Life In Christ - 2024

കുമ്പസാരം കേൾക്കുന്നതും വിശുദ്ധ കുർബാന നൽകുന്നതും വൈദികരുടെ അവകാശം: കർദ്ദിനാൾ റോബർട്ട് സാറ

സ്വന്തം ലേഖകന്‍ 06-05-2020 - Wednesday

റോം: കുമ്പസാരം കേൾക്കുന്നതിൽ നിന്നും വിശുദ്ധ കുർബാന നൽകുന്നതിൽ നിന്നും വൈദികരെ ആർക്കും പിന്തിരിപ്പിക്കാൻ സാധിക്കില്ലെന്നും ദിവ്യകാരുണ്യം നല്‍കുന്നതില്‍ അനാദരവ് പാടില്ലെന്നും ആരാധനയ്ക്കും കൂദാശകൾക്കുമായുള്ള തിരുസംഘത്തിന്റെ തലവൻ കർദ്ദിനാൾ റോബർട്ട് സാറ. വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ സാധിച്ചില്ലെങ്കിലും, വിശുദ്ധ കുർബാന നൽകണമെന്നും, കുമ്പസാരിപ്പിക്കണമെന്നും വൈദികരോട് ആവശ്യപ്പെടാൻ വിശ്വാസികൾക്ക് അവകാശമുണ്ടെന്നും ഡെയിലി കോമ്പസ് എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കര്‍ദ്ദിനാള്‍ വിശദീകരിച്ചു. കൊറോണ വൈറസ് പടരാതിരിക്കാൻ മുൻകരുതല്‍ എന്നോണം, വൈദികർ ആശീർവദിച്ച വിശുദ്ധ കുർബാന, ബാഗിലാക്കി വിശ്വാസികൾക്ക് ഭവനങ്ങളിൽ കൊണ്ടുപോയി സ്വീകരിക്കാമെന്ന നിർദ്ദേശം ഇറ്റലിയിലും, ജർമനിയിലും ഉയർന്നുവന്നിട്ടുണ്ട്. ഇത്തരം നീക്കങ്ങളെ കർദ്ദിനാൾ സാറ ശക്തമായ ഭാഷയിൽ അപലപിച്ചു.

"അവിടുന്ന് ബഹുമാനം അർഹിക്കുന്നുണ്ട്. ദൈവത്തെ ഒരു ബാഗിനുള്ളിലാക്കാൻ സാധിക്കില്ല. വിശ്വാസികൾക്ക് വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ സാധിക്കില്ല എന്നത് ഖേദകരമായ കാര്യമാണെങ്കിലും എപ്രകാരം വിശുദ്ധ കുർബാന സ്വീകരിക്കണമെന്ന കാര്യത്തിൽ യാതൊരുവിധ വിട്ടുവീഴ്ചയും ചെയ്യാൻ സാധിക്കില്ല. കർത്താവ് ഒരു വ്യക്തിയാണ്, നാം സ്നേഹിക്കുന്ന വ്യക്തികളെ നാം ഒരിക്കലും ബാഗിനുള്ളിലാക്കുകയില്ല. നിർഭാഗ്യവശാൽ വിശ്വാസ വിരുദ്ധമായ പല കാര്യങ്ങളും ജർമ്മനിയിൽ സംഭവിക്കുന്നുണ്ട്. എന്നാൽ മറ്റുള്ളവർ അത് അനുകരിക്കണമെന്നില്ല". വിശുദ്ധ കുർബാന ദൈവത്തിൽ നിന്ന് ലഭിക്കുന്ന ഒരു സമ്മാനമാണ്. അതിനാൽ തന്നെ ആദരവോടെ അത് സ്വീകരിക്കണം. ചന്ത സ്ഥലത്തല്ല നമ്മൾ നിൽക്കുന്നതെന്ന തോന്നൽ ഉണ്ടായിരിക്കണമെന്നും കർദ്ദിനാൾ റോബർട്ട് സാറ കൂട്ടിച്ചേർത്തു.

കൈകളിലും, നാവിലും വിശുദ്ധ കുർബാന സ്വീകരിക്കാൻ വിശ്വാസികൾക്ക് അവകാശമുണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്താണ് വിശുദ്ധ കുർബാനയിൽ നമ്മൾ ആചരിക്കുന്നതെന്നും, വിശുദ്ധ കുർബാന എന്താണെന്നും മനസ്സിലാക്കുകയാണെങ്കിൽ എപ്രകാരമായിരിക്കണം വിശുദ്ധ കുർബാന ജനങ്ങൾക്ക് നല്കുക എന്നതിനെപ്പറ്റി യാതൊരുവിധ സംശയവും ഉണ്ടാകില്ല. വിശ്വാസികൾക്കു വേണ്ടി ഓൺലൈൻ വിശുദ്ധ കുർബാന അർപ്പിക്കുമ്പോൾ ക്യാമറയിൽ ആയിരിക്കരുത് വൈദികരുടെ ശ്രദ്ധയെന്നും സഭയുടെ ജീവന്റെ ഹൃദയം വിശുദ്ധ കുർബാനയായതിനാലാണ് സാത്താൻ അതിനെ ആക്രമിക്കുന്നതെന്നും കർദ്ദിനാൾ റോബർട്ട് സാറ കൂട്ടിച്ചേർത്തു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »