Social Media - 2024

മുപ്പതിനായിരം കൊടുത്ത് മുന്നൂറു വാങ്ങുന്ന സന്യാസം

സിസ്റ്റര്‍ മേരി അഗസ്റ്റിൻ എഫ്.സി.സി 18-09-2019 - Wednesday

മുപ്പതിനായിരമോ അതിലധികമോ രൂപ ശമ്പളം കിട്ടുന്നതു മുഴുവന്‍ അധികാരികളെ ഏല്പിക്കുന്നു. അതില്‍ നിന്ന് കിട്ടുന്ന മാസ അലവന്സ് മുന്നൂറ് രൂപയാണ്. ചില സമൂഹങ്ങളില്‍ മാസ അലവന്സും ഇല്ല. പിന്നെ എങ്ങനെ സന്തോഷത്തോടെ ജീവിക്കും. മാധ്യമങ്ങളുടെയും, പൗരോഹിത്യസന്യാസങ്ങളെ വിമര്‍ശിക്കുന്നവരുടെയും മനസുകളില്‍ ഉയര്‍ന്നു വരുന്ന സംശയം. സംശയം സ്വാഭാവികമാണ് താനും. സന്യാസജീവിതമെന്താണെന്നോ അതിന്റെ അര്‍ത്ഥമെന്താണെന്നോ അറിവില്ലാത്ത ചിലരുടെ ഉള്ളിലുയരുന്ന സംശയങ്ങള്‍. ഇത്തരം സംശയങ്ങള്‍ക്കു ഉത്തരമായി ഒരു ചെറിയ കഥയുണ്ട്.

കഥയിതാണ്. പാല്‍ നിറുകയില്‍ കയറി ഒരു കുഞ്ഞ് മരിച്ച വിവരം അന്ധനായ ഒരു മനുഷ്യന്‍ കേട്ടപ്പോള് അദ്ദേഹം ചോദിക്കുന്നു; "പാല്‍ എങ്ങനെയിരിക്കും"? 'പാല്‍ വെളുത്തിരിക്കും'. 'വെളുപ്പ് എങ്ങനെയിരിക്കും'? 'വെളുപ്പ് കൊക്കിന്റെ നിറം പോലിരിക്കും". 'കൊക്ക് എങ്ങനെയിരിക്കും'? ഉത്തരം പറയുന്നയാള് അന്ധനായ മനുഷ്യന്റെ കൈകൊണ്ട് തന്റെ കൈമുട്ട് മടക്കി അതില്‍ പിടിപ്പിച്ചിട്ട് പറഞ്ഞു 'കൊക്ക് ഏതാണ്ട് ഇതുപോലെയിരിക്കും'. അന്ധനായ മനുഷ്യന്‍ ഇത് കേട്ടപ്പോള്‍ പറഞ്ഞു 'ഇത്തരമൊരു സാധനം കുഞ്ഞിന്റെ നിറുകയില്‍ കയറിയാല്‍ കുഞ്ഞ് എങ്ങനെ മരിക്കാതിരിക്കും'! അതുകൊണ്ട് ലളിതമായി പറയട്ടെ ദാരിദ്ര്യം ജീവിതവ്രതമാക്കിയവര്‍ക്ക് അതിനേക്കാള്‍ മേന്മയേറിയ ഒരു സമ്പത്തും വേണ്ട. ഞങ്ങളുടെ സമ്പത്ത് ആത്മാക്കളാണ്. ആയിരമായിരം കൊത്തുകൊണ്ട് ഒരു ശില്പം മനോഹരമായി തീരുന്നതുപോലെ നിങ്ങളുടെ ആയിരമായിരം വിമര്‍ശനങ്ങള് വഴി സന്യാസജീവിതം ശോഭായമാനമാകും. അഗ്നിക്ക് എന്നെങ്കിലും ജ്വലിക്കാതിരിക്കാനാവുമോ !

'സുവിശേഷോപദേശങ്ങളുടെ ദൈവദത്തമായ വിത്തില്‍ നിന്ന്, കര്‍ത്താവിന്റെ വയലില്‍ പടര്‍ന്നു പന്തലിച്ചു നില്ക്കുന്ന അദ്ഭുതകരമായ ഒരു വൃക്ഷം വളര്‍ന്നു വന്നു . ഒറ്റയ്ക്കോ സമൂഹമായോ ജീവിക്കുന്ന സന്യാസജീവിതത്തിന്റെ വിവിധരൂപങ്ങളും വ്യത്യസ്ത കുടുംബങ്ങളുമായി അവ വളര്ന്നു. അവയില്‍ അംഗങ്ങളുടെ വിശുദ്ധിയിലുള്ള പുരോഗതിക്കും മിശിഹായുടെ ശരീരത്തിന്റെ മുഴുവനും നന്മയ്ക്കുമായുള്ള പ്രവര്ത്തനങ്ങള് വര്‍ദ്ധിച്ചു വരുന്നു". (ഇഇഇ ചീ: 917)

