Faith And Reason - 2024

ഇംഗ്ലണ്ടിലെ കത്തീഡ്രല്‍ ദേവാലയങ്ങളിലേക്ക് തീർത്ഥാടക പ്രവാഹം

സ്വന്തം ലേഖകന്‍ 02-12-2019 - Monday

ലണ്ടന്‍: മുൻവർഷങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിലെ കത്തീഡ്രല്‍ ദേവാലയങ്ങളിലേക്ക് വന്‍ തീർത്ഥാടക പ്രവാഹം നടന്നതായി വ്യക്തമാക്കുന്ന കണക്കുകൾ പുറത്തുവന്നു. ഇക്കാലയളവില്‍ ഒരുകോടിയോളം ആളുകളാണ് രാജ്യത്തെ വിവിധ കത്തീഡ്രൽ ദേവാലയങ്ങൾ സന്ദർശിച്ചത്. ഇത് മുൻവർഷത്തെ അപേക്ഷിച്ച് പത്തു ശതമാനം കൂടുതലാണ്. പ്രസിദ്ധമായ വെസ്റ്റ് മിന്‍സ്റ്റർ കത്തീഡ്രൽ സന്ദർശിക്കാനായി 10 ലക്ഷത്തോളം ആളുകള്‍ അധികമായി എത്തിയെന്ന്‍ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ഈസ്റ്റർ തിരുകർമ്മങ്ങളിൽ പങ്കെടുക്കാനായി എത്തുന്ന വിശ്വാസികളുടെ എണ്ണത്തിലും വലിയ വര്‍ദ്ധനവ് ഉണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

അറുപതിനായിരത്തിനടുത്ത് വിശ്വാസികളാണ് രാജ്യത്തെ വിവിധ കത്തീഡ്രലുകളിൽ ഈസ്റ്റർ തിരുകർമ്മങ്ങളിൽ സംബന്ധിക്കാനായി എത്തിയത്. വിശുദ്ധ വാരത്തിൽ ദേവാലയങ്ങളിൽ എത്തിയവരുടെ എണ്ണം 95000 ആണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിലെ കണക്കെടുക്കുമ്പോൾ 2018ലെ ജനപങ്കാളിത്തം റെക്കോർഡാണെന്നത് ശ്രദ്ധേയം. മുൻവർഷത്തെ അപേക്ഷിച്ച് ക്രിസ്തുമസുമായി ബന്ധപ്പെട്ട ചടങ്ങുകളിലും ജനപങ്കാളിത്തം അഞ്ച് ശതമാനം വര്‍ദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞ 10 വർഷത്തെ അപേക്ഷിച്ച് 14% വർദ്ധനവാണിതെന്ന് പ്രീമിയര്‍ മാധ്യമം ചൂണ്ടിക്കാട്ടുന്നു.


Related Articles »