Arts - 2024

ഏറ്റവും മികച്ച കാത്തലിക് ടിവി ചാനലിനുള്ള 'ഗബ്രിയേൽ അവാർഡ്' ശാലോം വേൾഡിന്

16-05-2020 - Saturday

ചിക്കാഗോ: ലോക സുവിശേഷ വത്ക്കരണത്തിൽ ശ്രദ്ധേയമായ ചുവടുവെപ്പുകൾ നടത്തുന്ന ‘ശാലോം വേൾഡിന്’ ഏറ്റവും മികച്ച കാത്തലിക് ടി.വി ചാനലിനുള്ള ‘ഗബ്രിയേൽ അവാർഡ്’. ഇലക്‌ട്രോണിക് മാധ്യമങ്ങളിലെ മികവുകൾക്ക് അംഗീകാരമായി ‘കാത്തലിക് പ്രസ് അസോസിയേഷൻ ഓഫ് യു.എസ്.എ ആൻഡ് കാനഡ’ ഏര്‍പ്പെടുത്തിയ അന്താരാഷ്ട്രതലത്തിൽ തന്നെ ശ്രദ്ധേയമായ പുരസ്‌ക്കാരമാണ് ‘ഗബ്രിയേൽ അവാർഡ്’. ഇ.ഡബ്ല്യു.ടി.എൻ, ദ കാത്തലിക് ടി.വി നെറ്റ്‌വർക്ക്, സാൾട്ട് ആൻഡ് ലൈറ്റ് ടി.വി എന്നിവ ഉൾപ്പെടെയുള്ള മുൻനിര ചാനലുകളിൽനിന്നാണ് ‘ടി.വി സ്റ്റേഷൻ ഓഫ് ദ ഇയർ’ അവാർഡിന് ശാലോം വേൾഡ് തിരഞ്ഞെടുക്കപ്പെട്ടത്. ലോകത്തിലെ ഏറ്റവും വലിയ കാത്തലിക് മാധ്യമശൃംഖലയായ ഇ.ഡബ്ല്യു.ടി.എന്നിനാണ് രണ്ടാം സ്ഥാനം.

ശാലോം വേൾഡ് സംപ്രേഷണം ചെയ്യുന്ന ‘ജേർണൽ’ സീരീസിലെ ‘മാർട്ടയേഴ്‌സ് ഷ്രൈൻ’ എപ്പിസോഡും ഗബ്രിയേൽ അവാർഡിന് അർഹമായി. ലോകപ്രശസ്ത ക്രിസ്ത്യൻ തീർത്ഥാടന കേന്ദ്രങ്ങളെക്കുറിച്ചുള്ള പരമ്പരയാണ് ‘ജേർണൽ’. കൂടാതെ, മികച്ച ടെലിവിഷൻ ചാനൽ വെബ് സൈറ്റ് വിഭാഗത്തിൽ ശാലോം വേൾഡ് വെബ് സൈറ്റും, കുട്ടികൾക്കുവേണ്ടിയുള്ള പ്രോഗ്രാം വിഭാഗത്തിൽ ‘ലിറ്റിൽ ഡഗ്ലിംങ്‌സും’ പ്രത്യേക പരാമർശം നേടി. പ്രവീൺ സോണിച്ചനാണ് ശാലോം മീഡിയ കാനഡ നിർമിച്ച ‘മാർട്ടയേഴ്‌സ് ഷ്രൈൻ’, ‘ലിറ്റിൽ ഡഗ്ലിംങ്‌സ്’ എന്നിവയുടെ പ്രൊഡ്യൂസർ.

സംപ്രേഷണം ആരംഭിച്ച് കേവലം ആറ് വര്‍ഷങ്ങള്‍ക്കുളില്‍ തന്നെ ഏറ്റവും മികച്ച ചാനലായി ശാലോം വേൾഡ് തിരഞ്ഞെടുക്കപ്പെട്ടത് വലിയ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. ശാലോമിന് പിന്നിൽ സമർപ്പണം നടത്തുന്ന വിദേശ നാടുകളിലെ മലയാളികളെ വിശിഷ്യാ, ശാലോമിന്റെ സഹകാരികളെ ശാലോം മീഡിയയുടെ രക്ഷാധികാരികളായ ചിക്കാഗോ സീറോ മലബാർ ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത്, നോർത്ത് അമേരിക്കയിലെ സീറോ മലങ്കര ബിഷപ്പ് ഫിലിപ്പോസ് മാർ സ്‌തെഫാനോസ് എന്നിവർ അഭിനന്ദിച്ചു.

കത്തോലിക്കാ മാധ്യമ പ്രവർത്തകരുടെയും പ്രസാധകരുടെയും കൂട്ടായ്മയായി 1911ൽ രൂപീകൃതമായ ‘കാത്തലിക് പ്രസ് അസോസിയേഷൻ’, സഭയുടെ വളർച്ചയ്ക്ക് കരുത്തേകുന്ന മാധ്യമ ഇടപെടലുകളെ ആദരിക്കാനും പ്രോത്‌സാഹിപ്പിക്കാനുമായി ഏർപ്പെടുത്തിയിരിക്കുന്ന നിരവധി അവാർഡുകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ‘ഗബ്രിയേൽ അവാർഡ്’. ജൂൺ മാസത്തിൽ സംഘടിപ്പിക്കുന്ന പ്രസ് അസോസിയേഷന്റെ വാർഷിക കോൺഫറൻസിലാണ് അവാർഡുകൾ വിതരണം ചെയ്യുന്നത്.

2014 ഏപ്രിൽ 27നു ജോൺ പോൾ രണ്ടാമൻ പാപ്പ, ജോൺ 23-ാമൻ പാപ്പ എന്നിവരെ വിശുദ്ധഗണത്തിലേക്ക് ഉയർത്തിയ തിരുക്കർമങ്ങൾ വത്തിക്കാനിൽനിന്ന് തൽസമയം ലഭ്യമാക്കി ‘ശാലോം വേൾഡ്’ പിറവിയെടുത്തത്. ആദ്യ ഘട്ടത്തിൽ അമേരിക്കയിലും കാനഡയിലും മാത്രം ലഭ്യമായിരുന്ന ‘ശാലോം വേൾഡ്’ ആറ് വർഷംകൊണ്ട് കൈവരിച്ചത് വലിയ നേട്ടങ്ങളാണ്. ഒരു ചാനലിൽനിന്ന് മൂന്ന് ചാനലുകളായി വളർന്നു എന്നതുതന്നെ ഇതിൽ പ്രധാനം. നോർത്ത് അമേരിക്ക, യൂറോപ്പ്, ഓസ്‌ട്രേലിയ എന്നീ ഭൂഖണ്ഡങ്ങൾക്കായി പ്രത്യേകം രൂപം കൊടുത്ത ചാനലുകളിലൂടെ 145പ്പരം രാജ്യങ്ങളിലെ 1.5 ബില്യൺ ജനങ്ങളിലേക്കാണ് ‘ശാലോം വേൾഡ്’ എത്തുന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »