News
യൂറോപ്പില്‍ ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നു; പുതിയ പഠന റിപ്പോര്‍ട്ട് പുറത്ത്
പ്രവാചകശബ്ദം 17-11-2025 - Monday
വിയന്ന: യൂറോപ്യന്‍ ഭൂഖണ്ഡത്തില്‍ ക്രൈസ്തവര്‍ക്ക് നേരെ ആക്രമണങ്ങളില്‍ വലിയ വര്‍ദ്ധനവ് ഉണ്ടായതായി വിയന്ന ആസ്ഥാനമായുള്ള "ഒബ്സർവേറ്ററി ഓൺ ഇന്റോളറൻസ് ആൻഡ് ഡിസ്ക്രിമിനേഷൻ എഗൈൻസ്റ്റ് ക്രിസ്ത്യാനിസ് ഇൻ യൂറോപ്പ്" (OIDAC EUROPE) സംഘടനയുടെ റിപ്പോര്‍ട്ട്. 2024-ൽ യൂറോപ്പിലുടനീളം 2211 ക്രൈസ്തവ വിരുദ്ധ വിദ്വേഷ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇതിൽ 94 പള്ളികൾക്ക് നേരെയുള്ള തീവയ്പ്പ് ആക്രമണങ്ങളും ഉൾപ്പെടുന്നു. 2023-ൽ രേഖപ്പെടുത്തിയ ആക്രമണങ്ങളുടെ ഇരട്ടിയാണിത്. ക്രൈസ്തവര്‍ക്ക് നേരെ 274 വ്യക്തിപരമായ ആക്രമണങ്ങളും 76 വയസ്സുള്ള ഒരു സ്പാനിഷ് സന്യാസിയുടെ കൊലപാതകവും ഇതിൽ ഉൾപ്പെട്ടതായി തിങ്കളാഴ്ച പുറത്തിറക്കിയ പുതിയ റിപ്പോർട്ടിൽ പറയുന്നു.
റിപ്പോർട്ടിന്റെ ഔദ്യോഗിക പ്രകാശനം നാളെ നവംബർ 18 ചൊവ്വാഴ്ച യൂറോപ്യൻ പാർലമെന്റില്‍ നടക്കും. ഔദ്യോഗിക പോലീസ് കണക്കുകൾ, ഓഫീസ് ഫോർ ഡെമോക്രാറ്റിക് ഇൻസ്റ്റിറ്റ്യൂഷൻസ് ആൻഡ് ഹ്യൂമൻ റൈറ്റ്സ് സംഘടനയുടെ സ്ഥിതിവിവരക്കണക്കുകൾ, കേസ് ഡോക്യുമെന്റേഷൻ എന്നിവ ഉപയോഗിച്ചാണ് സംഘടന റിപ്പോർട്ട് തയ്യാറാക്കിയത്. ക്രൈസ്തവ ദേവാലയങ്ങളെയും മറ്റ് ക്രിസ്ത്യൻ സ്ഥലങ്ങളെയും ലക്ഷ്യംവെച്ചു ആകെ 94 തീവെപ്പ് സംഭവങ്ങളാണ് അരങ്ങേറിയത്. അതിൽ മൂന്നിലൊന്ന് ആക്രമണങ്ങളും ജർമ്മനിയിലാണ്.
ഫ്രാൻസ്, യുണൈറ്റഡ് കിംഗ്ഡം, ജർമ്മനി, സ്പെയിൻ, ഓസ്ട്രിയ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ ക്രിസ്ത്യൻ വിരുദ്ധ ആക്രമണ സംഭവങ്ങൾ രേഖപ്പെടുത്തിയത്. 2024 നവംബറിൽ സ്പെയിനിൽ 76 വയസ്സുള്ള ഒരു സന്യാസിയെ കൊലപ്പെടുത്തിയതും 2024 സെപ്റ്റംബറിൽ ഫ്രാൻസിലെ സെന്റ്-ഒമറിൽ ചരിത്രപ്രസിദ്ധമായ പള്ളി തീവെച്ച് നശിപ്പിക്കപ്പെട്ടതും ഉൾപ്പെടെ നിരവധി ഗുരുതരമായ കേസുകളാണ് റിപ്പോർട്ടില്‍ സംഘടന ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?


















