News - 2024

ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണം ഫേസ്ബുക്കില്‍ തത്സമയ സപ്രേഷണം ചെയ്ത് ബജ്രംഗ്ദള്‍

സ്വന്തം ലേഖകന്‍ 02-10-2019 - Wednesday

കൊഡെമ: ആഗോളതലത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായ മോശമാക്കിക്കൊണ്ട് ക്രൈസ്തവര്‍ക്ക് നേരെ തീവ്ര ഹിന്ദുത്വവാദികളുടെ ആക്രമണം വീണ്ടും. ജാര്‍ഖണ്ഡിലെ കൊഡെമ ജില്ലയിലെ ഡോംചാഞ്ച് ഗ്രാമത്തില്‍ സമാധാനപരമായി ആരാധന നടത്തിക്കൊണ്ടിരുന്ന ക്രിസ്ത്യാനികളെ ആക്രമിച്ച് ആരാധന തടസ്സപ്പെടുത്തുകയും, അതിന്റെ ദൃശ്യങ്ങള്‍ ഫേസ്ബുക്കിലൂടെ തത്സമയ സംപ്രേഷണം ചെയ്തുകൊണ്ടുമാണ് ബജ്രംഗ്ദള്‍ ആരാധനാസ്വാതന്ത്ര്യം നിഷേധിച്ചത്. ആരാധനക്ക് നേതൃത്വം നല്‍കിയ പാസ്റ്ററേയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളേയും കയ്യേറ്റം ചെയ്യുന്നതിനോടൊപ്പം പ്രദേശം മുഴുവനും ക്രിസ്ത്യന്‍ വിമുക്തമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നു പറയുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ ബജ്രംഗ്ദളിന്റെ പ്രാദേശിക കണ്‍വീനര്‍ യാത്താവ് ഫേസ്ബുക്കില്‍ തത്സമയം സംപ്രേക്ഷണം ചെയ്യുകയായിരിന്നു.

സെപ്റ്റംബര്‍ 8 ഞായറാഴ്ച രാവിലെ സംഘം ചേര്‍ന്നെത്തിയ അന്‍പതോളം ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ നാല്‍പ്പതോളം വരുന്ന ക്രൈസ്തവരുടെ കൂട്ടായ്മക്കിടയിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. കേട്ടാലറക്കുന്ന അസഭ്യവര്‍ഷവുമായെത്തിയ അക്രമികളെ തടയുവാനുള്ള ശ്രമത്തിലാണ് പാസ്റ്റര്‍ മനോഹര്‍ പ്രസാദ് വണ്‍വാലിനും, അദ്ദേഹത്തിന്റെ പത്നി സാവിത്രി ദേവിയും അക്രമത്തിനിരയായത്. രംഗം ശാന്തമായപ്പോള്‍ വിശുദ്ധ ഗ്രന്ഥം വലിച്ചുകീറപ്പെട്ട നിലയിലും, ദേവാലയ സാമഗ്രികള്‍ നശിപ്പിക്കപ്പെട്ട നിലയിലുമായിരുന്നു. നേര്‍ച്ചപ്പെട്ടി ഉള്‍പ്പെടെയുള്ള നിരവധി സാധനങ്ങള്‍ അക്രമികള്‍ മോഷ്ടിച്ചിട്ടുണ്ട്. അക്രമികളെ തിരിഞ്ഞു നോക്കാതെ അക്രമത്തിനിരയായ ക്രിസ്ത്യാനികളെ മാത്രം അറസ്റ്റ് ചെയ്തതു ഭരണകൂടത്തിന്റെ തീവ്രഹിന്ദുത്വ അജണ്ട വ്യക്തമാക്കുകയാണ്.

ഇനിയൊരിക്കലും പ്രാര്‍ത്ഥനയോ സുവിശേഷ പ്രചാരണമോ നടത്തുകയില്ലെന്ന്‍ എഴുതിയ ഒരു പേപ്പറില്‍ പോലീസും വര്‍ഗ്ഗീയ വാദികളും തന്നെക്കൊണ്ട് നിര്‍ബന്ധപൂര്‍വ്വം ഒപ്പുരേഖപ്പെടുത്തിയെന്ന് പാസ്റ്റര്‍ വിനോദ് ആരോപിച്ചു. എന്നാല്‍ പോലീസ് ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. ഇതിനുമുന്‍പും പാസ്റ്റര്‍ വിനോദിനും മറ്റൊരു വിശ്വാസിക്ക് നേര്‍ക്കും സമാനമായ ആക്രമണങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നു എന്ന വ്യാജ ആരോപണവുമായിട്ടായിരുന്നു ഇവരെ മര്‍ദ്ദിച്ചത്. ഇന്ത്യയില്‍ സുവിശേഷ പ്രഘോഷണവും, മതപരിവര്‍ത്തനവും നിയമപരമാണെന്ന വസ്തുത നിലനില്‍ക്കേയാണ് പോലീസ് വര്‍ഗ്ഗീയവാദികള്‍ക്ക് ഒത്താശ ചെയ്യുന്നതെന്ന വസ്തുത ആശങ്കാജനകമാണ്.


Related Articles »