News

കനത്ത മഴയില്‍ പലായനം ചെയ്ത ഫിലിപ്പീന്‍സ് ജനതയ്ക്കു അഭയകേന്ദ്രങ്ങളായത് കത്തോലിക്ക ദേവാലയങ്ങള്‍

പ്രവാചകശബ്ദം 26-09-2025 - Friday

ലെഗാസ്പി: ഫിലിപ്പീൻസിൽ ആശങ്ക വിതച്ച് കനത്ത മഴയും കൊടുങ്കാറ്റും ശക്തമായിരിക്കെ ദുരിതബാധിതര്‍ക്കായി കത്തോലിക്ക ദേവാലയങ്ങള്‍ തുറന്നുനല്‍കി സഭാനേതൃത്വത്തിന്റെ മഹനീയ മാതൃക. “ഒപോങ്” ഉഷ്ണമേഖലാ കൊടുങ്കാറ്റ് തെക്കൻ ലുസോൺ മേഖലയെ നശിപ്പിച്ചപ്പോള്‍ സകലതും ഉപേക്ഷിച്ച് ഇറങ്ങേണ്ടി വന്ന കുടിയിറക്കപ്പെട്ട കുടുംബങ്ങൾക്ക് സുരക്ഷിത അഭയം നൽകുന്നതിനായാണ് കത്തോലിക്കാ സഭാനേതൃത്വം തങ്ങളുടെ ദേവാലയങ്ങള്‍ തുറന്നുനല്‍കിയത്. ഫിലിപ്പീൻസിൽ പ്രകൃതി ദുരന്തങ്ങളും മറ്റും വെല്ലുവിളിയാകുന്ന അവസരങ്ങളില്‍ ദുരിതബാധിതര്‍ക്ക് അഭയസ്ഥാനമായും പ്രത്യാശയുടെ ഉറവിടമായും കത്തോലിക്ക സഭ നിലക്കൊള്ളുന്നത് ഇതാദ്യത്തെ സംഭവമല്ല.

ലെഗാസ്പി, സോർസോഗോൺ രൂപതകളുടെ കീഴിലുള്ള ഇടവകകൾ, ചാപ്പലുകൾ, സ്കൂളുകൾ, ഇടവക ഹാളുകൾ എന്നിവ താൽക്കാലിക ദുരിതാശ്വാസ കേന്ദ്രങ്ങളാക്കി മാറ്റിയിട്ടുണ്ട്. വെള്ളപ്പൊക്കവും ശക്തമായ കാറ്റും വിതച്ച കനത്ത നാശനഷ്ട്ടങ്ങള്‍ക്കിടെ നൂറുകണക്കിന് കുടുംബങ്ങൾ ദേവാലയങ്ങളിലും മറ്റുമായി അഭയം തേടിയിരിക്കുകയാണ്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും അഭയകേന്ദ്രങ്ങള്‍ ഒരുക്കുന്നതിനും സഹായിക്കുന്നതിനും ഇടവകകളിലെ ദുരന്ത പ്രതികരണ സമിതികൾ രൂപതാ സാമൂഹിക കേന്ദ്രങ്ങളുമായി കൈകോർത്ത് പ്രവർത്തിക്കുകയാണ്. വെള്ളക്കെട്ട് ഉയരുന്നതിൽ നിന്ന് സംരക്ഷിക്കുന്നതിനായി സന്നദ്ധപ്രവർത്തകർ പള്ളി കോമ്പൗണ്ടുകളിലും സ്കൂളുകളിലും മണൽച്ചാക്കുകൾ സ്ഥാപിച്ചിട്ടുണ്ട്.

സഭ ഭൗതിക ആവശ്യങ്ങൾ നിറവേറ്റുക മാത്രമല്ല, ദുരിതബാധിതർക്ക് വൈകാരികവും ആത്മീയവുമായ പിന്തുണ നൽകുകയും ചെയ്യുന്നുണ്ടെന്നും പ്രതിസന്ധി ഘട്ടത്തിൽ സംരക്ഷണത്തിനു വേണ്ടി പ്രാർത്ഥിക്കണമെന്നും ലെഗാസ്പിയിലെ ബിഷപ്പ് ജോയൽ ബെയ്‌ലോൺ വിശ്വാസികളോട് അഭ്യർത്ഥിച്ചു. പസഫികിൻ്റെ പ്രഭവ കേന്ദ്രത്തിൽ നിന്ന് വരുന്ന ചുഴലിക്കാറ്റ് ഏറ്റവും ബാധിക്കുന്ന ആദ്യത്തെ ഭൂപ്രദേശമാണ് ഫിലിപ്പീൻസ്. പ്രതിവർഷം ശരാശരി 20 കൊടുങ്കാറ്റ് വീതം ഫിലിപ്പീന്‍സില്‍ ഉണ്ടാകാറുണ്ട്. ദുരന്തസാധ്യത പ്രദേശങ്ങളിലെ ദശലക്ഷക്കണക്കിന് ആളുകളെ വലിയ ദുരിതത്തിലേക്ക് നയിക്കുന്ന ഇത്തരം സാഹചര്യങ്ങളില്‍ ജനത്തിന്റെ കണ്ണീരൊപ്പാന്‍ മുന്നിലുള്ളത് കത്തോലിക്ക സഭയാണ്.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍




Related Articles »