News - 2026
ഭ്രൂണത്തിലെ ഓരോ ഭാഗങ്ങള്‍ മുറിച്ചു മാറ്റുന്ന ഗര്‍ഭഛിദ്ര രീതി നിരോധിക്കുവാന്‍ അമേരിക്കന്‍ സംസ്ഥാനം
സ്വന്തം ലേഖകന്‍ 12-01-2020 - Sunday
ലിങ്കണ്‍: പതിമൂന്ന് മുതല്‍ ഇരുപത്തിയേഴ് ആഴ്ചവരെ പ്രായമുള്ള ഭ്രൂണങ്ങളെ ഇല്ലാതാക്കുവാനുള്ള ഡയലേഷന്‍ ആന്‍ഡ് ഇവാക്ക്വേഷന്‍ അബോര്‍ഷനുകള്‍ എന്ന ക്രൂരമായ ഭ്രൂണഹത്യയെ നിരോധിക്കുന്ന ബില്‍ മധ്യ-പടിഞ്ഞാറന്‍ അമേരിക്കന്‍ സംസ്ഥാനമായ നെബ്രാസ്കയുടെ നിയമനിര്‍മ്മാണ സഭയില്‍. ജനുവരി 8ന് സ്റ്റേറ്റ് സെനറ്റര്‍ സൂസന്നെ ഗെയിസ്റ്റ് ആണ് ബില്‍ സഭയില്‍ അവതരിപ്പിച്ചത്. ‘ഡിസ്മെംബര്‍മെന്റ് അബോര്‍ഷന്‍സ്’ എന്ന് ബില്ലില്‍ പറയുന്ന ‘ഡയലേഷന്‍ ആന്‍ഡ് ഇവാക്ക്വേഷന്‍’ മാര്‍ഗ്ഗത്തിലൂടെ അബോര്‍ഷന്‍ ചെയ്യുന്ന ഡോക്ടര്‍മാര്‍ക്കാണ് വിലക്കുള്ളത്. ക്ലാംമ്പ്, കൊടില്‍, കത്രിക പോലെയുള്ള ഉപകരണങ്ങളും ലിവറും ഉപയോഗിച്ച് ജീവനുള്ള ഭ്രൂണത്തിന്റെ അവയവങ്ങള്‍ ഗര്‍ഭപാത്രത്തില്‍ നിന്നും മനപൂര്‍വ്വം അറുത്തുമാറ്റുന്ന ക്രൂരമായ അബോര്‍ഷന്‍ രീതിയാണ് ‘ഡിസ്മെംബര്‍മെന്റ് അബോര്‍ഷന്‍’ എന്നു ബില്ലില്‍ ചൂണ്ടിക്കാട്ടുന്നു.
ഗര്‍ഭഛിദ്രം സംബന്ധിച്ച വ്യക്തിപരമായ അഭിപ്രായങ്ങള്‍ പരിഗണിക്കാതെ ജീവനുള്ള മനുഷ്യശരീരത്തിന്റെ അവയവങ്ങള്‍ വലിച്ചു കീറുന്നതിനോട് നമുക്കാര്‍ക്കും യോജിക്കുവാന്‍ കഴിയില്ലെന്നാണ് താന്‍ കരുതുന്നതെന്നു ബില്‍ അവതരിപ്പിച്ച ഗെയിസ്റ്റ് പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇത്തരത്തില്‍ അബോര്‍ഷനെ നിയന്ത്രിക്കുന്ന പല ബില്ലുകളും സഭയില്‍ പാസ്സായതിനു ശേഷം കോടതിയില്‍ തടയപ്പെട്ടതിനാല്‍ കോടതിയില്‍ എന്തു സംഭവിക്കും എന്നതിനെക്കുറിച്ച് താന്‍ ചിന്തിക്കുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അമേരിക്കയില്‍ ഭ്രൂണഹത്യ നിയമവിധേയമാക്കിയ ‘റോയ് v. വേഡ്’ കേസിന്റെ വാര്‍ഷിക ദിവസം സംസ്ഥാനത്ത് പ്രാര്‍ത്ഥനാ ദിനമായി ആചരിക്കണമെന്ന് നെബ്രാസ്ക ഗവര്‍ണര്‍ പീറ്റ് റിക്കറ്റ് പ്രഖ്യാപിച്ച ദിവസം തന്നെയാണ് സഭയില്‍ അവതരിപ്പിക്കപ്പെട്ടതെന്ന പ്രത്യേകതയും ഈ ബില്ലിനുണ്ട്.
സാധ്യമാകുമ്പോഴെല്ലാം ജനിക്കുവാനിരിക്കുന്ന കുട്ടികളുടെ ജീവന് സംരക്ഷണം നല്‍കണമെന്നതാണ് നെബ്രാസ്കയിലെ ജനങ്ങളുടേയും നിയമസാമാജികരുടേയും ആഗ്രഹമെന്ന് സംസ്ഥാനത്തിന്റെ നിയമവ്യവസ്ഥയില്‍ പറയുന്നുണ്ടെന്നും, വിവിധ മാര്‍ഗ്ഗങ്ങളിലൂടെ നെബ്രാസ്ക തങ്ങളുടെ പ്രോലൈഫ് മൂല്യങ്ങള്‍ പ്രകടിപ്പിക്കുമെന്നും പ്രഖ്യാപനത്തിലൂടെ റിക്കറ്റ് പറഞ്ഞു. സ്വന്തം വിശ്വാസമനുസരിച്ച് ഭ്രൂണഹത്യയുടെ അവസാനത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുവാനും, ദരിദ്രരും അശരണരുമായ ഗര്‍ഭവതികളെ സാധ്യമായ രീതിയില്‍ സഹായിക്കുവാനും പ്രോത്സാഹിപ്പിച്ചുകൊണ്ടാണ് റിക്കറ്റിന്റെ പ്രഖ്യാപനം അവസാനിക്കുന്നത്.

















