Social Media

പ്രണയ ദുരന്തങ്ങൾ ആവർത്തിയ്ക്കപ്പെടുമ്പോൾ

ഡോ.ഡെയ്സൻ പാണേങ്ങാടൻ 13-01-2020 - Monday

പ്രണയ ദുരന്തങ്ങൾ ആവർത്തിയ്ക്കപ്പെടുന്ന അനതി സാധാരണമായ ഒരു കാലഘട്ടത്തിലൂടെയാണ് നമ്മുടെ കൗമാരവും യൗവനവും കടന്നു പോയി കൊണ്ടിരിയ്ക്കുന്നത്. സാംസ്കാരിക കേരളത്തിന്റെ പൊതു മന:സാക്ഷിയെ ഞെട്ടിച്ച്, അതിന്റെ സാംസ്കാരിക തലസ്ഥാനത്ത്(തൃശ്ശൂരിന്റെ വനാതിർത്തിയിൽ) അരങ്ങേറിയ ജനുവരി ആദ്യവാരത്തിലെ പ്രണയക്കൊല, ഇത്തരം ദുരന്തങ്ങൾക്ക് ഇനിയും ബാല്യമുണ്ടെന്ന് തെളിയിച്ചു കഴിഞ്ഞിരിക്കുന്നു. വനത്തിനുള്ളിൽ കൊല ചെയ്യപ്പെട്ട രീതിയിൽ കണ്ടെത്തപ്പെട്ട പതിനേഴു വയസ്സുകാരി "ഇവ" യുടെ നിഷ്ക്കളങ്കമുഖം, പൊതുമനസ്സുകളിലും സമാന പ്രായത്തിൽ മക്കളുള്ള മാതാപിതാക്കളിലും തീർത്ത വേദനയും പ്രയാസവും മറക്കാൻ ദിവസങ്ങൾ വേണ്ടിവരുമെന്ന് തീർച്ച.

പ്രണയക്കെണികൾ:- ‍

പ്ലസ് ടു കാലത്തിലെത്തുന്നതോടെ പ്രണയ വികാരങ്ങൾ അതിന്റെ മൂർദ്ധന്യത്തിലെത്തുകയായി.എന്നെ പ്രണയിയ്ക്കാനാളുണ്ട് എന്നത്, സ്വാഭാവിക പ്രണയമെന്നതിനപ്പുറത്ത്, ആത്മാഭിമാനത്തിന്റെ കൂടി മാനകമാകുന്നതാണ് ഇന്നിന്റെ പ്രധാന പ്രശ്നം. പെൺകുട്ടികൾക്ക് തങ്ങൾക്കൊരു ആൺസുഹൃത്തും ആൺകുട്ടികൾക്ക് തങ്ങൾക്കൊരു പെൺസുഹൃത്തും ഇല്ലെന്നത് വലിയൊരു അഭിമാന പ്രശ്നമായി കാണുന്നുവെന്നതിലേയ്ക്ക് നമ്മുടെ കൗമാരവും യുവത്വവും മാറിയിരിയ്ക്കുന്നു. തനിക്കെന്തോ കുഴപ്പമുള്ളതുകൊണ്ടാണ്

ആൺസുഹൃത്ത് ഇല്ലാത്തതെന്ന് ചിന്തിയ്ക്കുന്നവരും താൻ സുന്ദരിയല്ലാത്തതു കൊണ്ടാണ് ആൺകുട്ടികൾ തന്നെ ശ്രദ്ധിയ്ക്കാതിരിയ്ക്കുകയും ചെയ്യുന്നതെന്ന് ചിന്തിക്കുന്ന പെൺകുട്ടികളുടെ എണ്ണം കൂടി വരുന്നു.

