News - 2024

മാനവ സാഹോദര്യ പ്രഖ്യാപനത്തിന്റെ പ്രഥമ യോഗം വത്തിക്കാനില്‍ നടന്നു

സ്വന്തം ലേഖകന്‍ 14-09-2019 - Saturday

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പ യു‌എ‌ഇയില്‍ ഒപ്പുവെച്ച മാനവ സാഹോദര്യ പ്രഖ്യാപനത്തിന്‍റെ നടത്തിപ്പിനുള്ള കമ്മിറ്റിയുടെ പ്രഥമ യോഗം വത്തിക്കാനില്‍ നടക്കും. ഇക്കഴിഞ്ഞ ബുധനാഴ്ച മാര്‍പാപ്പയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഗമത്തില്‍ മതാന്തര സംവാദങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ് നിയുക്ത കര്‍ദ്ദിനാള്‍ ബിഷപ്പ് മിഗുവേല്‍ എയിഞ്ചല്‍ ഗ്വിക്സോ, പാപ്പയുടെ പേര്‍സണല്‍ സെക്രട്ടറി മോണ്‍സീഞ്ഞോര്‍ യാന്നിസ് ലാസി ഗായിദ്, ഈജിപ്തിലെ അല്‍ അസ്സാര്‍ യൂണിവേഴ്സിറ്റി പ്രതിനിധികളായ പ്രഫസര്‍ മുഹമ്മദ് ഖാലിഫ് അല്‍ മുബാറക്, മുഹമ്മദ് മഹമൂദ് അബ്ദേല്‍ സലാം, എമിറേറ്റ് രാജ്യങ്ങളില്‍ നിന്നുള്ള അബുദാബി സാംസ്കാരിക വകുപ്പിന്റെ ഡയറക്ടര്‍ മുഹമ്മദ് ഖലീഫാ അല്‍ മുബാറക്ക്, എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ യാസര്‍ സയീദ്, അബ്ദുള്ള ഹരേബ് അല്‍മുഹായിരി, എറിമിറേറ്റ് രാജ്യങ്ങളിലെ മുതിര്‍ന്ന സമുദായ നേതാക്കളുടെ സംഘടന സെക്രട്ടറി ജനറല്‍ സുല്‍ത്താന്‍ ഫൈസല്‍ അല്‍ ഖലീഫ് അല്‍റെമയ്ത്തി എന്നിവര്‍ പങ്കെടുത്തു.

കഴിവും സന്നദ്ധതയുമുള്ളവര്‍ ഇനിയും വിശ്വസാഹോദര്യത്തിന്‍റെ ശില്പികളാകണമെന്നും, ലോകത്തെ സാഹോദര്യത്തിലും കൂട്ടായ്മയിലും വളര്‍ത്താന്‍ ഇറങ്ങിപ്പുറപ്പെടണമെന്നും കമ്മിറ്റിയംഗങ്ങളെ പാപ്പ ഉദ്ബോധിപ്പിച്ചു. ഒരു മണിക്കൂറില്‍ അധികം യോഗത്തില്‍ പങ്കെടുത്ത പാപ്പ, തുടര്‍ന്നുള്ള യോഗ ക്രമങ്ങള്‍ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയുടെ പകരക്കാരന്‍, ആര്‍ച്ചുബിഷപ്പ് എഡഗര്‍ പേഞ്ഞ പരായെ ഏല്പിച്ചു. വത്തിക്കാന്‍റെ മുദ്രണാലയത്തില്‍ ഒരുക്കിയ മാനവ സാഹോദര്യ പ്രഖ്യാപനത്തിന്‍റെ പ്രതികള്‍ എല്ലാവര്‍ക്കും സമ്മാനിച്ചുകൊണ്ടാണ് പേപ്പല്‍ വസതി, സാന്താ മാര്‍ത്തയിലേയ്ക്കു പാപ്പാ മടങ്ങിയത്. മാര്‍പാപ്പയും വലിയ ഇമാം മുഹമ്മദ് അല്‍ തയ്യീബ്, ദുബായിയുടെ രാജാവ് മുഹമ്മദ് ബിന്‍ സഹീദ് എന്നിവര്‍ നല്കുന്ന പിന്‍തുണയ്ക്കും പ്രേത്സാഹനത്തിനും കമ്മിറ്റി നന്ദിയര്‍പ്പിച്ചു. ലോക സമാധാനത്തിനും സാഹോദര്യത്തിനും പ്രാര്‍ത്ഥന അര്‍പ്പിച്ചുകൊണ്ടാണ് യോഗം സമാപിച്ചത്.


Related Articles »