Meditation. - April 2025
അനുരഞ്ജനത്തിന്റെ കൂദാശയിലൂടെ ലഭിക്കുന്ന മാനസികവും ശാരീരികവുമായ സൗഖ്യം
സ്വന്തം ലേഖകന്‍ 20-04-2021 - Tuesday
"സ്‌നേഹത്തില്‍ ഭയത്തിന് ഇടമില്ല; പൂര്‍ണമായ സ്‌നേഹം ഭയത്തെ ബഹിഷ്‌കരിക്കുന്നു. കാരണം, ഭയം ശിക്ഷയെക്കുറിച്ചാണ്. ഭയപ്പെടുന്നവന്‍ സ്‌നേഹത്തില്‍ പൂര്‍ണനായിട്ടില്ല" (1 യോഹന്നാൻ 4:18).
വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഏപ്രില്‍-20
ഈ കാലഘട്ടത്തില്‍ കുമ്പസാരമെന്ന കൂദാശയെ പുച്ഛത്തോടെ കാണുന്നവരുണ്ട്. 'എനിക്കു ആരോടും വെറുപ്പില്ല, ഞാന്‍ ആരെയും ദ്രോഹിക്കാറില്ല, എന്റെ ഭാഗത്ത് തെറ്റുകള്‍ ഒന്നുമില്ല' എന്നൊക്കെ മറ്റുള്ളവരുടെ മുന്നില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്ന മറ്റ് ചിലര്‍. എന്നാല്‍ ഇവരില്‍ ഭൂരിഭാഗം ആള്‍ക്കാരും ജീവിതത്തില്‍ കുറ്റബോധം കൊണ്ട് വിങ്ങി ജീവിക്കുന്നവരായിരിക്കും.
ഈ ലോകത്തിലെ ഏറ്റം സമർത്ഥനായ മനശാസ്ത്ര വിദഗ്ദ്ധനു പോലും നമ്മുടെ ഭൂതകാലത്തിന്റെ കുറ്റബോധത്തിൽ നിന്നും മോചിപ്പിക്കുവാനാകില്ല. എന്നാല്‍ പാപ സാഹചര്യത്തിന്റെ ഓര്‍മ്മകളില്‍ നിന്നും കുറ്റബോധത്തില്‍ നിന്നും വിടുതല്‍ നല്കാന്‍ ദൈവത്തിന് കഴിയുന്നു. കുമ്പസാരമെന്ന കൂദാശയിലൂടെ ദൈവവുമായി ഒരു തുറന്ന സംഭാഷണത്തിന് അവിടുന്ന് അവസരമൊരുക്കുന്നു.
ഘോരമായ പാപങ്ങള്‍ക്ക് വരെ മാപ്പ് ലഭിക്കുന്നത് യേശുവിന്റെ വീണ്ടെടുക്കുന്ന സ്നേഹത്താലാണ്. ഈ വീണ്ടെടുക്കുന്ന സ്നേഹത്തിന്റെ പ്രതിഫലനമായ കുമ്പസാരമെന്ന കൂദാശയിലൂടെ തുറന്ന സംഭാഷണത്തില്‍ ഏര്‍പ്പെടുന്നവന്‍ ഒരു പുതിയ വ്യക്തിയായി തീരുന്നു. കാരണം അവന്റെ പാപങ്ങളുടെ തീവ്രത കണക്കിലെടുക്കാതെ, ദൈവം അവനോടു നിരുപാധികം ക്ഷമിച്ചു കൊണ്ട് ആ വ്യക്തിയുടെ ആത്മാവിനെ അതിന്റെ കറപുരണ്ട അവസ്ഥയിൽ നിന്നും മോചിപ്പിക്കുന്നു.
മാത്രമല്ല പകയിൽ നിന്നും പ്രതികാരത്തിൽ നിന്നും മോചിതനായി ഒരു പുതിയ മനുഷ്യനായി തീരാനുള്ള കൃപയും അനുരഞ്ജനത്തിന്റെ കൂദാശയിലൂടെ അവന് ലഭിക്കുന്നു. 'ഒരു പാപിയുടെ മാനസാന്തമാണ്, ഏറ്റവും ആഴമായതും വിലമതിക്കുവാൻ പറ്റാത്തതും ആയ പ്രവർത്തിയെന്ന്‍' യേശു വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്.
ഒരു നിമിഷം നമ്മുക്ക് ചിന്തിക്കാം, കുമ്പസാരമെന്ന ദൈവീക സംഭാഷണത്തോട് നാം കല്‍പ്പിക്കുന്ന പ്രാധാന്യം ന്യായമായതാണോ? നാം ചെയ്ത പാപങ്ങളില്‍ ന്യായീകരണം നടത്തി അനുരഞ്ജനത്തിന്റെ കൂദാശയില്‍ നിന്നും നാം ഒളിച്ചോടിയിട്ടുണ്ടോ? ആത്മശോധന ചെയ്യുക.
(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, സാൽസ്സ്ബർഗ്ഗ്, 26.6.88)
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.