ഈ മാനസികാവസ്ഥയിൽ നിന്നാണ് എങ്ങിനെയെങ്കിലും പ്രണയിക്കണമെന്ന ചിന്ത അവരിൽ പലരിലും അഭിരമിയ്ക്കുന്നത്. ഇത് പലപ്പോഴും അപക്വമായതും വീണ്ടുവിചാരമില്ലാത്തതുമായ പ്രണയങ്ങളിലേയ്ക്കു നയിക്കുന്നു. ഇത്തരം പ്രണയങ്ങളാണ് ചൂഷണം ചെയ്യപ്പെടുന്നതിൽ ഭൂരിഭാഗവും. നേരത്തെ ഇത്തരം ചൂഷണങ്ങൾ വ്യക്തിപരം മാത്രമായിരുന്നെങ്കിൽ, ഇപ്പോഴതിനു പുറകിൽ പല റാക്കറ്റുകളും മാഫിയകളും ഉണ്ടെന്നുള്ളത് സമീപകാല വാർത്തകൾ നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്.

പ്രണയമയമായ കാലയളവിൽ, പ്രണയാർദ്രമെന്ന് തോന്നിപ്പിക്കുന്നതൊക്കെ പ്രണയാർദ്രമല്ലെന്നും, പ്രണയിക്കുന്നു എന്ന് പറയുന്നവരിൽ ചെറുപക്ഷമെങ്കിലും പ്രണയം നടിക്കുന്നവരോ കൃത്രിമമായി പ്രണയിക്കുന്നവരാണെന്നും നമ്മുടെ കുട്ടികൾ മനസ്സിലാക്കുന്നില്ലെന്നതാണ് വാസ്തവം. അത്തരക്കാരെ മനസ്സിലാക്കാനും സ്ഥാപിതതാല്പര്യക്കാരോട് "പറ്റില്ല" എന്നു പറയാനും എന്നാണ് നമ്മുടെ കുട്ടികൾ വളരുക? അത്തരമൊരു മാനസികാവസ്ഥയിൽ ഒറ്റപ്പെടുന്ന നമ്മുടെ കൗമാരത്തെ ചേർത്തു നിർത്താനും സഹഗമിയ്ക്കാനും നമ്മുടെ രക്ഷാകർത്താക്കൾക്കും പരിശീലനം അവശ്യം തന്നെ.

സാമൂഹ്യ മാധ്യമങ്ങളും ഇത്തരം പ്രണയക്കെണികൾക്ക് വലിയ സാധുതയേകുന്നുണ്ട്. ചൂഷണങ്ങളിൽ പ്രാമുഖ്യം, നഗ്നത വെച്ചുള്ള വിലപേശലുകൾക്കു തന്നെയാണ്. പ്രണയത്തിന്റെ ഉത്തുംഗശൃംഗത്തിലെ, ഒരാവേശത്തിന്റെ പുറത്തുള്ള വാട്ട്സ് ആപ്പ് ചാറ്റുകളും വീഡിയോകളും തങ്ങളുടെ ജീവിതം തന്നെ നശിപ്പിക്കാവുന്ന സാഹചര്യത്തിലേയ്ക്ക് നമ്മുടെ കുട്ടികളെ കൊണ്ടുചെന്നെത്തിക്കുന്നുമുണ്ട്. അടച്ചിട്ട മുറികളിൽ തന്റെ നഗ്നത പ്രദർശിപ്പിക്കുന്നവരും, അതാസ്വദിക്കുന്നവരും ഇക്കാര്യത്തിന് അവരെ പ്രേരിപ്പിക്കുന്നവരും, പത്തു മാസം സുഖശീതളിമയിൽ കിടന്ന തന്റെ അമ്മയുടെ ഗർഭപാത്രവും അമ്മിഞ്ഞപ്പാൽ നുകർന്ന മാറിടങ്ങളും മറന്ന്, അതേ ആകൃതിയും രൂപവുമുള്ള ശരീരങ്ങളെ ആസൂത്രിതലക്ഷ്യത്തോടെ ദുരുപയോഗിക്കുന്നുവെന്നത് എന്ത് വിരോധാഭാസമാണ്? നൊന്തു പ്രസവിച്ച തന്റെ അമ്മയ്ക്കില്ലാത്തതൊന്നും അവൾക്കില്ലയെന്നു തിരിച്ചറിയുന്നിടത്ത് അവസാനിക്കേണ്ടതു തന്നെയാണ് അവന്റെ കാമാർത്തി.

