Arts - 2024

പതിനായിരത്തോളം ക്രിസ്തുമസ് പാപ്പാമാരുടെ ബോണ്‍ നത്താലെ കരോള്‍ ഘോഷയാത്ര ഇന്ന്

27-12-2019 - Friday

തൃശൂര്‍: ക്രിസ്മസ് ആഘോഷത്തോടനുബന്ധിച്ച് തൃശൂര്‍ അതിരൂപതയും തൃശൂര്‍ പൗരാവലിയും സംയുക്തമായി നടത്തുന്ന ബോണ്‍ നത്താലെ കരോള്‍ ഘോഷയാത്ര ഇന്ന്. പതിനായിരത്തോളം ക്രിസ്തുമസ് പാപ്പാമാര്‍ ഘോഷയാത്രയില്‍ അണിനിരക്കും. മാലാഖവേഷം ധരിച്ച രണ്ടായിരത്തോളം ബാലികാബാലന്മാരും രണ്ടായിരത്തഞ്ഞൂറോളം പ്രച്ഛന്നവേഷധാരികളും ഘോഷയാത്രയിലുണ്ടാകും. പുതുമയുള്ള ഇരുപതു ഫ്‌ളോട്ടുകളും നിശ്ചലദൃശ്യങ്ങളും ചലിക്കുന്ന തീമുകളും ഘോഷയാത്രയെ വര്‍ണാഭമാക്കും. ഹാപ്പി ഡേയ്‌സ് നൈറ്റ് ഷോപ്പിംഗ് മേളയോടനുബന്ധിച്ച് ദീപാലംകൃതമായ നഗരത്തില്‍ ഘോഷയാത്ര അവിസ്മരണീയ അനുഭവമാകും.

ബോണ്‍ നത്താലെയോടനുബന്ധിച്ച് ഇന്നലെ വൈകുന്നേരം ബിഷപ്‌സ് ഹൗസില്‍ യാചകരടക്കം അവശതയനുഭവിക്കുന്നവരുമൊത്തു പൗരപ്രമുഖര്‍ ക്രിസ്മസ് ആഘോഷിച്ചു. 50 അടി നീളമുള്ള കേക്ക് മുറിച്ചുനല്‍കിയും ക്ലേശിതര്‍ക്കു വിരുന്നൂട്ടിയുമായിരുന്നു ആഘോഷം. ഇന്നു വൈകുന്നേരം അഞ്ചോടെ തൃശൂര്‍ സെന്റ് തോമസ് കോളജില്‍നിന്നാണ് സാന്താക്ലോസുമാരും മാലാഖക്കുട്ടികളും നിരക്കുന്ന കരോള്‍ ഘോഷയാത്ര ആരംഭിക്കുക. രാത്രിയോടെ ഘോഷയാത്ര സമാപിക്കും. ഗതാഗതത്തിനു തടസമില്ലാതെ ഘോഷയാത്ര നടത്തുമെന്നാണു സംഘാടകര്‍ അറിയിച്ചിട്ടുള്ളത്.


Related Articles »