Social Media

ദേവി മേനോനിൽ നിന്ന് റോസ് മരിയയിലേക്ക്: ഈ സാക്ഷ്യം വായിക്കാതെ പോകരുതേ..!

ദേവി മേനോന്‍ (റോസ് മരിയ) 10-09-2019 - Tuesday

“ഈശോമിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ”. ഹൈസ്കൂളില്‍ പഠിക്കുന്ന സമയത്ത് ഒരു വിമര്‍ശനത്തിനാണ് ആദ്യമായി വി.ബൈബിള്‍ വാങ്ങിയതും,വായിച്ചതും. പിന്നീട് കോളേജില്‍ പഠിക്കുന്ന സമയത്ത് ഒരു ബുക്ക്‌ എഴുതണമെന്നു തോന്നി. ഹിക്രിമു എന്ന ആശയം മുന്‍നിര്‍ത്തി 3 പ്രധാന മതങ്ങളിലെയും ഒരേപോലത്തെ കാര്യങ്ങള്‍ ഉള്‍ക്കൊളിച്ചുള്ള ഒരു ഗ്രന്ഥം – സ്വസ്തിസൂക്തം. അത്യാവശ്യം ഹിന്ദുമത ഗ്രന്ഥങ്ങളും, ബൈബിളും, ഖുറാനും അതിനു വേണ്ടി പഠിച്ചു. മതങ്ങളുടെ (വിശ്വാസം) തരം തിരിവ് Totemism, Animism(philosophical and ethnological), Paganism/ Mithraism, Monotheism, Polytheism ഇങ്ങനെയാണെന്ന് പഠിപ്പിക്കുന്നു. മൂന്നു അബ്രാഹിമിക്ക് മതങ്ങളില്‍ ഒന്നാണ് CHRISTIANITY, അതെല്ലാം Monotheism-(Greek word- monos=single, theos= God)ആണ്. ഏകദൈവവിശ്വാസവും, ബഹുദൈവആരാധനയും മനസ്സിലാക്കി. ബുദ്ധ-ജൈന, സൌരാഷ്ട്രിയ-യഹൂദ മതങ്ങളും പഠനവിഷയങ്ങള്‍ ആക്കി. ഏക്‌ഓംകാര്‍ എന്ന് തുടങ്ങുന്ന സിഖ്മൂലമന്ത്രം ധ്യാനവിഷയമാക്കി. 20-22 വയസ്സിനു മുന്പേ ആണ് ഇതൊക്കെ.

ഓര്‍മ്മവച്ച നാള്‍ മുതല്‍ നാമം ജപിച്ചും, അമ്പലങ്ങളില്‍ പോയും, ഹൈന്ദവ ആചാരങ്ങള്‍ പിന്തുടര്‍ന്നും ജീവിച്ച വ്യക്തിയാണ് ഞാന്‍.

ആയുസ്സിലെ മുപ്പത്തിമൂന്നര വര്‍ഷം അങ്ങനെ ആയിരുന്നു. ഞാന്‍ വിശ്വസിച്ച ആചാരങ്ങളെ ഒരിടത്തും ഞാന്‍ അധിക്ഷേപിച്ചു സംസാരിച്ചിട്ടില്ല. എന്നാല്‍, തീര്‍ച്ചയായും ഇന്നെനിക്ക് ഒരൊറ്റ ദൈവമേ ഒള്ളൂ, എന്‍റെ ഈശോമിശിഹ, അതെവിടെ വിളിച്ചു പറയാനും ഞാന്‍ തയ്യാറാണ്. ഖുറാന്‍ വായിച്ചാല്‍ ഞാന്‍ മുസ്ലിം ആവുമെന്ന് പരിഹസിച്ചവരോട് –യാസീനും ഫാത്തിഹയും ഓതാന്‍ അറിയുന്ന, തെറ്റ് കൂടാതെ നിസ്കരിക്കാന്‍ അറിയുന്ന വ്യക്തിയാണ് ഞാന്‍.

