Life In Christ - 2024

പാക്കിസ്ഥാന്‍ ക്രിസ്ത്യന്‍ പാര്‍ലമെന്റേറിയന്‍ ഫോറം: ക്രിസ്ത്യന്‍ എംപിമാരുടെ സംഘടന നിലവില്‍ വന്നു

സ്വന്തം ലേഖകന്‍ 17-12-2019 - Tuesday

ലാഹോര്‍: പാക്കിസ്ഥാന്‍ പാര്‍ലമെന്റിലെ വിവിധ പാര്‍ട്ടികളില്‍പ്പെട്ട ക്രിസ്ത്യന്‍ അംഗങ്ങള്‍ക്ക് ഒരുമിച്ച് കൂടുന്നതിനും, രാജ്യത്തുടനീളമുള്ള ക്രിസ്ത്യന്‍ സമുദായങ്ങള്‍ നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്ത് പരിഹാരം കാണുന്നതിനുമായി ക്രിസ്ത്യന്‍ എം.പിമാരുടെ സംഘടനയായ ‘പാക്കിസ്ഥാന്‍ ക്രിസ്ത്യന്‍ പാര്‍ലമെന്റേറിയന്‍ ഫോറം’ പ്രവര്‍ത്തനമാരംഭിച്ചു. ലാഹോറിലെ ഫോര്‍മാന്‍ ക്രിസ്ത്യന്‍ കോളേജിന്റെ കഴിഞ്ഞ ഇരുപതു വര്‍ഷത്തെ ശ്രമങ്ങളാണ് ഇതോടെ ഫലമണിഞ്ഞിരിക്കുന്നത്. പഞ്ചാബ്, സിന്ധ്, ബലൂചിസ്ഥാന്‍, ഖൈബര്‍ പഖ്തൂണ്‍ഖാ എന്നീ നാലു പ്രവിശ്യകളില്‍ നിന്നുള്ള ക്രിസ്ത്യന്‍ എം.പിമാരാണ് ഫോറത്തില്‍ ഉള്‍പ്പെടുന്നത്.

പ്രാരംഭ കൂടിക്കാഴ്ചക്ക് ശേഷമുള്ള സംഘടനയുടെ ആദ്യ കൂടിക്കാഴ്ച ഈ അടുത്ത ദിവസം ലാഹോറില്‍വെച്ച് നടന്നു. 2020 ഫെബ്രുവരിയില്‍ നിശ്ചയിച്ചിരിക്കുന്ന അടുത്ത കൂടിക്കാഴ്ചയില്‍ സംഘടനയുടെ ചട്ടങ്ങളും, പദ്ധതികളും, രാഷ്ട്രീയ നയങ്ങളും സംബന്ധിച്ച രൂപരേഖക്ക് അംഗീകാരം നല്‍കുന്നതായിരിക്കുമെന്ന് നാഷ്ണല്‍ അസംബ്ലിയിലെ പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി പ്രതിനിധിയായ നവീന്‍ ആമിര്‍ ജീവ അറിയിച്ചു. വിശ്വാസികള്‍, വൈദികര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി സഹകരിച്ചായിരിക്കും ഫോറം പ്രവര്‍ത്തിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. നവീന്‍ ആമിര്‍ ജീവയുടെ ശക്തമായ പിന്തുണ സംഘടന യാഥാര്‍ത്ഥ്യമാകുന്നതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

ഒരു സ്വപ്നം യാഥാര്‍ത്ഥ്യമായെന്നു ഫോര്‍മാന്‍ ക്രിസ്ത്യന്‍ കോളേജിന്റെ ഡയറക്ടറായ പീറ്റര്‍ ജെ ഡേവിഡ് പറഞ്ഞു. 2001-ല്‍ രക്തസാക്ഷിയായ ഷഹബാസ് ഭട്ടിയുമായി ഇക്കാര്യം വര്‍ഷങ്ങള്‍ക്ക് മുന്‍പേ തന്നെ ചര്‍ച്ച ചെയ്തിരുന്നുവെന്നും അക്രം ഗില്‍, കമ്രാന്‍ മൈക്കേല്‍, ഖലീല്‍ താഹിര്‍ സന്തു തുടങ്ങി മറ്റ് ക്രിസ്ത്യന്‍ പ്രതിനിധികളില്‍ നിന്നും അനുകൂലമായ പ്രതികരണമാണ് ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ മതന്യൂനപക്ഷങ്ങളായ ക്രിസ്ത്യാനികള്‍ നേരിടുന്ന വിവേചനം, ക്രിസ്ത്യാനികള്‍ക്കിടയിലെ തൊഴിലില്ലായ്മ’ പരിമിതമായ വിദ്യാഭ്യാസ സൗകര്യങ്ങള്‍, നീതിന്യായസംവിധാനത്തിലെ ക്രിസ്ത്യന്‍ പ്രാതിനിധ്യത്തിന്റെ അഭാവം, മതനിന്ദാ നിയമത്തിന്റെ അനന്തരഫലങ്ങള്‍ തുടങ്ങിയ ഗുരുതരമായ നിരവധി പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുവാനുണ്ടെന്നും ഡേവിഡ് പീറ്റര്‍ വിവരിച്ചു.

ക്രൈസ്തവര്‍ക്കെതിരെ ഖൈബര്‍ പഖ്തൂണ്‍ഖായിലെ ഗവണ്‍മെന്റ് പുലര്‍ത്തിവരുന്ന ശത്രുതാപരമായ നിലപാടും സംഘടനയുടെ രൂപീകരണത്തിനു കാരണമായിട്ടുണ്ട്. പെഷാവാറിലെ എഡ്വാര്‍ഡ് കോളേജ് പോലെയുള്ള പ്രസിദ്ധമായ ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ അന്യായമായി പിടിച്ചടക്കുവാനുള്ള ശ്രമത്തിലാണ് ഖൈബര്‍ പഖ്തൂണ്‍ഖാ ഗവണ്‍മെന്റ്. സ്വന്തം സമുദായത്തിനായി ക്രിസ്ത്യന്‍ എം.പിമാരുടെ ഒരുമിച്ചുള്ള പ്രവര്‍ത്തനവും സഹകരണവും ഗുണം ചെയ്യുമെന്ന് പഞ്ചാബ് പ്രവിശ്യയിലെ മതന്യൂനപക്ഷാവകാശ മന്ത്രിയും ക്രിസ്ത്യന്‍ എം.പി യുമായ ഇജാസ് അലം ആഗസ്റ്റിനും പറഞ്ഞു.


Related Articles »