സന്യാസജീവിതത്തില്‍ പ്രവേശിച്ചവരെ ജീവനോടെ വേണമെന്നുണ്ടെങ്കില്‍ തിരികെ വീട്ടിലേക്ക് കൊണ്ടുപോകണമെന്ന് കുടുംബാംഗങ്ങളെ ഓര്‍മിപ്പിക്കുന്ന മഹാമനസ്കന്മാരുടെ കാലമാണിത്. ഞങ്ങളെക്കുറിച്ച് എന്തൊരു ജാഗ്രത. വളരെ നിഗൂഢമാണ് ഇത്തരക്കാരുടെ നീക്കങ്ങളെന്നു ഞങ്ങള്‍ക്കറിയാം. പക്ഷേ ഞങ്ങളീ ജീവിതത്തില്‍ വളരെ സംതൃപ്തരാണ് എന്ന് ഇത്തരക്കാരെ ഞങ്ങള് ഓര്‍മിപ്പിക്കട്ടെ. ഇങ്ങനെയൊക്കെ ആണ് സമര്‍പ്പിത ജീവിതമെന്ന് തിരിച്ചറിഞ്ഞ് നാല്‍ വര്‍ഷം സന്യാസജീവിതത്തെക്കുറിച്ച് പഠിച്ച്, ഗ്രഹിച്ച് തിരഞ്ഞെടുത്തത് തിരിച്ചു പോകലിനല്ല; അതിനനുസരിച്ച് ജീവിക്കാനാണ്. മാത്രമല്ല ആധുനികകാലത്തും തന്റേടത്തോടെ, തികഞ്ഞ ബോധ്യങ്ങളോടെ അനേകം യുവജനങ്ങള് സന്യാസ ജീവിതശൈലി സ്വീകരിക്കുവാന്‍ കടന്നുവരുന്നുമുണ്ട്. ലോകത്തിന്റെ കണ്ണുകളിലൂടെ നോക്കുന്നവര്‍ക്ക് സന്യാസജീവിതത്തിന്റെ അര്‍ഥം മനസിലാവില്ല; ദൈവത്തിന്റെ കണ്ണിലൂടെ നോക്കുന്നവര്‍ക്ക് ഈ സന്യാസജീവിതത്തിലേക്ക് വരാതിരിക്കാനുമാവില്ല.

'എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നവന്‍ തന്നെത്തന്നെ പരിത്യജിച്ച് തന്റെ കുരിശുമെടുത്ത് എന്റെ പിന്നാലെ വരട്ടെ' (മത്തായി 16:24) എന്ന സ്നേഹപൂര്‍വ്വമായ വിളിക്കുള്ള ഉത്തരമാണീ ജീവിതം. രണ്ടാം ക്രിസ്തു എന്നറിയപ്പെട്ടിരുന്ന വിശുദ്ധ ഫ്രാന്സിസ് അസീസി യുവജനനേതാവായി രാത്രി മുഴുവന്‍ പാട്ടുപാടി നടന്ന് അസീസി വാസികളുടെ ഉറക്കം കെടുത്തിയപ്പോഴല്ല ദാരിദ്ര്യത്തിലും തപസിലും പ്രകാശിതനായി നടന്നപ്പോഴാണ് പലര്‍ക്കും ആ ജീവിതം ആകര്‍ഷകമായത്. 'മിശിഹായുടെ ദാരിദ്ര്യം അനുകരിച്ചുകൊണ്ട് എല്ലാം പിതാവില് നിന്ന് സ്വീകരിക്കുകയും എല്ലാം പിതാവിനു സ്നേഹത്തില്‍ തിരിച്ചു നല്കുകയും ചെയ്യുന്ന പുത്രനാണ് അവിടുന്ന് എന്ന് അവര്‍ ഏറ്റുപറയുന്നു. '(സമര്‍പ്പിതജീവിതം ചീ: 16) നാല്പത് രാവും നാല്പത് പകലും ഉപവസിച്ച് പ്രാര്‍ത്ഥിച്ചവന്‍ തനിക്ക് വിശന്നപ്പോള് അവനു വേണ്ടി ഒരു കല്ലുപോലും അപ്പമാക്കിയില്ലല്ലോ.

