങ്ങളുടെ ലൈബ്രറിയിൽ നിന്നും നിരോധിക്കാൻ ഫാദർ ഡാൻ റീഹിൽ തീരുമാനമെടുക്കുന്നത്. തീരുമാനത്തിന് പിന്നിലെ കാരണങ്ങള്‍ വ്യക്തമാക്കിക്കൊണ്ട് കുട്ടികളുടെ മാതാപിതാക്കൾക്ക് ഫാ. ഡാൻ ഇമെയിൽ സന്ദേശവുമയച്ചിട്ടുണ്ട്.
ഇന്ദ്രജാലത്തെ നല്ലതും, ചീത്തയുമായി വേർതിരിച്ചു കാണുന്നതു തന്നെ ഒരു കൗശല പൂർണമായ തെറ്റിദ്ധാരണ സൃഷ്ടിക്കലാണെന്നും അദ്ദേഹം പറയുന്നു. പുസ്തകത്തിൽ പറയുന്ന മന്ത്രങ്ങൾ, യഥാർത്ഥത്തിലുള്ളവയാണെന്നാണ് ഫാ. ഡാൻ റീഹിൽ പറയുന്നത്. ഇതു വായിക്കുന്ന മനുഷ്യർ പൈശാചിക ശക്തികളുടെ സാന്നിധ്യത്തിന് അടിമപ്പെടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹാരിപോട്ടർനെ പറ്റി കത്തോലിക്കാസഭയ്ക്ക് ഔദ്യോഗികമായ ഒരു പ്രബോധനമില്ലാത്തതിനാൽ പ്രസ്തുത വിഷയത്തെ സംബന്ധിച്ച് ഫാ. ഡാൻ റീഹിൽ തന്നെയായിരിക്കും അവസാനവാക്ക് പറയുന്നതെന്ന് നാഷ്വില്ലെയിലെ കത്തോലിക്കാ സ്കൂളുകളുടെ മേൽനോട്ടം നിർവഹിക്കുന്ന റബേക്ക ഹാമൽ പറഞ്ഞു.
സ്കൂളിൽ പുതിയ ലൈബ്രറി ആരംഭിച്ചപ്പോഴാണ് ഇപ്പോഴുള്ള പുസ്തകങ്ങളെ പറ്റി ഒന്നുകൂടി വിശകലനം ചെയ്യാൻ അധ്യാപകർ തീരുമാനമെടുത്തതെന്നും റബേക്ക പറഞ്ഞു. ഹാരി പോട്ടര്‍ പുസ്തകങ്ങള്‍ പൈശാചിക സ്വാധീനത്തിനു വഴിവെക്കുമെന്ന് ലോക പ്രശസ്ത ഭൂതോച്ചാടകന്‍ ഫാ. ഗബ്രിയേല്‍ അമോര്ത്ത് വര്‍ഷങ്ങള്‍ക്കു മുന്‍പ് മുന്നറിയിപ്പ് നല്‍കിയിരിന്നു.