India - 2024
കുട്ടനാട്ടിലെ കൃഷി നാശം, സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം: മാര്‍ തോമസ് തറയില്‍
സ്വന്തം ലേഖകന്‍ 29-10-2019 - Tuesday
ചങ്ങനാശേരി: കുട്ടനാട്ടിലെ നെല്‍കൃഷി നാശം നേരിട്ട കര്‍ഷകര്‍ക്ക് അടിയന്തര സഹായമെത്തിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ ഇടപെടണമെന്ന് ചങ്ങനാശേരി അതിരൂപതാ സഹായമെത്രാന്‍ ബിഷപ്പ് മാര്‍ തോമസ് തറയില്‍ ആവശ്യപ്പെട്ടു. കുട്ടനാട്ടിലെ വെണ്ണേലി, വരമ്പിനകം, പടച്ചാല്‍, കൊക്കണം, അറുനൂറ്റുംപാം, മുന്നൂറ്റുംപാടം, നാട്ടായം, കോയിക്കരി, ചിറയ്ക്കപ്പുറം, ഉമ്പുക്കാട്ട്, തുടങ്ങിയ പാടശേഖരങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് മാര്‍ തോമസ് തറയില്‍ സര്‍ക്കാരിനോട് ഈ ആവശ്യം ഉന്നയിച്ചത്.
അടിക്കടി ഉണ്ടാകുന്ന പ്രളയവും കൃഷിനാശവും അനുബന്ധ ബുദ്ധിമുട്ടുകളും കര്‍ഷകര്‍ക്ക് താങ്ങാവുന്നതിലധികം ആണെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകര്‍ക്കുണ്ടായ വലിയ നഷ്ടം കണക്കാക്കുന്നതിനും നഷ്ടപരിഹാരം നല്‍കുന്നതിനും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും സത്വരനടപടികള്‍ ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചങ്ങനാശേരി അതിരൂപതാ കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തിലാണ് പാടശേഖരങ്ങള്‍ സന്ദര്‍ശിച്ചത്.