News - 2024
മാർപാപ്പ യേശുവിന്റെ ദൈവീക അസ്ഥിത്വത്തെ നിഷേധിച്ചുവെന്ന് വ്യാജ പ്രചരണം
സ്വന്തം ലേഖകന്‍ 11-10-2019 - Friday
വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പയുടെ പേരില്‍ വീണ്ടും വ്യാജ പ്രചരണവുമായി ഇറ്റാലിയൻ മാധ്യമപ്രവർത്തകനായ യുജിനിയോ സ്കൾഫാരി. യേശു ക്രിസ്തു ദൈവമാണെന്ന് താൻ വിശ്വസിക്കുന്നില്ലായെന്ന് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞതായാണ് ഇയാള്‍ അവകാശവാദമുന്നയിച്ചത്. എന്നാല്‍ ഇതിനെ പൂര്‍ണ്ണമായും നിഷേധിച്ച് വത്തിക്കാൻ രംഗത്തെത്തിയിട്ടുണ്ട്. ഫ്രാൻസിസ് മാർപാപ്പ പറഞ്ഞ കാര്യങ്ങളെ സ്വതന്ത്രമായ വ്യാഖ്യാനം നൽകി യുജിനിയോ സ്കൾഫാരി പുനഃസൃഷ്ടിച്ചത് വിശ്വാസയോഗ്യമായി പരിഗണിക്കാനാവില്ലെന്ന് വത്തിക്കാൻ മാധ്യമ വിഭാഗം തലവൻ പൗളോ റുഫിനി ഒക്ടോബർ പത്താം തീയതി നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
യേശുക്രിസ്തു പൂർണ്ണ ദൈവവും പൂർണ്ണ മനുഷ്യനുമാണെന്ന യാഥാർത്ഥ്യം വത്തിക്കാന്റെ ഔദ്യോഗിക പ്രബോധനങ്ങളിലും, ഫ്രാൻസിസ് മാർപാപ്പയുടെ പ്രബോധനങ്ങളിലും കാണാൻ സാധിക്കുമെന്നും പൗളോ റുഫിനി കൂട്ടിച്ചേർത്തു. ഒക്ടോബർ ഒന്‍പതാം തീയതി പ്രസിദ്ധീകരിച്ച 'ലാ റിപ്പബ്ലിക്ക' എന്ന ഇറ്റാലിയൻ പത്രത്തിലെഴുതിയ ലേഖനത്തിലാണ് വിവാദപരമായ പരാമർശം സ്കൾഫാരി നടത്തിയത്. ഫ്രാൻസിസ് മാർപാപ്പ പറഞ്ഞുവെന്ന് സ്കൾഫാരി അവകാശപ്പെടുന്ന കാര്യങ്ങളെല്ലാം അദ്ദേഹത്തിന്റെ തന്നെ വ്യക്തിപരവും, സ്വതന്ത്രവുമായ വ്യാഖ്യാനമാണെന്ന് വിശദീകരിച്ച് വത്തിക്കാൻ വക്താവ് മറ്റിയോ ബ്രൂണിയും ഒക്ടോബർ ഒമ്പതാം തീയതി പത്രക്കുറിപ്പിറക്കിയിരുന്നു.
കുറച്ചുനാൾമുമ്പ് താൻ മാർപാപ്പയുമായി ചർച്ച ചെയ്ത കാര്യം എന്നാണ് പ്രസ്തുത വിഷയത്തെ യുജിനിയോ സ്കൾഫാരി തന്റെ ലേഖനത്തിൽ വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷവും ഇതിനു സമാനമായ വ്യാജ പ്രചരണം നടന്നിരിന്നു. നരകം ഇല്ല എന്നു പാപ്പ പറഞ്ഞതായി അവകാശപ്പെട്ടുകൊണ്ടാണ് അന്നു സ്കൾഫാരി രംഗത്തെത്തിയത്. ഇതിനു പിന്നാലേ വ്യാജ പ്രചരണമാണെന്ന് വത്തിക്കാന്‍ പ്രസ്താവനയിറക്കിയിരിന്നു. 95 വയസ്സുള്ള സ്കൾഫാരി നിരീശ്വരവാദിയാണെന്നതും പാപ്പയുമായി ഇദ്ദേഹം കൂടിക്കാഴ്ച നടത്തിയിട്ടു രണ്ടു വര്‍ഷമായി എന്നതും ഇദ്ദേഹം നടത്തിയത് നുണപ്രചരണമാണെന്ന് കൂടുതല്‍ സാധൂകരിക്കുകയാണെന്ന്‍ നിരീക്ഷകര്‍ പറയുന്നു.