മഹാഭാരതവും രാമായണവും പഠിക്കാത്തത് കൊണ്ട് എന്ന് പറഞ്ഞവരോട് –രാമായണത്തിലെ പ്രധാനപ്പെട്ട ശ്ലോകം ഏതാണെന്ന് ആ പറഞ്ഞ എത്ര പേര്‍ക്ക് അറിയാം? മഹാഭാരതത്തിലെ ശ്രീവിഷ്ണുസഹസ്രനാമം കാണാതെ ചൊല്ലാന്‍ ആ പറഞ്ഞ എത്ര പേര്‍ക്ക് അറിയാം. ശ്രീദേവിമാഹത്മ്യത്തിലെ ഒരു അദ്ധ്യായവും, ശ്രീമത്ഭഗവത്‌ഗീതയിലെ ഒരു അദ്ധ്യായവും, 3 സഹസ്രനാമങ്ങളും, ചില വേദസൂക്തങ്ങളും, 50ഓളം ശ്ലോക-സ്തോത്ര പ്രാര്‍ത്ഥനകളും നിത്യേനെ ചൊല്ലുകയും ചെയ്തിരുന്ന വ്യക്തിയാണ് ഞാന്‍. ശ്രീചക്രത്തിലെ ദേവിസാന്നിധ്യത്തെ പേരെടുത്തു പ്രാര്‍ത്ഥിക്കുന്ന ഖഡ്ഗമാല സ്തോത്രം നിങ്ങള്ക്ക് എത്ര പേര്‍ക്ക് അറിയാം? പാശുപതാസ്ത്ര മന്ത്രത്തിന്റെ യഥാര്‍ത്ഥരൂപം കേരളത്തില്‍ എത്ര പേര്‍ക്ക് അറിയാം? കുണ്ടലിനിധ്യാനത്തെപറ്റി പറയാന്‍ എത്രപേര്‍ക്ക് സാധിക്കും? വിധി പ്രകാരം ആചാരം ചെയ്തു, ദിക്ബന്ധനം ഒക്കെ ചെയ്തു ശ്രീലളിത സഹസ്രനാമം പാരായണം ചെയ്യാന്‍ നിങ്ങള്‍ക്ക് എത്ര പേര്‍ക്ക് അറിയാം? ഇതൊക്കെ അറിയാവുന്ന ഒരു ഹിന്ദു ആയിരുന്നുട്ടോ ഞാൻ.

ദയവായി എന്‍റെ ഹൈന്ദവ ആത്മീയ ദാരിദ്ര്യം ആണ് എന്നെ ക്രിസ്ത്യാനി ആക്കി മാറ്റിയതെന്നു പറയരുതേ. എന്‍റെ അമ്മയെ ക്ഷേത്രത്തിലെ കവാടം- പാര്‍ക്കിംഗ് ഏരിയ വരെ അനുഗമിക്കുന്ന വ്യക്തിയാണ് ഇന്നും ഞാന്‍. അമ്മ എത്ര സമയമെടുത്താലും, ആ വിശ്വാസത്തെ ബഹുമാനിച്ചു ക്ഷമയോടെ കാത്തുനില്‍ക്കുന്ന ഒരു നസ്രാണിയാണ് ഞാന്‍.

എന്നാല്‍ ആ സമയത്ത് അവിടെയുള്ള ആരിലെങ്കിലും എന്‍റെ കഴുത്തിലെ മാർ സ്ലീവാ അലോസരമുണ്ടാക്കിയാല്‍, അവര്‍ കാണ്‍കെ ചുരുങ്ങിയത് 3 പ്രാവശ്യമെങ്കിലും സ്നേഹവിശ്വാസങ്ങളോടെ സ്ലീവാമുദ്ര എന്നിൽ അടയാളപ്പെടുത്തുന്ന വ്യക്തിയാണ് ഞാന്‍. അത്ഭുതങ്ങള്‍ കണ്ടു മതം മാറാനാണെങ്കില്‍ എന്‍റെ വീട്ടിലുള്ളവര്‍ എപ്പോഴേ ക്രൈസ്തവർ ആയേനെ. വിശ്വസിക്കാന്‍ സാധിക്കാത്ത അത്രമാത്രം അത്ഭുതങ്ങള്‍ ഈശോ ഈ പാപിയായ എന്നില്‍ ചൊരിഞ്ഞിട്ടുണ്ട്. അത്ഭുതങ്ങളോ, നേട്ടങ്ങളോ അല്ല ഒരാളെ വിശ്വാസിയാക്കുക, അനുഭവങ്ങള്‍ ആണ്. എന്‍റെ അനുഭവം ആണ് എന്നെ നസ്രാണി ആക്കിയത്.

