News - 2024

ഭാരതത്തില്‍ ഒന്‍പതു മാസത്തിനിടെ ക്രൈസ്തവര്‍ക്ക് നേരെ ഇരുനൂറിലധികം ആക്രമണങ്ങള്‍

സ്വന്തം ലേഖകന്‍ 25-09-2019 - Wednesday

ന്യൂഡല്‍ഹി: ഭാരതത്തില്‍ ക്രൈസ്തവർക്കു നേരെയുള്ള ആക്രമണം വർദ്ധിക്കുന്നതായുള്ള അന്താരാഷ്ട്ര സംഘടനകളുടെ പഠനഫലം സ്ഥിരീകരിക്കുന്ന മറ്റൊരു റിപ്പോര്‍ട്ട് കൂടി പുറത്ത്. കഴിഞ്ഞ ഒൻപത് മാസത്തിനിടെ ഇരുനൂറിലധികം ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളാണ് രാജ്യത്തു റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് അലിയൻസ് ഡിഫെൻഡിങ് ഫ്രീഡം നടത്തിയ പഠനങ്ങളില്‍ വ്യക്തമായി. ക്രൈസ്തവരെ കൂട്ടമായി ആക്രമിക്കുകയും പ്രാർത്ഥനാലയങ്ങളിലും മറ്റും എത്തി ഭീഷണിപ്പെടുത്തുന്നതും ആരാധനാലയങ്ങൾ തകർക്കുന്നതുമായ രീതികളാണ് പല സ്ഥലങ്ങളിലും കാണപ്പെടുന്നതെന്ന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഒന്‍പതു മാസത്തിനിടെ 218 ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും വെറും 25 കേസുകളിൽ മാത്രമാണ് എഫ്ഐആർ ഫയല്‍ ചെയ്തിരിക്കുന്നത്.

ഭാരതത്തിന്റെ ഭൂരിപക്ഷ സംസ്ഥാനങ്ങളും ഭരിക്കുന്ന തീവ്ര ഹിന്ദുത്വ നിലപാടുള്ള ബി‌ജെ‌പി ഭരണകൂടം പോലീസുമായി ഒത്തുചേര്‍ന്നു കേസ് ഒതുക്കി തീര്‍ക്കുകയാണെന്ന ആരോപണം നേരത്തെ മുതല്‍ ശക്തമാണ്. ഇതുശരിവെക്കുന്നതാണ് പുതിയ കണ്ടെത്തല്‍. അക്രമ വിവരം അറിഞ്ഞ് പോലീസ് എത്തുമെങ്കിലും സംഭവത്തിന് പിന്നില്‍ ഹിന്ദുത്വവാദികളാണെന്ന് തിരിച്ചറിയുന്നതോടെ പോലീസ് നിസംഗത പുലര്‍ത്തുകയാണ് പതിവ്. കഴിഞ്ഞ ഒന്‍പതു മാസത്തിനിടെ നിരവധി ക്രൈസ്തവ ദേവാലയങ്ങള്‍ക്കും ക്രിസ്ത്യന്‍ മാനേജ്മെന്‍റ് സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും നിരവധി ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഓപ്പണ്‍ ഡോഴ്‌സ് എന്ന ആഗോള സന്നദ്ധസംഘടനയുടെ കണക്കുകള്‍ പ്രകാരം ലോകത്ത് ക്രൈസ്തവര്‍ക്ക് ഭീഷണി നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ പത്താം സ്ഥാനത്താണ് ഇന്ത്യ. നാലു വര്‍ഷം മുന്പ് 31ാം സ്ഥാനത്തായിരുന്നു ഭാരതം. ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കു നേരേ വ്യാപിക്കുന്ന അക്രമങ്ങളും ഭീഷണികളും ദി ഗാര്‍ഡിയന്‍, ന്യൂയോര്‍ക്ക് ടൈംസ്, ബിബിസി അടക്കമുള്ള മാധ്യമങ്ങള്‍ നിരവധി തവണ റിപ്പോര്‍ട്ട് ചെയ്തിരിന്നു.


Related Articles »