News - 2024

വാഴ്ത്തപ്പെട്ട മറിയം ത്രേസ്യായുടെ വിശുദ്ധപദവി: വത്തിക്കാനില്‍ ഇന്നു പ്രത്യേക പ്രാര്‍ത്ഥന

സ്വന്തം ലേഖകന്‍ 12-10-2019 - Saturday

റോം: വാഴ്ത്തപ്പെട്ട മറിയം ത്രേസ്യായുടെ വിശുദ്ധപദവി പ്രഖ്യാപനത്തോടനുബന്ധിച്ച് റോമിലെ നാലു പ്രസിദ്ധ ബസിലിക്കകളിലൊന്നായ സാന്താ മരിയ മജോരയില്‍ സീറോ മലബാര്‍ വിശ്വാസ സമൂഹം ഒരുക്കുന്ന പ്രത്യേക പ്രാര്‍ത്ഥന ഇന്നു (12/10/2109)വൈകീട്ട് 4 മണിക്ക് നടക്കും. വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കായുള്ള തിരുസംഘത്തിന്റെ പ്രസിഡന്റ് കര്‍ദ്ദിനാള്‍ ജിയോവാനി ആഞ്ജലോ ബേച്ചു, തൃശൂര്‍ അതിരൂപത ആര്‍ച്ചുബിഷപ്പ് മാര്‍ ആൻഡ്രൂസ് താഴത്ത്, യൂറോപ്പിലെ അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ ബിഷപ്പ് മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് എന്നിവര്‍ ജാഗരണ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കുന്നു.

സീറോ മലബാര്‍ മേജര്‍ ആര്‍ച്ചു ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി, സി.ബി.സി.ഐ പ്രസിഡന്റ് കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് എന്നിവര്‍ക്കൊപ്പം സീറോ മലബാര്‍ സഭയിലെ 44 പിതാക്കന്മാര്‍ പ്രത്യേക പ്രാര്‍ത്ഥനാ യജ്ഞത്തില്‍ പങ്കെടുക്കും. ബസിലിക്ക സങ്കീര്‍ത്തിയില്‍നിന്നും ഉച്ചക്കഴിഞ്ഞ് 3.50 ന് പ്രദക്ഷിണത്തോടെയാണ് കര്‍മ്മങ്ങള്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് ഹോളി ഫാമിലി സന്ന്യാസിനീ സമൂഹ വികാര്‍ ജനറാള്‍ സിസ്റ്റർ പുഷ്പ എച്ച്.എഫ്., ജനറല്‍ കൗണ്‍സിലര്‍ സിസ്റ്റർ മാരിസ് സ്റ്റെല്ല എന്നിവര്‍ വാത്തേപ്പെട്ട മറിയം ത്രേസ്യായുടെ രൂപത്തിനു മുമ്പില്‍ പ്രത്യേക സമര്‍പ്പണം നടത്തുന്നു.

കര്‍ദ്ദിനാള്‍ ജിയോവാനിയുടെ മുഖ്യകാര്‍മികത്വത്തില്‍ സായാഹ്നപ്രാര്‍ഥനയും തുടര്‍ പ്രാര്‍ഥനകളും നടക്കും. വായനകള്‍ക്ക് സിസ്റ്റർ ഭവ്യ സി.എച്ച്.എഫ്., സുപ്രീംകോടതി മുന്‍ ജസ്റ്റിസ് കുര്യന്‍ ജോസഫ് എന്നിവര്‍ നേതൃത്വം നല്കും. കര്‍ദ്ദിനാള്‍ ജിയോവാനി ആഞ്ജലോയായിരിക്കും ജാഗരണ പ്രാര്‍ത്ഥനയില്‍ വചന വ്യാഖ്യാനം നടത്തുക. സിഞ്ഞോറ അഡ്രിയാന, മദര്‍ സിസ്റ്റർ. പ്രസന്ന തട്ടില്‍, സിസ്റ്റർ രഞ്ജന, മര്‍ഗരേത്ത റിട്ടര്‍, സിസ്റ്റർ ഒലിവെ ജെയിന്‍ എന്നിവര്‍ കാറോസൂസകള്‍ വായിക്കും. ഫാ. സനല്‍ മാളിയേക്കല്‍, ഫാ. പോള്‍ റോബിന്‍ തെക്കേത്ത് എന്നിവര്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് പൊതുവായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതാണ്. പ്രാര്‍ത്ഥനകള്‍ക്കു മുമ്പായി ഡോ. ക്ലെമന്റ് ചിറയത്ത് വാഴ്ത്തപ്പെട്ട മറിയം ത്രേസ്യായുടെ ലഘു ജീവചരിത്രം വായിക്കും.


Related Articles »