News - 2025
വിശുദ്ധ ജോൺ പോൾ രണ്ടാമനെ വേദപാരംഗത പദവിയിലേക്ക് ഉയര്‍ത്തണമെന്നു ആവശ്യം
സ്വന്തം ലേഖകന്‍ 24-10-2019 - Thursday
ക്രാക്കോ: വിശുദ്ധ ജോൺ പോൾ രണ്ടാമനെ യൂറോപ്പിന്റെ മധ്യസ്ഥ വിശുദ്ധനും വേദപാരംഗതനുമായി പ്രഖ്യാപിക്കാൻ അഭ്യർത്ഥിച്ച് പോളിഷ് മെത്രാന്‍ സമിതി. പോളണ്ടിലെ കാത്തലിക് ബിഷപ്പ് കോൺഫറൻസ് കോൺഫറൻസ് അധ്യക്ഷൻ ആർച്ച്ബിഷപ്പ് സ്റ്റാനിസ്ലോ ഗോഡെക്കിയാണ് ഫ്രാൻസിസ് പാപ്പയ്ക്ക് ഇതുസംബന്ധിച്ച അഭ്യർത്ഥന രേഖാമൂലം കൈമാറിയിരിക്കുന്നത്. അതേസമയം ദീർഘകാലം വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ പേഴ്‌സണൽ സെക്രട്ടറിയായിരുന്ന കർദ്ദിനാൾ സ്റ്റാനിസ്ലോ ഡിവിസ്, ഉൾപ്പെടെയുള്ള ബിഷപ്പുമാർ ആർച്ച്ബിഷപ്പ് ഗോഡെക്കിയുടെ അഭ്യർത്ഥനയെ പിന്തുണച്ചിട്ടുണ്ട്.
അര നൂറ്റാണ്ടിലേറെക്കാലം രണ്ടായി നിന്നിരുന്ന യൂറോപ്പിൽ ഐക്യം പുനസ്ഥാപിക്കാൻ ജോണ്‍ പോള്‍ രണ്ടാമന്‍ നൽകിയ സംഭാവനയാണ് അദ്ദേഹത്തെ മഹനീയനാക്കുന്നതെന്നും അദ്ദേഹത്തിന്റെ നേതൃത്വം സഭയിൽ മനോഹരമായ അന്തരീക്ഷം സൃഷ്ടിക്കാനും നല്ല സംസ്‌കാരം വളർത്താനും സംഭാവനകൾ നൽകിയിട്ടുണ്ടെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. യൂറോപ്യൻ മൂല്യങ്ങൾ സംരക്ഷിക്കാനും അത് ആധുനികതയുടെ മായാത്ത അടിത്തറയായി നിലനിർത്താനും വലിയ പങ്ക് വഹിച്ച വിശുദ്ധ ജോൺ പോൾ രണ്ടാമൻ യഥാർത്ഥ അധ്യാപകനും സഭയുടെ ആചാര്യനുമാണെന്നും കത്തില്‍ സൂചിപ്പിക്കുന്നു. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ തിരുനാള്‍ ദിനമായ ഒക്ടോബര്‍ 22നാണ് മെത്രാന്‍ സമിതി അഭ്യര്‍ത്ഥന പാപ്പയ്ക്കു കൈമാറിയിരിക്കുന്നതെന്ന വസ്തുതയും ശ്രദ്ധേയമാണ്.