അച്ചു സാമ്പത്തികനേട്ടവും, ശാരീരികസുഖവും ലഭിച്ചത് കൊണ്ടാണ് ക്രിസ്ത്യാനി ആയത് എന്ന സംശയം ഉള്ള സഹോദരങ്ങളോട് - പ്രിയപ്പെട്ടവരേ, നാലക്കത്തില്‍ അധികം സേവിങ്ങ്സ് ഇല്ലാത്ത, അന്നന്നത്തെ അപ്പത്തിനു വേണ്ടി മാത്രം ചെറിയ ജോലി ചെയ്യുന്ന, ഉള്ളത് മുഴുവന്‍ ഉപേക്ഷിച്ചു ഈശോയെ മാത്രം നേടിയും-ആഗ്രഹിച്ചും ജീവിക്കുന്ന ഒരു സത്യ ക്രിസ്ത്യാനിയാനിയാണ് ഞാന്‍. ലക്ഷങ്ങളോ, കോടികളോ വിശ്വാസത്തിനു വിലയിടാമെന്നു തോന്നിയിട്ടില്ല, മുതിര്‍ന്നവരോ-ഗുരുകാരണവന്മാരോ അങ്ങനെ പഠിപ്പിച്ചിട്ടില്ല. ശാരീരികസുഖം- 39വയസ്സ് ആവാറായി, ഇത്രയും കാലത്തിനിടയ്ക്കു ഇതാണ് ഈ ലോകത്തെ ഏറ്റവും വലിയ കാര്യമെന്ന് തോന്നിയിട്ടില്ല. ക്രിസ്ത്യാനി ആയപ്പോള്‍ കിട്ടിയത് ഇത് രണ്ടുംഅല്ലാട്ടോ, മന:സുഖം ആണ് നേടിയത്. പിന്നെ, ഫേമസ് ആകാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാനെങ്കില്‍ ഇന്ന് ഏതെങ്കിലും കമ്പനിയുടെ സിഇഓ ആയി ഇരുന്നേനെ. 34ആം വയസ്സിൽ ഞാൻ ഒരു നസ്രാണി ആയെങ്കിൽ, എന്റെ ഈശോയേ ചങ്കോട് ചേർത്തെങ്കിൽ, എന്റെ ഈശോയുടെതായെങ്കിൽ, ദൈവകൃപയാൽ ഈശോയ്ക്ക് വേണ്ടി മാത്രം ജീവിച്ചു മരിക്കാനാണ്.

Date Of Birth - 24th Oct 1980 | Baptism - 1st Jan 2015

ഏകദേശം 2009 മുതല്‍ സ്ഥിരമായി വി.ബൈബിള്‍ വായിക്കുന്ന, വി.കുര്‍ബാനയില്‍ പങ്കുചേരുന്ന(മാമോദിസയ്ക്ക് മുന്‍പ് സ്വീകരിച്ചിട്ടില്ല) വ്യക്തിയാണ് ഞാന്‍. 2004-05 കാലം ഒത്തിരി വേദനകളും, നഷ്ടങ്ങളും, സഹനങ്ങളും ഏറ്റു വാങ്ങേണ്ടി വന്നു, മറ്റെന്തു നഷ്ടത്തെക്കാളും ചങ്കിലെ പ്രാണനായി ചേര്‍ത്തു വച്ച അച്ഛയുടെ വേര്‍പാട് പറയാന്‍ സാധിക്കാത്ത വിധം എന്നെ തളര്‍ത്തി. ജീവിതമാകെ അര്‍ത്ഥശൂന്യമായി, നിരാശയാല്‍ മനസ്സ് തകര്‍ന്നു. ഇന്ന് ഞാന്‍ ഈ ലോകത്ത് ജീവനോടെ ഉണ്ടെങ്കില്‍ അതിനു ഒരേയൊരു കാരണമേയോള്ളൂ –“എന്‍റെ ഈശോ”. എന്‍റെ മനസ്സിലെ വലിയൊരു കുറവ്, ആത്മഹത്യ പ്രവണത പാടെ തുടച്ചു നീക്കാന്‍ എന്‍റെ ഈശോയ്ക്കു മാത്രമേ കഴിഞ്ഞോള്ളൂ.

