News

ന്യൂയോര്‍ക്കില്‍ കത്തോലിക്ക വിശ്വാസം സ്വീകരിക്കാന്‍ ഒരുങ്ങുന്നവരുടെ എണ്ണത്തില്‍ മൂന്നിരട്ടിയോളം വര്‍ദ്ധനവ്

പ്രവാചകശബ്ദം 19-11-2025 - Wednesday

ന്യൂയോര്‍ക്ക്: അമേരിക്കയിലെ പ്രധാന നഗരമായ ന്യൂയോര്‍ക്കില്‍ കത്തോലിക്ക വിശ്വാസം സ്വീകരിക്കാന്‍ ഒരുങ്ങുന്നവരുടെ എണ്ണത്തില്‍ മൂന്നിരട്ടിയോളം വര്‍ദ്ധനവെന്ന് പുതിയ റിപ്പോര്‍ട്ട്. ന്യൂയോർക്ക് നിവാസികളുടെ എണ്ണം വർദ്ധിച്ചുവരുന്നതായും, അതേ സമയം തന്നെ കത്തോലിക്ക വിശ്വാസം സ്വീകരിക്കുന്നവരുടെ എണ്ണം വർദ്ധിച്ചുവരികയാണെന്നും റിപ്പോർട്ടുണ്ട്. ന്യൂയോർക്ക് നഗരത്തിലെ ഒന്നിലധികം കത്തോലിക്ക ദേവാലയങ്ങളില്‍ ഓർഡർ ഓഫ് ക്രിസ്ത്യൻ ഇനിഷ്യേഷൻ ഓഫ് അഡൽറ്റ്സ് (OCIA) വഴി കത്തോലിക്ക വിശ്വാസികളാകാന്‍ രജിസ്റ്റർ ചെയ്യുന്ന മുതിർന്നവരുടെ എണ്ണം വർഷം തോറും മൂന്നിരട്ടിയോളമായി ഉയര്‍ന്നതായി പ്രമുഖ മാധ്യമമായ 'ന്യൂയോർക്ക് പോസ്റ്റ്' പങ്കുവെച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗ്രീൻവിച്ച് വില്ലേജിലെ സെന്റ് ജോസഫ്സ് ദേവാലയത്തില്‍ മാത്രം, കത്തോലിക്ക വിശ്വാസം സ്വീകരിക്കാന്‍ ഒരുങ്ങുന്നവര്‍ക്ക് വേണ്ടിയുള്ള ഓ‌സി‌ഐ‌എയില്‍ പങ്കുചേരുന്നവരുടെ എണ്ണം കഴിഞ്ഞ വർഷത്തേക്കാൾ മൂന്നിരട്ടിയായി വർദ്ധിച്ചിരിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഏകദേശം 130 പേരാണ് ഈ ദേവാലയത്തില്‍ മാത്രം രജിസ്റ്റർ ചെയ്തിരിക്കുന്നത്. അപ്പർ ഈസ്റ്റ് സൈഡിലുള്ള സെന്റ് വിൻസെന്റ് ഫെറര്‍ ദേവാലയത്തിലെ എണ്ണം ഇരട്ടിയായി ഉയര്‍ന്നു. ഏകദേശം 90 പേരാണ് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി വിശ്വാസ പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. സെന്റ് പാട്രിക്സ് ഓൾഡ് കത്തീഡ്രൽ ബസിലിക്കയിലും കത്തോലിക്ക വിശ്വാസം സ്വീകരിക്കാന്‍ ഒരുങ്ങുന്നവരുടെ എണ്ണം ഏകദേശം നൂറായി ഉയർന്നിട്ടുണ്ട്.

അടിയുറച്ച ക്രൈസ്തവ വിശ്വാസിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലൂവന്‍സറുമായ ചാർളി കിര്‍ക്ക് സെപ്റ്റംബർ 10ന് കൊല്ലപ്പെട്ട സംഭവം ക്രിസ്തീയ വിശ്വാസത്തിലേക്ക് അനേകര്‍ ചേക്കേറുന്നതിന് കാരണമായതായി വിലയിരുത്തപ്പെടുന്നു. തന്റെ രാഷ്ട്രീയ പ്രവർത്തനത്തിന് പുറമേ, ദൈവവിശ്വാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിവിധ വേദികളില്‍ ചാര്‍ലി തുറന്നു സംസാരിച്ചിരുന്നു. ന്യൂയോര്‍ക്കിന് പുറമെ അമേരിക്കയില്‍ ഉടനീളം ക്രൈസ്തവ വിശ്വാസം വർദ്ധിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. കത്തോലിക്ക മാധ്യമമായ നാഷണൽ കാത്തലിക് രജിസ്റ്റർ, അമേരിക്കയിലെ വിവിധ രൂപതകളില്‍ കത്തോലിക്ക വിശ്വാസം സ്വീകരിക്കാന്‍ ഒരുങ്ങുന്നവരുടെ എണ്ണത്തിലുള്ള വര്‍ദ്ധനവിനെ കുറിച്ച് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരിന്നു.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍






Related Articles »