ഈ കര്ത്താവിനേയാണ് ഞങ്ങള്‍ അനുകരിക്കുന്നത്. അവന്റെ കഥയെന്തേ മാധ്യമങ്ങള്‍ വാര്‍ത്തയാക്കാത്തത്. നന്മകളൊക്കെ വാര്‍ത്തയാക്കുന്ന കാലം കഴിഞ്ഞുവെന്നും കാക്കയെപ്പോലെ അഴുക്കുകള് കൊത്താനേ തങ്ങള്ക്കറിയൂ എന്നും തെളിയിക്കാന്‍ മാധ്യമങ്ങള് മത്സരിക്കുന്ന കാലമാണല്ലോ ഇത്. നിങ്ങളുടെ മത്സരങ്ങള്‍ക്ക് കൈ കൊട്ടാന്‍ നന്മയുള്ള മനസുകളുണ്ടാവില്ല എന്ന് നിങ്ങള്‍ ഒരിക്കല്‍ തിരിച്ചറിയും. തകര്‍ക്കാന്‍ നോക്കിയാന്‍ തുറക്കാന്‍ ഒരു ദൈവമുണ്ട്.

അനുസരണത്തിന്റെ സ്വാതന്ത്ര്യം ആസ്വദിച്ചു ജീവിക്കുന്നവരാണ് ഞങ്ങള്‍. ഇന്ദ്രിയനിഗ്രഹത്തോടു കൂടിയ അനുസരണം മനുഷ്യന്‍ വന്യമൃഗങ്ങള്‍ക്കുമേല്‍ പോലും അധികാരം നല്കിയിട്ടുണ്ട്. കര്‍ത്താവ് സ്വന്തം ഇഷ്ടമനുസരിച്ചല്ല ജീവിച്ചത്. വിധേയപ്പെട്ടു ജീവിച്ചു. അവിടുന്ന് പറഞ്ഞു: "എന്റെ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നതാണ് എന്റെ ഭക്ഷണം". 'ദൈവം ഇഷ്ടപ്പെടുന്നതെല്ലാം ഇഷ്ടപ്പെടുക; എപ്പോഴും അതു തന്നെ ഇഷ്ടപ്പെടുക; എല്ലാ സന്ദര്ഭങ്ങളിലും കലവറയില്ലാതെ അതുതന്നെ ഇഷ്ടപ്പെടുക; തികച്ചും ഉള്ളിലുള്ള ദൈവരാജ്യം അതാണ്' (ഫ്രാങ്കോ ഫെനേലോണ്). വരാനിരിക്കുന്ന ദൈവരാജ്യത്തിന്റെ മുന്നാസ്വാദനമാണ് സന്യാസം. വിശ്വാസം വളര്‍ന്നു കഴിഞ്ഞാല്‍ മാത്രമേ അനുസരണത്തിനു പ്രസക്തിയുള്ളു. തമ്പുരാനോട് അടുക്കുന്നവന്‍ സ്വന്തം ഇഷ്ടങ്ങളില്ല. 'സമര്‍പ്പിതര്‍ തങ്ങളുടെ സ്വാതന്ത്ര്യത്തെ ബലി കഴിക്കുന്നതുവഴി മിശിഹായുടെ പുത്രസഹജമായ അനുസരണം സ്വീകരിച്ചുകൊണ്ട്, അവിടുന്ന് അനന്തമായി സ്നേഹിക്കപ്പെട്ടവനും സ്നേഹിക്കുന്നവനുമാണെന്ന് ഏറ്റ് പറയുന്നു' (സമര്പ്പിതജീവിതം ചീ: 16)

ഞങ്ങളുടെ ബലം കൊണ്ടല്ല, ബലഹീനതകൊണ്ടാണ് ഞങ്ങള് കടന്നു വന്നിരിക്കുന്നത്. എങ്കിലും ഞങ്ങളുടെ സ്വപ്നങ്ങള്‍ വലുതാണ്. അഴുകി തീര്‍ന്നാല്‍ മാത്രമേ അഴകുള്ളവരാകൂ എന്നതുകൊണ്ടാണ് നിഷ്കളങ്കര്‍ പീഡിപ്പിക്കപ്പെടുന്നത് എന്ന് ഞങ്ങള്‍ക്കറിയാം. നിഷ്കളങ്കരുടെ രക്തം ഈശോയുടെ രക്തം കലര്‍ന്ന ബലിയോട് ചേര്‍ക്കപ്പെടും. വിശുദ്ധീകരണം ഞങ്ങളുടെ ലക്ഷ്യമായതിനാല്‍ ഞങ്ങള്‍ എത്രയധികം അഭിവൃദ്ധി പ്രാപിക്കുന്നുവോ അത്രയധികം ശക്തനായിരിക്കും ഞങ്ങളെ ആക്രമിക്കുന്ന ശത്രുവും എന്ന് ഞങ്ങള്‍ക്ക് ബോധ്യമുണ്ട്.

സിസ്റ്റര്‍ മേരി അഗസ്റ്റിൻ എഫ്.സി.സി ‍

More Archives >>

Page 1 of 10