അച്ഛയുടെ അടുത്ത് എളുപ്പം എത്താന്‍ 9 പ്രാവശ്യം ആത്മഹത്യക്ക് ശ്രമിച്ച ആളാണ്‌ ഞാന്‍. ഒറ്റയ്ക്ക് ഞാന്‍ അധിക സമയം ഇരുന്നാല്‍ എന്നെ അറിയാവുന്നവരുടെ നെഞ്ചിടിപ്പ് കൂടുമായിരുന്നു. ആ ചിന്തയില്‍ നിന്ന് ഒരു വിധത്തിലും എനിക്ക് രക്ഷപ്പെടാന്‍ പറ്റുന്നില്ലായിരുന്നു. അത്ര മനശക്തി ഇല്ലാത്ത ആള്‍ആയിരുന്നില്ല ഞാന്‍. ഞാന്‍ എന്നോട് തന്നെ പലപ്പോഴും ചോദിച്ചിട്ടുണ്ട് –ആത്മീയജീവിതത്തില്‍ മുന്നോട്ടു പോകുന്ന ഞാന്‍, ഉറച്ച ദൈവവിശ്വാസിയായ ഞാന്‍ എന്ത്കൊണ്ട് ഈ കാര്യത്തില്‍ പതറിപോകുന്നു? ദൈവസ്നേഹവും വിശ്വാസവും കൊണ്ട് തെറ്റുകളില്‍ നിന്ന് അകന്നു ജീവിക്കാന്‍ വലിയ ബുദ്ധിമുട്ട് കൂടാതെ സാധിക്കുമ്പോഴും ഈ കാര്യത്തില്‍ എന്തുകൊണ്ട് ഞാന്‍ വീണുപോകുന്നു? ജീവിക്കാന്‍ ഒട്ടും താത്പര്യം ഇല്ലായിരുന്നു, നിരാശ മാത്രം.

എന്നാല്‍ ഞാന്‍ പോലും അറിയാതെ ഈശോ വി.ബൈബിളിലൂടെ, വി.കുര്‍ബാനയിലൂടെ എന്‍റെ ഹൃദയത്തിലേക്ക്, മനസ്സിലേക്ക്, ആത്മാവിലേക്ക് ആഴത്തില്‍ ഇറങ്ങി എന്നെ ശക്തിപ്പെടുത്തി, ആ ദിവ്യസ്നേഹത്താല്‍ എന്നെ എപ്പോഴും പൊതിഞ്ഞു പിടിച്ചു, എന്നെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നു. മരിക്കാന്‍ ഭയമില്ലെങ്കിലും എനിക്ക് ഇന്ന് ജീവിക്കാന്‍ ആഗ്രഹമാണ്. എന്നെ ഈ ഭൂമിയില്‍ പിടിച്ചു നിര്‍ത്തുന്നത് ഒന്നെയോള്ളൂ- വി.കുര്‍ബാന. ഓരോ കുര്‍ബാനയും എനിക്ക് ഒരു അനുഭവമാണ്. കണ്ണുനീരോടെയാണ് ഞാനിത് ടൈപ്പ് ചെയ്യുന്നത്.

ആരെയും തോല്‍പ്പിക്കാനുമല്ല, ഒന്നിനെയും തകര്‍ക്കാനുമല്ല ഞാന്‍ എന്റെ ഈശോയേ സ്വീകരിച്ചത്, ഈശോയുടെതായത്, ഒരു നസ്രാണി ആയത്. എനിക്കെന്‍റെ ഈശോയെ സ്വീകരിക്കാതെ ജീവിക്കാന്‍ പറ്റില്ലായിരുന്നു. സ്നേഹത്താല്‍ അത്രമാത്രം എന്നെ കീഴ്പ്പെടുത്തി, സ്വന്തമാക്കി, സ്വന്തമായി എന്‍റെ ഈശോ.

