Youth Zone - 2024

കുറച്ചു സമയം ഫോണിന്, കൂടുതൽ സമയം യേശുവിന്: ഫിലിപ്പീൻസ് മെത്രാന്‍ യുവജനങ്ങളോട്

സ്വന്തം ലേഖകന്‍ 27-11-2019 - Wednesday

തക്ബിലാരാൻ: ഫോണിൽ ചെലവഴിക്കുന്നത് കുറച്ചു സമയം മാത്രം ഒതുക്കി കൂടുതൽ സമയം യേശുവിനായി നീക്കിവെക്കാൻ യുവജനങ്ങളോട് ഫിലിപ്പീന്‍സ് ബിഷപ്പിന്റെ ആഹ്വാനം. തക്ബിലാരാൻ രൂപതയുടെ മെത്രാൻ മോൺസിഞ്ഞോർ ആൽബർട്ടോയാണ് രൂപതാ തല യുവജന ദിനത്തിൽ ബോഹോൾ ദ്വീപിൽ സ്ഥിതി ചെയ്യുന്ന തക്ബിലാരാൻ നഗരത്തിൽ വെച്ച് നടന്ന യുവജന നേതൃത്വ സംഗമത്തിൽ ഇത്തരത്തില്‍ ആഹ്വാനം നടത്തിയത്. മൊബൈൽ ഫോണിന്റ തുടർച്ചയായ ഉപയോഗം ഒരു ദുശ്ശീലമായി മാറാനുള്ള സാധ്യതയുണ്ടെന്നു മുന്നൈര്‍യിപ്പ് നല്കിയ അദ്ദേഹം മൊബൈല്‍ ഫോണ്‍ നല്ല കാര്യങ്ങൾക്ക് വേണ്ടി മാത്രം ഉപയോഗിക്കണമെന്നും ഓർമ്മിപ്പിച്ചു.

മൊബൈൽ ഫോണിന് നൽകുന്നതിനേക്കാൾ കൂടുതൽ സമയവും, ശ്രദ്ധയും യേശുവിന് നൽകണം. മൊബൈൽ ഫോണിനെ സ്നേഹിക്കുന്നതിനേക്കാൾ കൂടുതലായി യേശുവിനെ സ്നേഹിക്കണം. എവിടെ പോയാലും ഹൃദയത്തിൽ യേശുവിനെ കൊണ്ടുനടക്കാനും, സാമൂഹ്യ മാധ്യമങ്ങൾ സുവിശേഷ വൽക്കരണത്തിനു വേണ്ടി ഉപയോഗിക്കാനും ബിഷപ്പ് ആൽബർട്ടോ ആഹ്വാനം നൽകി. നവംബർ 24നു നടന്ന സംഗമത്തിൽ രൂപതയിലെ വിവിധ ഇടവകകളിൽ നിന്നായി ഏകദേശം മൂവായിരത്തോളം യുവജനങ്ങൾ പങ്കെടുക്കാനെത്തിയിരുന്നു. സമ്മേളനത്തില്‍ ഫിലിപ്പീൻസ് സഭ പ്രഖ്യാപിച്ച യുവജന വര്‍ഷത്തിന് സമാപനം കുറിച്ചു. കണക്കുകള്‍ പ്രകാരം ഫിലിപ്പീൻസിൽ സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം ആഗോള ശരാശരിയെക്കാൾ വളരെ ഉയർന്ന തോതിലാണ്.


Related Articles »