Life In Christ - 2024
ഘാന സഭക്ക് അസാധാരണ സമര്‍പ്പിത സേവനങ്ങള്‍ നല്‍കിയ 21 പേര്‍ക്ക് പാപ്പയുടെ ആദരവ്
സ്വന്തം ലേഖകന്‍ 04-12-2019 - Wednesday
സെകോണ്ടി, ടകോറാഡി: ആഫ്രിക്കന്‍ രാജ്യമായ ഘാനയിലെ സെകോണ്ടി ടകോറാഡി രൂപതയുടെ സുവര്‍ണ്ണ ജൂബിലി വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് 21 കത്തോലിക്കര്‍ക്ക് ഫ്രാന്‍സിസ് പാപ്പയുടെ ആദരവ്. പ്രാദേശിക സഭക്ക് നല്‍കിയ അതിവിശിഷ്ടവും അസാധാരണവുമായ സമര്‍പ്പിത സേവനങ്ങളെ പരിഗണിച്ചാണ് ഇവരെ പൊന്തിഫിക്കല്‍ മെഡലുകള്‍ നല്‍കി ആദരിച്ചത്. നവംബര്‍ മുപ്പതിന് ടകോറാഡിയിലെ ഔര്‍ ലേഡി സ്റ്റാര്‍ ഓഫ് ദ സീ കത്തീഡ്രലില്‍ വെച്ച് നടന്ന ചടങ്ങില്‍ ആര്‍ച്ച് ബിഷപ്പ് ജോണ്‍ ബൊനവഞ്ചൂരയുടെ സാന്നിധ്യത്തില്‍ ഘാനയിലെ അപ്പസ്തോലിക പ്രതിനിധിയായ മോണ്‍. പാവോള്‍ തലപ്കയാണ് അവാര്‍ഡുകള്‍ കൈമാറിയത്. അക്ക്രാ അതിരൂപതയുടെ പ്രാദേശിക ഓര്‍ഡിനറിയായ മെത്രാപ്പോലീത്ത ക്വോഫിയും ചടങ്ങില്‍ സന്നിഹിതനായിരുന്നു.
തങ്ങള്‍ക്ക് ലഭിച്ച കഴിവുകളും അനുഗ്രഹങ്ങളും പ്രാദേശിക സഭയെ കെട്ടിപ്പടുക്കുന്നതിനായി പങ്കുവെക്കുകയും, എല്ലാറ്റിനുമുപരി തങ്ങളുടെ വിശ്വാസത്തിലൂടെ ക്രിസ്തുവിന് സാക്ഷ്യം വഹിക്കുകയും ചെയ്ത ഇവരുടെ അസാധാരണ സമര്‍പ്പിത സേവനങ്ങളെ അവാര്‍ഡ് ബഹുമതി നല്‍കുന്നതിലൂടെ പാപ്പ നന്ദിയോടെ അനുസ്മരിക്കുന്നുവെന്ന്‍ പുരസ്കാരം കൈമാറികൊണ്ട് അപ്പസ്തോലിക പ്രതിനിധി പറഞ്ഞു. അംഗീകാരവും ആദരവും അടിയുറച്ച ദൈവ വിശ്വാസത്തില്‍ വളരുവാനും മറ്റുള്ളവരുടെ വിശ്വാസം ശക്തിപ്പെടുത്തുവാനും, സഹോദരീ സഹോദരന്‍മാര്‍ക്ക് വേണ്ടി നിസ്വാര്‍ത്ഥ സേവനം ചെയ്യുവാനും പ്രചോദനമാകട്ടെയെന്നു മോണ്‍. തലാപ്ക കൂട്ടിച്ചേര്‍ത്തു.
തങ്ങളുടെ രൂപതക്ക് ലഭിച്ച അനുഗ്രഹമെന്നാണ് രൂപതയുടെ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്ററായ ആര്‍ച്ച് ബിഷപ്പ് ജോണ്‍ ബൊനവഞ്ചൂര ചടങ്ങിനെ വിശേഷിപ്പിച്ചത്. ക്രിസ്തുവിനായി ആത്മാക്കളെ നേടുവാന്‍ സഭക്ക് നല്‍കിവരുന്ന പിന്തുണ ഇനിയും തുടരണമെന്നും അദ്ദേഹം പുരസ്ക്കാരത്തിന് അര്‍ഹരായവരോട് അഭ്യര്‍ത്ഥിച്ചു. മോണ്‍സിഞ്ഞോര്‍മാരായ ജെയിംസ് മാര്‍ഗരറ്റ്, ജോസഫ് ഗ്വിം എന്നിവര്‍ ‘ഓണര്‍ ഓഫ് മോണ്‍സിഞ്ഞോര്‍’ന് അര്‍ഹരായപ്പോള്‍, നാലു പേര്‍ ‘നൈറ്റ്സ് ആന്‍ഡ് ഡെയിംസ് ഓര്‍ഡര്‍ ഓഫ് ദി സെന്റ് ഗ്രിഗറി ദി ഗ്രേറ്റ്’ മെഡലിനും, ആറു പേര്‍ നൈറ്റ്സ് ആന്‍ഡ് ഡെയിംസ് ഓര്‍ഡര്‍ ഓഫ് ദി സെന്റ് സില്‍വര്‍സ്റ്റര്‍ മെഡലിനും, ഏഴു പേര്‍ ‘ക്രോസേ പ്രൊ എക്ക്ലേസ്യ എറ്റ് പൊന്തിഫിസ്’ മെഡലിനും, രണ്ടു പേര്‍ ‘ബെനമെരന്റി’ മെഡലിനും അര്‍ഹരായി.
പൊന്തിഫിക്കല്‍ മെഡലുകള്‍ സ്വീകരിച്ചവരുടെ ഭാഗത്തു നിന്ന് സര്‍ എഡ്ഢി പ്രാ ഏവര്‍ക്കും നന്ദി അറിയിച്ചു. തുടര്‍ന്നും തങ്ങളുടെ പിന്തുണയും, സഹായവും ഘാന സഭക്കുണ്ടായിരിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. തിരുസഭയുടെ പരമാധികാരിയായ മാര്‍പാപ്പയാല്‍ തങ്ങള്‍ അനുഗ്രഹീതരാവുകയും, ബഹുമാനിക്കപ്പെടുകയും ചെയ്തതായി പാപ്പക്ക് പ്രത്യേകം നന്ദി അറിയിച്ചുകൊണ്ട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡിസംബര്‍ 8-ന് ഇതേ കത്തീഡ്രലില്‍വെച്ച് തന്നെ സെകോണ്ടി ടകോറാഡി രൂപതയുടെ സുവര്‍ണ്ണജൂബിലി ആഘോഷങ്ങളുടെ സമാപനവും നടക്കും.