News - 2024

കമല ഹാരിസ് പങ്കെടുത്ത പരിപാടിയില്‍ പ്രോലൈഫ് വിദ്യാര്‍ത്ഥികളെ അവഹേളിച്ച് ഭ്രൂണഹത്യ അനുകൂലികള്‍

പ്രവാചകശബ്ദം 24-09-2023 - Sunday

നോര്‍ത്ത് കരോളിന: അമേരിക്കയിലെ നോര്‍ത്ത് കരോളിനയിലെ കോളേജില്‍ വൈസ് പ്രസിഡന്റ് കമല ഹാരിസ് പങ്കെടുത്ത പരിപാടിയില്‍ പങ്കെടുക്കുവാനെത്തിയ പ്രോലൈഫ് വിദ്യാര്‍ത്ഥികള്‍ക്ക് അവഹേളനം. ഭ്രൂണഹത്യ അനുകൂലികളുടെ അവഹേളനത്തിനു ഇരയായ വിദ്യാര്‍ത്ഥികളെ ഒടുവില്‍ പോലീസ് എത്തിയാണ് കോളേജിന് പുറത്തെത്തിച്ചത്. ഭ്രൂണഹത്യ വ്യാപകമാക്കല്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കോളേജ് വിദ്യാര്‍ത്ഥികളുടെ പിന്തുണയും വോട്ടും നേടുക എന്ന ലക്ഷ്യത്തോടെ ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 15-ന് ‘എ ആന്‍ഡ്‌ ടി’ സര്‍വ്വകലാശാലയിലെ ഗ്രീന്‍സ്ബോറൊ കാമ്പസ്സില്‍ സംഘടിപ്പിച്ച ‘ഫൈറ്റ് ഫോര്‍ ഔര്‍ ഫ്രീഡം കോളേജ് ടൂര്‍’ പരിപാടിയില്‍ പങ്കെടുക്കുവാനെത്തിയതായിരുന്നു കമല ഹാരിസ്.

പരിപാടി തുടങ്ങുന്നതിന് മുന്‍പ് “ഭ്രൂണഹത്യ സ്ത്രീകളെ വേദനിപ്പിക്കുന്നു”, “ജീവന്‍ അമൂല്യം” തുടങ്ങിയ മുദ്രാവാക്യങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകളുമായി സമാധാനപരമായി പ്രതിഷേധിച്ച പ്രോലൈഫ് വിദ്യാര്‍ത്ഥികള്‍ക്കാണ് അപമാനം നേരിടേണ്ടി വന്നത്. കമല ഹാരിസിന്റെ പ്രസംഗം കഴിഞ്ഞ ഉടന്‍ 'ലൈഫ് ഓഫ് അമേരിക്ക' എന്ന പ്രോലൈഫ് സംഘടനയുടെ നേതൃത്വത്തില്‍ എത്തിയ പ്രോലൈഫ് വിദ്യാര്‍ത്ഥികളുടെ പ്ലക്കാര്‍ഡുകള്‍ പിടിച്ചു വാങ്ങി അവരെ അപമാനിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.

ഒരു ചെറുപ്പക്കാരന്‍ പ്രോലൈഫ് വിദ്യാര്‍ത്ഥികളുടെ കയ്യിലെ മാര്‍ക്കര്‍ പിടിച്ചു വാങ്ങി അവരുടെ പ്ലക്കാര്‍ഡില്‍ ബ്ലാക്ക് ലിവ്സ് മാറ്റര്‍ എന്നതിന്റെ ചുരുക്കപേരായ ‘ബി.എല്‍.എം’ എന്ന് എഴുതുന്നതും മറ്റ് രണ്ടുപേര്‍ അസഭ്യമെഴുതിയ പ്ലക്കാര്‍ഡ് ഉയര്‍ത്തിക്കാട്ടുന്നതും ചുറ്റും കൂടി നില്‍ക്കുന്നവര്‍ അസഭ്യമായ അംഗവിക്ഷേപങ്ങളോടെ അവരെ പ്രോത്സാഹിപ്പിച്ച് ഒച്ച വെക്കുന്നതും നൃത്തം ചെയ്യുന്നതും വീഡിയോയില്‍ ദൃശ്യമാണ്. തങ്ങളെ അപമാനിച്ചവരില്‍ ഒരാള്‍ പ്രത്യേകതരം അംഗവിക്ഷേപങ്ങളോടെ തന്റെ മുഖത്തേക്ക് പ്ലക്കാര്‍ഡ് ചൂണ്ടിയെന്നും പോലീസ് എത്തിയാണ് രംഗം ശാന്തമാക്കിയതെന്നും 'ലൈഫ് ഓഫ് അമേരിക്ക’യില്‍ അംഗമായ വിദ്യാര്‍ത്ഥികളില്‍ ഒരാളായ ലിഡിയ ടെയ്ലര്‍ ‘കാത്തലിക് ന്യൂസ് ഏജന്‍സി’യോട് പറഞ്ഞു.

മറ്റ് സര്‍വ്വകലാശാലകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും തങ്ങളുടെ പ്രോലൈഫ് പ്രവര്‍ത്തങ്ങളില്‍ ആകൃഷ്ടരായി തങ്ങള്‍ക്ക് പിന്തുണ അറിയിച്ചിട്ടുണ്ടെന്നും ലിഡിയ പറഞ്ഞു. വൈസ് പ്രസിഡന്റ് തന്റെ പ്രസംഗത്തില്‍ അബോര്‍ഷനെ അനുകൂലിച്ച് സംസാരിക്കും എന്നറിഞ്ഞതിനെ തുടര്‍ന്നാണ്‌ ലിഡിയ ഉള്‍പ്പെടെയുള്ള പ്രോലൈഫ് വിദ്യാര്‍ത്ഥികള്‍ സമാധാനപരമായി പ്രതിഷേധിക്കുവാന്‍ ഒത്തുകൂടിയത്. യാതൊരു നിയന്ത്രണവുമില്ലാതെ അബോര്‍ഷനെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഭ്രൂണഹത്യ തീവ്രവാദത്തിനെതിരെ നമ്മള്‍ നിലകൊള്ളണമെന്നു ലിഡിയ പറയുന്നു.

അമേരിക്കയില്‍ ദേശവ്യാപകമായി അബോര്‍ഷന്‍ നിയമവിധേയമാക്കിയ റോ വി. വേഡ് വിധി അട്ടിമറിക്കപ്പെട്ട സാഹചര്യത്തില്‍ അബോര്‍ഷന് കൂടുതല്‍ സൗകര്യമൊരുക്കണമെന്നു കമല ഹാരിസ് തന്റെ പ്രസംഗത്തിലൂടെ പറഞ്ഞിരിന്നു. രാജ്യം ഭരിക്കുന്ന ഡെമോക്രാറ്റിക് ഭരണകൂടത്തിന്റെ ഭ്രൂണഹത്യ അനുകൂല നിലപാടിനെതിരെ കത്തോലിക്ക സഭയില്‍ നിന്നു ഉള്‍പ്പെടെ പ്രതിഷേധം ശക്തമാണ്.


Related Articles »