2011-ല്‍ മലയാറ്റൂര്‍മല നാലാം സ്ഥലം മുതല്‍ മുട്ടില്‍കയറി മുട്ടിലെ തൊലിപൊട്ടി അടര്‍ന്നപ്പോളും ചിരിയോടെ ഈശോയുടെ സ്നേഹത്തെപ്പറ്റി കൂടെയുള്ളവരോട്‌ പറഞ്ഞപ്പോള്‍, അച്ചു ക്രിസ്ത്യാനി ആവും എന്ന് പറഞ്ഞവരോട് അവിടെ നിന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട് –എന്‍റെ ഈശോയെ എനിക്കിഷ്ടമാണ്, എന്നാലും മരിക്കുനത് വരെ ഞാന്‍ ഹിന്ദുവായിരിക്കുന്നു. പക്ഷേ, 2014-ല്‍ എന്നെ കാത്തിരുന്നത് വലിയ വലിയ ദൈവാനുഭവങ്ങള്‍ ആണ്. പെട്ടെന്ന് ഒരു ദിവസം തോന്നിയ ഭ്രമം അല്ല എന്‍റെ ക്രിസ്തീയത, എന്‍റെ 33 വര്‍ഷത്തെ ജീവിതം മാറ്റി വരയ്ക്കാന്‍ ഞാന്‍ ഒരു രാത്രി കൊണ്ട് തീരുമാനിച്ചതല്ല.

എനിക്കു എന്‍റെ ഈശോ ഇല്ലാതെ, എന്‍റെ ഈശോയുടെതാവാതെ ഒരു നിമിഷം പോലും പറ്റില്ലാ എന്ന് പൂര്‍ണമായി മനസ്സിലാക്കിയിട്ടും ചങ്ക് പൊടിയുന്ന വേദനയോടെ മാസങ്ങള്‍ ഞാന്‍ തീചൂളയില്‍ എന്‍റെ വിശ്വാസത്തെ ഉരുക്കി പൂര്‍ണമാക്കുകയായിരുന്നു. എന്‍റെ ജീവിതമെ, ഞാനെ എന്തിനാണെന്നുള്ള തിരിച്ചറിവ് അതായിരുന്നു ആ വര്‍ഷം. മരണത്തിനോ, ഡിപ്രഷനോ വിട്ടുകൊടുക്കാതെ, ഒരു നിമിഷം പോലും എന്നില്‍ നിന്ന് മാറാതെ എന്‍റെ ഈശോ ആ തിരുഹൃദയത്തോട് ചേര്‍ത്തുപിടിച്ചു എന്നെ. കണ്ണിലെ കൃഷ്ണമണിയെക്കാള്‍ എന്നെ കരുതി. എന്നിലെ ചിന്തകളിലെ വൈകല്യങ്ങളെ തുടച്ചുമാറ്റി.

നിന്നോള്ളം വലുതല്ല എനിക്കൊന്നും എന്ന് പറയുന്ന ദൈവത്തെ ഞാന്‍ അനുഭവിച്ചു. നിന്നെ എനിക്ക് ആവശ്യമുണ്ടെന്നു പറയുന്ന ദൈവത്തെ ഞാന്‍ തിരിച്ചറിഞ്ഞു. എനിക്കായി കാത്തിരുന്ന ദൈവത്തെ ഞാന്‍ വ്യക്തതയോടെ അറിഞ്ഞ നിമിഷം, എന്നെ-ഇനിയുള്ള എന്‍റെ ജീവിതത്തെ പൂര്‍ണമായി സമര്‍പ്പിച്ചു ഞാന്‍. ഒരു ദിവസമെങ്കില്‍ ഒരു ദിവസം ജീവിക്കുന്നുണ്ടെങ്കില്‍ ഈശോയെ സ്വന്തമാക്കി ജീവിക്കുംന്നു ഉറപ്പിച്ചു ഞാന്‍. ഒന്നര ഇഞ്ചിലധികം ആഴമുള്ള, മൂന്നു ദിവസം പഴക്കമുള്ള, പഴുത്തുവിങ്ങാന്‍ തുടങ്ങിയ മുറിവ്, ഒരു രാത്രി കൊണ്ട് ഡ്രൈ ആക്കിയ എന്‍റെ ഈശോയുടെ സ്നേഹത്താല്‍ നിറഞ്ഞ സമയം പറയാന്‍ വാക്കുകള്‍ ഇല്ല.

