Faith And Reason - 2024
കരോള്‍ ഗാനം വഴിത്തിരിവായി: യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ച് ചൈനീസ് വംശജന്‍
പ്രവാചക ശബ്ദം 25-06-2020 - Thursday
കത്തോലിക്ക വിശ്വാസത്തിലേക്ക് കടന്ന വന്ന ചൈനയിലെ ഷാങ്ഹായ് സ്വദേശിയായ ഡാലു എന്ന വ്യക്തിയുടെ കഥ ആരെയും അതിശയിപ്പിക്കുന്നതാണ്. സത്യദൈവത്തെ തേടി താൻ നടത്തിയ യാത്ര കഴിഞ്ഞ ദിവസം അദ്ദേഹം കാത്തലിക് ന്യൂസ് ഏജൻസിയുമായി പങ്കുവെച്ചതോടെയാണ് അദ്ദേഹത്തിന്റെ പരിവര്‍ത്തന സാക്ഷ്യം കത്തോലിക്ക ലോകത്തു വലിയ ചര്‍ച്ചയായി മാറിയിരിക്കുന്നത്. 2009ൽ ക്രിസ്മസ് കരോളിന് ഗാനമാലപിച്ചതാണ് ഡാലുവിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. ഷാങ്ഹായിലെ കത്തോലിക്ക ദേവാലയത്തിലെ ഗായകസംഘത്തിലേക്ക് ആളുകളെ തിരഞ്ഞെടുക്കുന്നുണ്ടെന്ന് ഓണ്‍ലൈനില്‍ കണ്ട അദ്ദേഹം അതിനു പ്രത്യുത്തരം നല്‍കുകയായിരിന്നു.
അധികം വൈകാതെ അവന്‍ ദേവാലയ ഗായക സംഘത്തിലെ അംഗമായി തീര്‍ന്നു. പരിശീലനത്തിന് മുന്‍പ് എല്ലായ്പ്പോഴും ഗായകസംഘത്തിലെ അംഗങ്ങൾക്ക് വേണ്ടി ആ ദിവസത്തെ ബൈബിൾ ഭാഗം ഇടവക ദേവാലയത്തിലെ വൈദികൻ വായിക്കുമായിരുന്നു. അവർ പാടുന്ന ഗാനങ്ങൾ ഡാലുവിനെ എന്തെന്നില്ലാതെ ആകർഷിച്ചു, അത് അയാളുടെ ഹൃദയം കവര്‍ന്നു. പ്രത്യേകിച്ച് പാനിസ് അഞ്ജലിക്കസ് എന്ന ലാറ്റിൻ സംഗീതത്തോട് അദ്ദേഹത്തിന് പ്രത്യേകമായ ഇഷ്ടം തോന്നി. ഇതിനിടെ വിവിധ ഗാനങ്ങളുടെ അർത്ഥങ്ങൾ മറ്റുള്ളവരോട് ചോദിച്ചു മനസ്സിലാക്കാന്‍ അവന്‍ ആരംഭിച്ചിരിന്നു. ഗായകസംഘത്തിലെ അംഗമായി കുറച്ചു നാളുകൾക്കുള്ളിൽ ക്രിസ്തുമസ് ദിനം വന്നെത്തി.
സൈലന്റ് നൈറ്റ് എന്ന പ്രശസ്തമായ ക്രിസ്തുമസ് ഗാനമായിരുന്നു അന്നു അവര്‍ പാടിയത്. ഗാനാലാപനത്തെ തുടര്‍ന്നു സന്തോഷംകൊണ്ട് പൊട്ടികരയുകയായിരിന്നുവെന്ന് അദ്ദേഹം പറയുന്നു. ചെറുപ്പത്തിൽ തന്നെ അവന്റെ കുടുംബം സത്യത്തിനും, നന്മക്കും വേണ്ടിയുളള ആഗ്രഹം അവനില്‍ ഉരുവാക്കിയിരിന്നു. ഈ നന്മയും കത്തോലിക്കാ സഭയുടെ പാരമ്പര്യങ്ങളും വിശ്വാസവും അദ്ദേഹത്തെ സഭയിലേക്ക് അടുപ്പിക്കാൻ തുടങ്ങി. നേരത്തെ ഗായക സംഘത്തിൽ ചേർന്ന ഉടനെ തന്നെ വിശ്വാസ പരിശീലനം നടത്താൻ വൈദികൻ, ഡാലുവിനോട് ആവശ്യപ്പെട്ടിരുന്നു. കത്തോലിക്ക സഭയെ പറ്റിയും സഭയുടെ ചൈനയിലെ അവസ്ഥയെ പറ്റിയും അദ്ദേഹം ആഴത്തില്‍ പഠിച്ചു.
