Arts
തൃശൂരിന് നയന വിസ്മയം സമ്മാനിച്ച് ബോണ്‍ നത്താലെ കരോള്‍ ഘോഷയാത്ര
സ്വന്തം ലേഖകന്‍ 28-12-2019 - Saturday
തൃശൂര്‍: ക്രിസ്തുമസ് ആഘോഷത്തോടനുബന്ധിച്ച് തൃശൂര്‍ പൗരാവലിയും അതിരൂപതയും സംയുക്തമായി സംഘടിപ്പിച്ച ബോണ്‍ നത്താലെ കരോള്‍ ഘോഷയാത്രയില്‍ പങ്കെടുത്തത് പതിനായിരത്തോളം ക്രിസ്മസ് പാപ്പാമാര്‍. ചുവന്ന തൊപ്പിയും അതേ നിറത്തിലുള്ള ഉടുപ്പും ധരിച്ച് ക്രിസ്മസ് പാപ്പാമാര്‍ ബോണ്‍ നത്താലെ ഗാനത്തിന്റെ താളത്തിനൊത്തു ചുവടുവച്ചപ്പോള്‍ സ്വരാജ് റൗണ്ടില്‍ നടന്നത് നയന വിസ്മയം. സാന്താ വേഷമണിഞ്ഞവരുടെ ബൈക്ക് റാലിയോടെയായിരുന്നു തുടക്കം. തുടര്‍ന്നു റോളര്‍ സ്‌കേറ്റിംഗുമായി നൂറു ബാലന്മാര്‍ സ്വരാജ് റൗണ്ടിലൂടെ പറന്നു. വീല്‍ചെയറുകളില്‍ ഇരുന്നൂറോളം പേരാണു സാന്താക്ലോസ് വേഷത്തില്‍ പിന്നാലെ പ്രത്യക്ഷപ്പെട്ടത്.
മാലാഖവേഷം ധരിച്ച ബാലികാബാലന്മാര്‍, പ്രച്ഛന്നവേഷധാരികള്‍ എന്നിവരും തൊട്ടുപിന്നിലുണ്ടായിരുന്നു. ഇവര്‍ക്കു പിറകിലായാണ് സാന്താക്ലോസ് വേഷമണിഞ്ഞവര്‍ ഫ്‌ളാഷ് മോബ് നൃത്തച്ചുവടുകളുമായി മുന്നേറിയത്. ദീപാലംകൃതമായ മൂന്നു ലോറികളും പുതുമയുള്ള 22 ഫ്‌ളോട്ടുകളും നിശ്ചല ദൃശ്യങ്ങളും ചലിക്കുന്ന തീമുകളും ഘോഷയാത്രയെ വര്‍ണാഭമാക്കി. ഹാപ്പി ഡേയ്‌സ് നൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവലിനോടനുബന്ധിച്ച് ദീപാലംകൃതമായ നഗരത്തിലെ ഘോഷയാത്ര അവിസ്മരണീയ അനുഭവമായി. മതമേലധ്യക്ഷന്മാരും ജനപ്രതിനിധികളും പൗരപ്രമുഖരും ചേര്‍ന്നാണ് ഘോഷയാത്രയെ നയിച്ചത്. കാരള്‍ ഘോഷയാത്രയുടെ വിളംബരവുമായി വിശിഷ്ടാതിഥികള്‍ വെള്ളരിപ്രാവുകളെ പറത്തി.
മേയര്‍ അജിത വിജയന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. കേന്ദ്രമന്ത്രി വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍, മാര്‍ അപ്രേം മെത്രാപ്പോലീത്ത, മന്ത്രി വി.എസ്. സുനില്‍കുമാര്‍, ചീഫ് വിപ്പ് കെ. രാജന്‍, ടി.എന്‍. പ്രതാപന്‍ എംപി, അനില്‍ അക്കര എംഎല്‍എ, എം.പി. വിന്‍സെന്റ്, ഫാ. ജോസ് പുന്നോലിപ്പറമ്പില്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. മേരി റെജീന, തിരുവമ്പാടി ദേവസ്വം സെക്രട്ടറി പ്രഫ. എം. മാധവന്‍കുട്ടി, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എം.എസ്. സമ്പൂര്‍ണ, ജോജു മഞ്ഞില തുടങ്ങിയവര്‍ മുന്‍നിരയിലുണ്ടായിരുന്നു. പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്കായി 50 വീട് നൽകുന്നതിനൊപ്പം നിരവധി സാമൂഹ്യ സേവന പ്രവർത്തനങ്ങളാണ് സഭ ബോൺ നത്താലെയോടനുബന്ധിച്ച് നടത്തുന്നത്.