അച്ച പോയതിനു ശേഷം- 10വര്‍ഷത്തിനു ശേഷം ഉറക്കഗുളികയെ ആശ്രയിക്കാതെ ഞാന്‍ ആദ്യമായി ഉറങ്ങിയത് അന്നാണ്. ഇതൊക്ക എങ്ങനെയാണ് ഞാന്‍ പറഞ്ഞു മനസ്സിലാക്കിക്കേണ്ടത്? എന്‍റെ ഈ തീരുമാനത്തെ ഏറ്റവും എതിര്‍ത്തത് എന്നെ അറിയുന്ന ക്രിസ്ത്യാനികള്‍ ആയിരുന്നു. ഒരു ക്രിസ്ത്യാനികളും എന്നെ മതംമാറാന്‍ പ്രലോഭിപ്പിച്ചിട്ടില്ല. പ്രിയപ്പെട്ടവരേ, പൈസ വാങ്ങിച്ചു സ്വീകരിക്കാന്‍ പറ്റുന്നതല്ല വിശ്വാസം. ബ്രെയിന്‍ വാഷ്‌ ചെയ്തു മാറ്റാന്‍ പറ്റുന്നതല്ല മതം. മതപരിവര്‍ത്തനത്തെകുറിച്ച് ഒരു വാക്ക് പറഞ്ഞുകൊള്ളട്ടെ, ക്രിസ്ത്യന്‍ മിഷനറിമാര്‍ വന്‍കിട രാഷ്ട്രങ്ങളില്‍ പോയി സാമ്പത്തിക നേട്ടത്തിനല്ല സേവനം ചെയ്യുന്നത്. പട്ടിണി പാവങ്ങള്‍ക്കിടയില്‍, അറിവില്ലായ്മയാല്‍ അപരിഷ്ക്രതരായി ജീവിക്കുന്നവരുടെ ഇടയില്‍, ദൈവവിശ്വാസരാഹിത്യത്താല്‍ ജീവിതമൂല്യങ്ങള്‍ ഇല്ലാതെ ജീവിക്കുന്നവരുടെ ഇടയില്‍ ഒക്കെയാണ് ട്ടോ സേവനം ചെയ്യുന്നത്.

ഒറീസ്സയില്‍ 10/50 രൂപയും, 1/3 kg അരിയും മാത്രം വാങ്ങി പഠിപ്പിക്കുന്ന സ്കൂളുകള്‍ ഉണ്ട്. നോര്‍ത്ത് ഈസ്റ്റില്‍ നഗ്നരായും സംസ്ക്കാരശുന്യരായി ജീവിക്കുന്നവരെയും, പ്രാഥമികആവശ്യങ്ങള്‍ക്ക് പോലും വലിയ സൌകര്യമില്ലാതെ കഷ്ടപ്പെട്ട് ജീവിച്ച് അവരെ ഉദ്ധരിക്കുന്ന പ്രിയ സമര്‍പ്പിതരേ അറിയാം. അന്യരാജ്യങ്ങളില്‍ പോയി പ്രഭാഷണങ്ങള്‍ നടത്തുന്ന ഹരേ രാമ ഹരേ കൃഷ്ണ പ്രസ്ഥാനത്തെയോ, ശ്രീ ശ്രീ രവിശങ്കര്‍ പ്രസ്ഥാനത്തെയോ, മാതാ അമൃതാനന്ദമയിയെയോ ഇവിടെ ആരും വിമര്‍ശിക്കുന്നില്ല, അവര്‍ ചെയുന്ന നന്മകള്‍ മനസ്സിലാക്കുന്നു. ആരും വിമര്‍ശനാതീതര്‍ അല്ല എന്ന് മറക്കരുതുട്ടോ.