2010-ലായിരുന്നു വിശ്വാസപരിശീലനം നടന്നത്. ഭൂഗര്‍ഭ സഭ, ചൈനീസ് സർക്കാരുമായി ബന്ധമുള്ള പാട്രിയോട്ടിക് സഭ എന്നീ രണ്ട് സഭകൾ, കത്തോലിക്കാ സഭയുടെ ഭാഗമായി ചൈനയിൽ ഉണ്ടെന്ന് അദ്ദേഹം മനസ്സിലാക്കി. പാട്രിയോട്ടിക് സഭയിലും വിശ്വാസകാര്യങ്ങളിൽ മിടുക്കരായ വൈദികരുണ്ടെന്ന് ഡാലു പറയുന്നു. എന്നാൽ യാതൊരു യോഗ്യതയും ഇല്ലാത്തവരും പാട്രിയോട്ടിക് സഭയിലുണ്ട്. ഡാലു വിശ്വാസ പരിശീലനത്തിനു വേണ്ടി സമീപിച്ച വൈദികൻ ശക്തമായ വിശ്വാസ തീക്ഷ്ണതയുള്ള വൈദികനായിരുന്നു. സുവിശേഷത്തിന്റെ യഥാർത്ഥ അർത്ഥങ്ങൾ വൈദികൻ ഡാലുവിനെ പഠിപ്പിച്ചു.
തന്റെ വീടിന്റെ അറുനൂറു മീറ്റർ സമീപത്തായി പാട്രിയോട്ടിക് സഭയിലെ ഒരു വൈദികൻ സേവനം ചെയ്യുന്നുണ്ടായിരുന്നെങ്കിലും, 10 മൈലുകൾ യാത്ര ചെയ്ത്, വിശ്വാസ പരിശീലനം നൽകുന്ന വൈദികൻ അർപ്പിക്കുന്ന കുർബാനയിൽ പങ്കെടുക്കാൻ അദ്ദേഹം പോകുമായിരുന്നു. വൈദികന്റെ നിർദ്ദേശമനുസരിച്ച് ബൈബിൾ വായിക്കാനും ഡാലു ആരംഭിച്ചു. അങ്ങനെ ഷാങ്ഹായിൽ വച്ച് 2010 ഡിസംബർ മാസം ഇരുപതാം തീയതി അദ്ദേഹം കത്തോലിക്കാ വിശ്വാസം സ്വീകരിച്ചു. അന്ന് ഡാലുവിന് 47 വയസ്സായിരുന്നു. വിശുദ്ധജലം വൈദികൻ തലയിൽ തളിച്ചപ്പോൾ ഒരു കുഞ്ഞിനെ പോലെ പൊട്ടി കരഞ്ഞുവെന്ന് അദ്ദേഹം സ്മരിക്കുന്നു. വിശുദ്ധ പൗലോസിന്റെ നാമമാണ് അദ്ദേഹം സ്വീകരിച്ചത്.
മാമോദീസായ്ക്കു ശേഷം ഡാലുവിന്റെ ജീവിതമാകെ മാറി മറിയുവാന്‍ തുടങ്ങിയിരിന്നു. അദ്ദേഹം മറ്റുള്ളവരോട് ക്ഷമിക്കാൻ പഠിച്ചു. നല്ലൊരു ഭർത്താവും, പിതാവുമായി അവന്‍ മാറി. തന്റെ ഭര്‍ത്താവില്‍ വന്ന അതിശയകരമായ മാറ്റത്തില്‍ ഭാര്യ പോലും ഞെട്ടിതരിച്ചു. പിന്നീട് റേഡിയോ ജോക്കിയായി ജോലി ചെയ്തിരുന്ന ഡാലുവിന് ടിയാനൻമെൻ സ്ക്വയർ വാർഷിക ദിനത്തിൽ റേഡിയോയിൽ സംസാരിച്ചത് മൂലം ജോലി നഷ്ടപ്പെട്ടു. പിന്നീട് ഷാങ്ഹായിലുളള കാത്തലിക് കമ്മ്യൂണിക്കേഷൻസിനു വേണ്ടിയാണ് അദ്ദേഹം ജോലി ചെയ്തത്. എന്നാൽ ചൈനീസ് സർക്കാരിന്റെ ഭീഷണി മൂലം ഡാലുവിന് രാജ്യം വിടേണ്ടി വന്നു. ഇന്ന് അദ്ദേഹം ഇറ്റലിയിലാണ് കഴിയുന്നത്. സഭയോടുള്ള അഗാധമായ ഇഷ്ടമാണ് ഇറ്റലി തെരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം പറയുന്നു. വരുംകാലങ്ങളിൽ നിരവധിപേർ ചൈനയിൽ സത്യവിശ്വാസത്തിലേക്ക് കടന്നുവരുമെന്ന പ്രതീക്ഷയാണ് അദ്ദേഹത്തിന് ഇപ്പോള്‍ പങ്കുവെയ്ക്കാനുള്ളത്.