Faith And Reason - 2024
'താന്‍ കാത്തിരിന്ന ദിവസം': ജപ്പാനിലെ ക്രൈസ്തവ രക്തസാക്ഷി സ്മാരകത്തിൽ പാപ്പ
സ്വന്തം ലേഖകന്‍ 25-11-2019 - Monday
നാഗസാക്കി: ജപ്പാന്‍ സന്ദര്‍ശനത്തിനിടെ ക്രൈസ്തവ വിശ്വാസത്തെ പ്രതി രക്തസാക്ഷികളായി മാറിയ വിശുദ്ധ പോൾ മിക്കിയുടെയും കൂട്ടരുടെയും നാഗസാക്കിയിലെ രക്തസാക്ഷി സ്മാരകം ഫ്രാൻസിസ് മാർപാപ്പ സന്ദർശിച്ചു. സ്മാരകത്തിൽ പുഷ്പങ്ങള്‍ സമര്‍പ്പിച്ച ശേഷം പാപ്പ സന്ദേശം നല്‍കി. സെമിനാരി വിദ്യാര്‍ത്ഥിയായിരിക്കെ ജപ്പാനിലെ രക്തസാക്ഷികളുടെ വിശ്വാസ ധീരതയോര്‍ത്ത് ആവേശംകൊണ്ടതും, ഈ പുണ്യഭൂമിയിലെ മിഷ്ണറിയാകണെന്ന് ആഗ്രഹിച്ചതും പാപ്പാ അനുസ്മരിച്ചു. താന്‍ കാത്തിരുന്നൊരു ദിവസമാണിതെന്നും സ്വപ്നസാക്ഷാത്ക്കാരമാണിതെന്നും ഒരു തീര്‍ത്ഥാടകനായി നില്ക്കുകയാണെന്നുമുള്ള ആമുഖത്തോടെയാണ് പാപ്പയുടെ സന്ദേശം ആരംഭിച്ചത്.
ഈശോ നമ്മൾക്ക് നൽകാൻ ആഗ്രഹിക്കുന്ന, പുതിയ ജീവിതത്തിന്റെ വിത്തായി രക്തസാക്ഷികളുടെ ചുടുനിണം മാറുമെന്നതിനാൽ, ഇവിടെ നാം മരണത്തിന്റെയും, രക്തസാക്ഷിത്വത്തിന്റെയും അന്ധകാരം മാത്രമല്ല, മറിച്ച് ഉയർപ്പിന്റെ പ്രകാശവും കാണുന്നുണ്ടെന്ന് പോൾ മിക്കിയോടൊപ്പം രക്തസാക്ഷിത്വം വരിച്ച ഒരാളുടെ പിന്മുറക്കാർ നൽകിയ തിരി തെളിയിച്ചു കൊണ്ട് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. . വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ വാക്കുകളും അദ്ദേഹം സന്ദേശത്തില്‍ പരാമര്‍ശിച്ചു. ജോണ്‍ പോള്‍ രണ്ടാമന്‍ ഈ കുന്നില്‍നിന്നു പറഞ്ഞത്, “ഇത് രക്തസാക്ഷികളുടെ കുന്നല്ല, സുവിശേഷത്തിലെ അഷ്ടഭാഗ്യങ്ങളുടെ കുന്നാണ്. കാരണം ഇവിടെ മനുഷ്യഹൃദയങ്ങള്‍ രക്ഷസാക്ഷികളുടെ ജീവസമര്‍പ്പണത്തിന്‍റെ ചൈതന്യത്താലും പരിശുദ്ധാത്മ ശക്തിയാലും തിന്മകളില്‍നിന്നും സ്വാര്‍ത്ഥതതയില്‍നിന്നും, നിസംഗതയില്‍നിന്നും, സുഖലോലുപതയില്‍നിന്നും, അഹങ്കാരത്തില്‍നിന്നും സ്വതന്ത്രമാക്കപ്പെടുന്ന പുണ്യസ്ഥാനമാണിത്”.
ക്രിസ്തുവിന്‍റെ ഉയര്‍പ്പിന്‍റെ സ്മാരകമാണ് ഈ മല. കാരണം എല്ലാ വിപരീത സാക്ഷ്യങ്ങള്‍ക്കും എതിരെ മരണത്തെ ജയിച്ച് ഉത്ഥാനം ചെയ്ത ക്രിസ്തുവിന്‍റെ ജീവനു സാക്ഷ്യ വഹിച്ചവരാണ് രക്തസാക്ഷികള്‍. അതിനാല്‍ രക്തസാക്ഷിത്വത്തിന്‍റെ ജീവസമര്‍പ്പണത്തിനും അപ്പുറം ജീവനും പ്രകാശവും പുനരുത്ഥാനവും നമുക്കു കാണാമിവിടെ. വിശ്വാസസാക്ഷികളായ രക്തസാക്ഷികള്‍ നമ്മെ വിശ്വാസത്തില്‍ ദൃഢപ്പെടുത്തുന്നു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പീഡനങ്ങല്‍ സഹിക്കുന്ന ക്രൈസ്തവരുമായി ഈ കുന്നില്‍നില്ക്കുന്ന സകലരും ഐക്യപ്പെടുന്നുണ്ട്. സുവിശേഷത്തിലെ അഷ്ടഭാഗ്യങ്ങളാല്‍ പ്രചോദിതരായി സഹിക്കുകയും കുരിശിലേറ്റപ്പെടുകയും ചെയ്യുന്നവര്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും നിരവധിയാണെന്നും പാപ്പ പറഞ്ഞു.
1597 ഫെബ്രുവരി 5-ന് ഈശോ സഭയിലെ അര്‍ത്ഥിയായിരിക്കെ 22 വയസ്സുള്ളപ്പോഴാണ് വിശുദ്ധ പോൾ മിക്കിയും കൂട്ടരും ക്രിസ്തുവിലുള്ള വിശ്വാസത്തെപ്രതി ബന്ധിയാക്കപ്പെട്ട് കുരിശില്‍ തറക്കപ്പെട്ട് രക്തസാക്ഷിത്വം വരിച്ചത്. 1862-ല്‍ ഇവരെ പയസ് ഒന്‍പതാമന്‍ പാപ്പ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തി. ഇവരുടെ സ്മരണക്കായി 1962-ല്‍ ഇവിടെ പണിതീര്‍ത്ത സ്മൃതിമണ്ഡപത്തിലും പ്രാര്‍ത്ഥനാകേന്ദ്രത്തിലേക്കുമായി ഇന്ന്‍ നൂറുകണക്കിനാളുകളാണ് കടന്നുവരുന്നത്. ആഗോളസഭ ക്രിസ്തുരാജന്‍റെ തിരുനാള്‍ ആഘോഷിക്കുന്ന ദിനത്തിലാണ് പാപ്പ ഇവിടെ സന്ദര്‍ശനം നടത്തിയത് എന്നതും ശ്രദ്ധേയമാണ്.