Arts - 2024
ഇന്റർനാഷണൽ കാത്തലിക് ഫിലിം ഫെസ്റ്റിവെലിൽ 'ശാലോം വേൾഡി'ന് രണ്ടാം സ്ഥാനം
ബിജു നീണ്ടൂര്‍ 30-11-2019 - Saturday
റോം: അന്താരാഷ്ട്രതലത്തിൽ ശ്രദ്ധേയമായ റോമിലെ 'മിറബിൾ ഡിക്ടു' ഇന്റർനാഷണൽ കാത്തലിക് ഫിലിം ഫെസ്റ്റിവെലിൽ ശാലോം വേൾഡ് ടി.വി സംപ്രേഷണം ചെയ്ത 'കാർഡിനൽ വില്യം അലൻ- ഗ്ലോറിയസ് ലൈഫ്' മികച്ച രണ്ടാമത്തെ ഡോക്യുമെന്ററിയായി തിരഞ്ഞെടുക്കപ്പെട്ടു. ലോകത്തിന്റെ പലഭാഗങ്ങളിൽനിന്ന് പരിഗണിക്കപ്പെട്ട 1500 എൻട്രികളിൽനിന്നാണ് ഈ നേട്ടം. കത്തോലിക്കാ സഭയിലേ ശ്രേഷ്~ വ്യക്തിത്വങ്ങളുടെ ജീവിതം വരച്ചുകാട്ടാൻ ശാലോം വേൾഡ് നിർമിക്കുന്ന ഡോക്യുമെന്ററി സീരീസാണ് 'ഗ്ലോറിയസ് ലൈഫ്'.
ഇംഗ്ലണ്ടിലെ സഭയുടെ ചരിത്രത്തിലെ എറ്റവും വലിയ പ്രതിസന്ധിയുടെയും പിഢനത്തിന്റെയും ദിനങ്ങളിൽ കത്തോലിക്കാസഭയെ കാത്തുപാലിച്ച, പടുത്തുയർത്തിയ കർദിനാൾ വില്യം അലന്റെ സംഭവബഹുലമായ ജീവിത കഥയായിരുന്നു ഡോക്യുമെന്ററിയുടെ ഇതിവൃത്തം. മതപീഡനങ്ങളാൽ നാമാവശേഷമാകുമായിരുന്ന ഇംഗ്ലണ്ടിലെ കത്തോലിക്കാസഭയെ പുനർജീവിപ്പിക്കുന്നതിൽ കർദിനാൾ വില്ല്യം അലന്റെ പങ്ക് വ്യക്തമാക്കുന്ന ഡോക്യുമെന്ററിക്ക് വലിയ സ്വീകാര്യതയാണ് പ്രേക്ഷകരിൽനിന്ന് ലഭിച്ചത്.
റോബിൻ വർഗീസാണ് സംവിധായകൻ. ബിനു കുര്യനാ്ണ് ഡയറക്ടർ ഓഫ് ഫോട്ടോഗ്രഫി. ബിനോയ് ലൂക്ക, ജിഷ് ജോയ് (കാമറാ സഹായികൾ), ലിജോമോൻ (എഡിറ്റിംഗ്), സിബി തോമസ്, ടിബി തോമസ് (റിസർച്ച്), നിധിൻ ജോസ്, പ്രനീഷ് ബേബി, സിജോ എം. ജോൺസൺ (ഗ്രാഫിക്‌സ്), അഖിൽ കെ. ജോസ് (കളറിസ്റ്റ്), തോമസ് മാത്യു, ലിന്റോ ഡേവിസ് (സൗണ്ട്), ജിനീഷ് ജോസഫ്, ജസ്റ്റിൻ സി. ജോയ് (പോസ്റ്റ് പ്രൊഡക്ഷൻ മാനേജേഴ്‌സ്), സ്റ്റാനി ഡേവിഡ്, ജോസഫ് സി. മാത്യു (പ്രോഗ്രാം കോർഡിനേറ്റേഴ്‌സ്) തുടങ്ങിയവരായിരുന്നു മറ്റ് അണിയറ പ്രവർത്തകർ.
ധാർമികമൂല്യങ്ങളെയും അനുകരണീയ മാതൃകകളെയും ഉയർത്തിക്കാട്ടുന്ന മാധ്യമ സംരംഭങ്ങളെയും ഫിലിം- ഡോക്യുമെന്ററി മേക്കേഴ്‌സിനെയും ആദരിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ 'മിറബിൾ ഡിക്ടു' അവാർഡിന്റെ 10-ാമത് എഡിഷനായിരുന്നു ഇത്തവണത്തേത്. സിനിമ, ഡോക്യുമെന്ററി, ഷോർട്ട് ഫിലിം, ടി.വി സീരീസ് എന്നിവയാണ് അവാർഡിന് പരിഗണിക്കുക.