News - 2025
ലെയോ പതിനാലാമൻ പാപ്പയോടുള്ള ബഹുമാനാർത്ഥം ഫിലിപ്പീന്‍സ് സ്റ്റാമ്പുകള്‍ പുറത്തിറക്കി
പ്രവാചകശബ്ദം 19-08-2025 - Tuesday
മനില: വിശുദ്ധ പത്രോസിന്റെ പിൻഗാമിയായി സ്ഥാനമേറ്റ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ് എന്ന ലെയോ പതിനാലാമൻ പാപ്പയോടുള്ള ബഹുമാനാർത്ഥം ഫിലിപ്പീൻസ് പോസ്റ്റൽ കോർപ്പറേഷൻ (PHLPost) സ്മാരക സ്റ്റാമ്പ് പുറത്തിറക്കി. ലെയോ പാപ്പയുടെ മാര്‍പാപ്പ പദവിയുടെ 100-ാം ദിവസമായ ഓഗസ്റ്റ് 6ന് അനാച്ഛാദനം ചെയ്ത സ്റ്റാമ്പിന് വലിയ സ്വീകാര്യതയാണ് രാജ്യമെമ്പാടും ലഭിച്ചുക്കൊണ്ടിരിക്കുന്നത്.
ലെയോ പാപ്പയുടെ ഛായാചിത്രങ്ങളും അദ്ദേഹത്തിന്റെ പേപ്പല്‍ ചിഹ്നങ്ങളും ഉൾപ്പെടുത്തിയിരിക്കുന്ന സ്റ്റാമ്പില്‍ കാരുണ്യം, ഉൾക്കൊള്ളൽ, ഐക്യം എന്നിവയ്ക്കുള്ള അദ്ദേഹത്തിന്റെ ആഹ്വാനത്തെ അടിവരയിടുന്നു. ആദ്യഘട്ടത്തില്‍ 10,000 കോപ്പികളാണ് പുറത്തിറക്കിയിരിക്കുന്നത്. ഓരോന്നിനും ₱17 (നിലവിലെ വിനിമയ നിരക്കിൽ ഏകദേശം $0.30) വിലയാണ് ഈടാക്കുന്നത്. മനില സെൻട്രൽ പോസ്റ്റ് ഓഫീസിലെ പോസ്റ്റ്‌ഷോപ്പിൽ പാപ്പയുടെ ചിത്രമുള്ള കവറുകളും പരിമിതമായ വിധത്തില്‍ ലഭ്യമാക്കിയിരുന്നു.
രാജ്യത്തിന്റെ പൈതൃകം സംരക്ഷിക്കുക എന്ന ദൗത്യത്തെ ഓര്‍മ്മിപ്പിക്കുന്നതാണ് സ്റ്റാമ്പ് പ്രകാശനമെന്ന് ഫിലിപ്പീൻസ് പോസ്റ്റൽ കോർപ്പറേഷൻ ഉദ്യോഗസ്ഥർ പറഞ്ഞു. വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ, ബെനഡിക്ട് പതിനാറാമൻ പാപ്പ, ഫ്രാൻസിസ് പാപ്പ എന്നിവരുടെ അനുസ്മരണാര്‍ത്ഥം പുറത്തിറക്കിയ മുൻകാല പേപ്പല്‍ സ്റ്റാമ്പുകൾ ദേശീയ, അന്തർദേശീയ ശേഖരങ്ങളിൽ അമൂല്യമായി ഇന്നും നിലനിൽക്കുന്നുണ്ട്. ജനസംഖ്യയുടെ 80% കത്തോലിക്ക വിശ്വാസികളുള്ള ഏക ഏഷ്യന്‍ രാജ്യമാണ് ഫിലിപ്പീന്‍സ്.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?