ഒരു കാര്യംകൂടി പറഞ്ഞുകൊണ്ട് നിര്‍ത്തുന്നു --- എല്ലാ മതങ്ങളുടെയും ഏറ്റവും പരമമായ ലക്‌ഷ്യം മോക്ഷം ആണ്. മറ്റൊരു തരത്തില്‍ ചിന്തിച്ചാല്‍, ദൈവത്തെ കണ്ടുമുട്ടല്‍. ആത്മീയമായി എത്ര വളര്‍ന്നാലും ദൈവത്തെ കാണുമ്പോള്‍ അത്ഭുതാദരവുകളോടെ സ്തുതിക്കാന്‍ മാത്രമേ ബൈബിള്‍ അല്ലാതെ മറ്റു മതഗ്രന്ഥങ്ങള്‍ ഒക്കെ എന്നെ പഠിപ്പിചോള്ളൂ. പക്ഷേ വി.ബൈബിളിലൂടെ എന്‍റെ ഈശോ എന്നെ മറ്റൊരു തലത്തില്‍ എത്തിച്ചു.

ഏറ്റവും വലിയ ആത്മീയ നേട്ടമായി ഞാന്‍ കരുതുന്നത്- “എന്‍റെ ഈശോയെ കണ്ടാല്‍, എന്‍റെ ദൈവത്തെ കണ്ടാല്‍ ഏറ്റവും വലിയ സ്നേഹ ബഹുമാനങ്ങളോടെ ഒട്ടും താമസിക്കാതെ, അതിശയിക്കാതെ കെട്ടിപിടിച്ചു ആ നെഞ്ചോടു ചേര്‍ന്ന് നില്‍ക്കാനുള്ള കൃപ”. അത്രയ്ക്ക് മനുഷ്യ മനസ്സിലേക്ക് ആഴ്ന്നിറങ്ങാന്‍, ഒരിത്തിരി പോലും അകല്‍ച്ച ഇല്ലാതെ നമ്മുടെ ഹൃദയത്തെ സ്വന്തമാക്കാന്‍, നമ്മില്‍ ഒന്നാവാന്‍ ആ ദിവ്യസ്നേഹത്തിന് മാത്രമേ സാധിക്കൂ. സ്നേഹത്തിന്‍റെ ഭക്തിയുടെ വിശ്വാസത്തിന്‍റെ ആത്മീയതയുടെ ഏറ്റവും വലിയ പൂര്‍ണത.

എന്‍റെ ജീവ ശ്വാസത്തെക്കാള്‍ എനിക്കു വലുത് എന്‍റെ ഈശോ ആണ്. എന്‍റെ ജീവനേക്കാളും ജീവിതത്തെക്കാളും എനിക്ക് പ്രിയപ്പെട്ട ഈശോ. ഒരു നസ്രാണി ആയി ജീവിക്കുന്നതില്‍ അങ്ങേയറ്റം സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നു. ഈ ലോകം മുഴുവന്‍ എന്നെ തനിച്ചാക്കിയാലും, അപമാനിച്ചാലും, എന്തൊക്കെ സഹിക്കേണ്ടിവന്നാലും തളരാതെ, പതറാതെ ഈ ജീവിതം ജീവിച്ചുതീര്‍ക്കാന്‍ എനിക്ക് എന്‍റെ ഈശോ മാത്രം മതി.

എന്നിലൂടെ എന്‍റെ ഈശോ ജീവിക്കണമേ എന്ന പ്രാര്‍ത്ഥനയോടെ, ഈശോയുടെ സമാധാനം ഏവര്‍ക്കും ആശംസിച്ചുകൊണ്ട്, ഈ ലോകം മുഴുവന്‍ കേള്‍ക്കുന്ന ശബ്ദത്തില്‍ ഈശോമിശിഹായെ സ്തുതിച്ചുകൊണ്ട്, മഹത്വപ്പെടുത്തി കൊണ്ട്

ഈശോയുടെ റോസ് മരിയ (അച്ചു).


Related Articles »