ഉറവിടങ്ങളിലേയ്ക്കുള്ള മടക്കം:- ‍

സൗഹൃദ, പ്രണയക്കെണികള്‍ മൂലം കുടുംബങ്ങള്‍ തകര്‍ക്കപ്പെടുന്നതു സമൂഹത്തില്‍, പ്രത്യേകിച്ച് കേരള സമൂഹത്തിൽ സൃഷ്ടിക്കുന്ന ആഘാതം വളരെവലുതാണ്. കുടുംബങ്ങളേയും അവയിലെ കുടുംബാംഗങ്ങളേയും ഈ പതിറ്റാണ്ടിൽ ബാധിച്ചിരിക്കുന്ന മദ്യപാനാസക്തി, സ്‌നേഹരാഹിത്യം, അണുകുടുംബ പശ്ചാത്തലം, പിടിവാശികള്‍, നവമാധ്യമങ്ങളിലെ അശ്ലീല-ലൈംഗിക അതിപ്രസരം, സീരിയലുകളും സിനിമകളും നൽകുന്ന തെറ്റായ സന്ദേശങ്ങള്‍, ഉപഭോഗസംസ്‌കാരം എന്നിങ്ങനെ നിരവധി കാരണങ്ങള്‍, നല്ല കുടുംബ ബന്ധങ്ങൾക്കപ്പുറത്തെ പുതിയ സാധ്യതകളിലേയ്ക്ക് നമ്മുടെ കൗമാരത്തെ നാമറിയാതെ നയിക്കുന്നുണ്ട്. അല്ലെങ്കിൽ തനിയ്ക്കാശ്വാസവും പരിഗണനയും കിട്ടുന്ന പുതിയ മേച്ചിൽപുറങ്ങൾ അവർ തേടുന്നുവെന്നു പറയുന്നതാകും കൂടുതൽ ശരി. ഈ വെല്ലുവിളികളെ യാഥാർത്ഥ്യ ബോധത്തോടെ അഭിമുഖീകരിക്കാനും ക്രിയാത്മകമായി അതിജീവിക്കാനും കഴിഞ്ഞാലേ കുടുംബ ബന്ധങ്ങളെ സുദൃഢമാക്കി, അവയുടെ ആശയ വിനിമയ ശേഷി വർദ്ധിപ്പിക്കാനും സാധിക്കുകയുള്ളൂ.

അവരുടെ പ്രശ്നങ്ങളും പ്രയാസങ്ങളും സ്വതന്ത്രമായി പരിഹരിയ്ക്കപ്പെടുന്ന വേദികളായി കുടുംബങ്ങൾ മാറിയാലേ, വീടിന്റെ യഥാർത്ഥ അർത്ഥം നമ്മുടെ ഇരുനില കെട്ടിടങ്ങൾക്ക് അവകാശപ്പെടാനാകൂ.

ചൈനയിൽ നിന്നുള്ള സുപ്രസിദ്ധ ചിന്തകനും എഴുത്തുകാരനുമായ ലിൻടുയാങ്, ഇങ്ങിനെയെഴുതി " മനുഷ്യർ തമ്മിലുള്ള ബന്ധത്തിന്റെ ഏറ്റവും സ്വാഭാവികവും പ്രകൃതിയ്ക്ക് ഏറ്റവും അനുസൃതവുമായ ബന്ധം കുടുംബാംഗങ്ങൾ തമ്മിലുള്ളതാണ്." അതു കൊണ്ട് തന്നെ തലമുറ മാറ്റത്തെ പഴിയ്ക്കാതെ കുടുംബ ബന്ധങ്ങളെ നിലനിർത്തി, അവയുടെ സംവേദനക്ഷമത വർദ്ധിപ്പിക്കുകയെന്നതു തന്നെയാണ്, മുഖ്യ പരിഹാര മാർഗ്ഗം.

നമുക്ക് നൻമയുടെ ആ ഉറവിടങ്ങളിലേയ്ക്കു മടങ്ങാം.

‍(ലേഖകനായ ഡോ.ഡെയ്സൻ പാണേങ്ങാടൻ, തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ അസിസ്റ്റന്‍റ് പ്രഫസറാണ്)

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 12