News - 2024

അമേരിക്കയിലെ കോളേജുകളിൽ ഭ്രൂണഹത്യ അനുകൂല ക്യാമ്പയിനുമായി കമല ഹാരിസ്: പ്രതിഷേധവുമായി പ്രോലൈഫ് സംഘടനകൾ

പ്രവാചകശബ്ദം 21-09-2023 - Thursday

വാഷിംഗ്ടണ്‍ ഡി‌സി: അമേരിക്കയിലെ കോളേജുകളിൽ ഭ്രൂണഹത്യ അനുകൂല ക്യാമ്പയിനുമായി വൈസ് പ്രസിഡന്റ് കമല ഹാരിസ് സന്ദർശനം നടത്തുന്നതിൽ പ്രോലൈഫ് സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ഏഴ് സംസ്ഥാനങ്ങളിലെ കോളേജുകളെങ്കിലും കമല സന്ദർശിക്കുമെന്നാണ് പ്രഖ്യാപനത്തിൽ പറഞ്ഞിരിക്കുന്നത്. സ്വവര്‍ഗ്ഗാനുരാഗത്തെയും എൽജിബിടി തിന്മകളെ പ്രോത്സാഹിപ്പിക്കുന്നതും കമല ഹാരിസിന്‍റെ കോളേജ് സന്ദർശന ലക്ഷ്യങ്ങളുടെ ഭാഗമാണ്. ഇക്കഴിഞ്ഞ പതിനഞ്ചാം തീയതി നോർത്ത് കരോളീന എ അൻഡ് റ്റി സർവ്വകലാശാലയിൽവെച്ച് നടത്തിയ പ്രസംഗത്തിൽ, വോട്ടർമാരോട് മറ്റു കാര്യങ്ങളോടൊപ്പം തങ്ങളുടെ ശരീരത്തെപ്പറ്റി തീരുമാനം എടുക്കാനുളള സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കണമെന്ന് കമല പറഞ്ഞിരിന്നു.

വിവിധ സംസ്ഥാനങ്ങളിൽ പ്രോലൈഫ് നിയമങ്ങൾ പാസാക്കുന്ന നേതാക്കന്മാരെയും വൈസ് പ്രസിഡന്റ് വിമർശിച്ചു. സുപ്രീംകോടതി എടുത്തുകളഞ്ഞ ഭ്രൂണഹത്യ അനുകൂല നിയമത്തിനു ബദലായി മറ്റൊരു നിയമം കോൺഗ്രസിന് പാസാക്കാൻ സാധിക്കുമെന്നും, അതിന് തയ്യാറാകുന്ന നിയമനിർമ്മാണ സഭാംഗങ്ങൾക്ക് വോട്ട് ചെയ്യണമെന്നുമുള്ള കമലയുടെ അഭ്യര്‍ത്ഥന ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ കടുത്ത ഭ്രൂണഹത്യ വാദത്തിന് തെളിവാണ്. തന്റെ തീവ്രമായ സമീപനത്തെ നോർത്ത് കരോളീനയിലെ ആളുകൾ പിന്തുണയ്ക്കുന്നില്ലായെന്ന കാര്യം കമല ഹാരിസ് മനസ്സിലാക്കണമെന്ന് എസ്ബിഐ പ്രോലൈഫ് അമേരിക്കയുടെ നോർത്ത് കരോളിനയിലെ സംസ്ഥാന അധ്യക്ഷ പദവിക്കുന്ന മിഷേൽ ആഷ്‌ലി പ്രതികരിച്ചു.

യഥാർത്ഥത്തിൽ ഇപ്പോൾ ഭ്രൂണഹത്യ നടത്താൻ അനുവദിച്ചിരിക്കുന്ന സമയപരിധി കുറച്ചു കൊണ്ടുവരണമെന്നാണ് സംസ്ഥാനത്തെ ഭൂരിപക്ഷം ആളുകളും ആഗ്രഹിക്കുന്നത്. ജനുവരി മാസം സംഘടന നടത്തിയ വോട്ടെടുപ്പിലെ കണക്കുകൾ സൂചിപ്പിച്ചുകൊണ്ട് ആഷ്‌ലി വിശദീകരിച്ചു. യാതൊരു നിയന്ത്രണവുമില്ലാതെ ഭ്രൂണഹത്യ പ്രോത്സാഹിപ്പിക്കുന്ന ഇപ്പോഴത്തെ ഭരണകൂടത്തിനെതിരെ ജീവനുവേണ്ടി ധീരരായ നിൽക്കുന്ന നോർത്ത് കരോളിനയിലെ ജനങ്ങൾക്ക് അവർ നന്ദിയും രേഖപ്പെടുത്തി. കമല ഹാരിസ് പ്രസംഗിക്കാൻ എത്തുന്നതിനുമുമ്പ് 'സ്റ്റുഡൻസ് ഫോർ ലൈഫ് ഓഫ് അമേരിക്ക'യിലെ അംഗങ്ങൾ പ്രതിഷേധവുമായി തെരുവിൽ ഇറങ്ങിയിരുന്നു. കടുത്ത ഭ്രൂണഹത്യ അനുകൂലവാദവുമായി രാജ്യം ഭരിക്കുന്ന ബൈഡന്‍ - കമല ഡെമോക്രാറ്റിക് ഭരണകൂടത്തിനെതിരെ കത്തോലിക്ക സഭയില്‍ നിന്നു വരെ പ്രതിഷേധം ഉയരുന്നുണ്ട്.


Related Articles »