Youth Zone - 2024

വത്തിക്കാൻ യുവജന ഉപദേശക സമിതിയിലേക്ക് ഭാരതത്തില്‍ നിന്നുള്ള പ്രതിനിധിയും

സ്വന്തം ലേഖകന്‍ 05-12-2019 - Thursday

ബാംഗ്ലൂർ: വത്തിക്കാന്‍റെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര യുവജന ഉപദേശക സമിതിയിലേക്ക് ഭാരതത്തില്‍ നിന്നുള്ള പ്രതിനിധിയും. യംഗ് ക്രിസ്ത്യൻ സ്റ്റുഡന്റസ് (വൈ.സി.എസ് ) മുൻ പ്രസിഡന്റായിരുന്ന ജെസ്‌വിറ്റ പ്രിൻസി ക്വാഡ്രസാണ് പരിശുദ്ധ സിംഹാസനത്തിന്റെ യുവജന ഉപദേശക സമിതിയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ക്രിസ്തുരാജ തിരുനാൾ ദിനമായ നവംബർ ഇരുപത്തിനാലിനാണു അല്‍മായർക്കും കുടുംബത്തിനും വേണ്ടിയുള്ള തിരുസംഘം, 'അന്താരാഷ്ട്ര യുവജന ഉപദേശക സമിതി' എന്ന പേരിൽ സംഘടനയ്ക്ക് രൂപം നല്‍കിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള ഇരുപതു യുവജനങ്ങളാണ് ഉപദേശക സമിതിയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

ലാറ്റിൻ മെത്രാൻ സമിതിയുടെ ബെഥാനിയ, ഫരീദാബാദ്, ന്യൂഡൽഹി യുവജന കമ്മീഷൻ സെക്രട്ടേറിയേറ്റിലെ മുഴുവൻ സമയ സന്നദ്ധ പ്രവർത്തകയായി പ്രവർത്തിച്ചു വരികയാണ് ജെസ്‌വിറ്റ. മാംഗ്ലൂർ സെന്‍റ് അലോഷ്യസ് കോളേജിൽ നിന്ന് ബിഎ ജേർണലിസവും സൈക്കോളജിയും പൂര്‍ത്തിയാക്കിയ ജെസ്‌വിറ്റ, യംഗ് ക്രിസ്ത്യൻ സ്റ്റുഡന്റസിന്റെ (വൈ.സി. എസ്) മുൻ പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഉപദേശക സമിതിയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടവരില്‍ ഗിനിയ, ഉഗാണ്ട, സൗത്ത് ആഫ്രിക്ക, അമേരിക്ക, കാനഡ, എൽ സാൽവഡോർ, പ്യൂർട്ടോ റിക്കോ, ചിലി, ഇന്തോനേഷ്യ, ജപ്പാൻ, സ്ലോവേനിയ, നെതർലൻഡ്‌സ്‌, ലെബനൻ, ഓസ്ട്രേലിയ, ഓസ്ട്രിയ, ബ്രസീൽ, ഫ്രാൻസ്, ഇറ്റലി, പോർച്ചുഗൽ എന്നീ രാജ്യങ്ങളില്‍ ഉള്ളവരും ഉള്‍പ്പെടുന്നു. മൂന്ന് വർഷത്തേയ്ക്കാണ് ഇവരുടെ കാലാവധി. യുവജന സിനഡിന്റെ വിവിധ ഘട്ടങ്ങളിൽ പ്രവർത്തിക്കുന്ന ഇവരിലൂടെ 'ക്രിസ്റ്റസ് വിവിറ്റ്' എന്ന അപ്പോസ്തോലിക ലേഖനം പ്രായോഗികമാക്കാന്‍ ഈ വർഷം ജൂണിൽ നടന്ന സമ്മേളനത്തില്‍ തീരുമാനമായിരിന്നു.

More Archives >>

Page 1 of 9