Social Media - 2024

'അച്ചന്മാരുടെ കൊള്ളരുതായ്മ': കുറിപ്പ് വൈറലാകുന്നു

സ്വന്തം ലേഖകന്‍ 05-12-2019 - Thursday

അച്ചന്മാരുടെ കൊള്ളരുതായ്മ എന്ന തലക്കെട്ടോടെ ഫാ. പ്രിന്‍സ് അഗസ്റ്റിന്‍ എഴുതിയ കുറിപ്പ് നവമാധ്യമങ്ങളില്‍ വൈറലാകുന്നു. തന്റെ ജൂനിയറായി കടന്നുവന്ന ഒരു സെമിനാരി വിദ്യാര്‍ത്ഥിയുടെ ജീവിതവും എടും സെമിനാരിയില്‍ നിന്ന്‍ പറഞ്ഞുവിട്ടതിന് ശേഷം ഉണ്ടായ സംഭവ വികാസങ്ങളുമാണ് ലഘു കുറിപ്പിലുള്ളത്. ഇത് നവമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

കുറിപ്പ് വായിക്കാം ‍

ഹൈറേഞ്ചിലെ മലഞ്ചെരുവ് പൊന്നുവിളയുന്ന കൃഷിഭൂമിയാക്കിയ കഠിനാദ്ധ്വാനിയായ ഒരു ചേട്ടന്റെ മകൻ എന്റെ ജൂണിയറായി സെമിനാരിയിലുണ്ടായിരുന്നു. ഒരു അനുജന്റെ സ്നേഹവും കരുതലും തന്ന അവന്റെ നന്മ മുഴുവൻ മണ്ണിൽ പണിയെടുക്കുന്ന അപ്പനിൽ നിന്നുമാണെന്ന് അവൻ എന്നും പറയുമായിരുന്നു. അതു കൊണ്ടാവാം ഒരു അവധിക്കാലത്ത് മഞ്ഞ് പുതഞ്ഞ മലമടക്കുകൾ കാണാൻ അവനോടൊപ്പം ഞങ്ങളും പോയത്. അപ്പച്ചനെ കണ്ടതും തഴമ്പ് ചാലിട്ട ആ കരുത്തുറ്റ കൈകൾ കൂട്ടിപ്പിടിച്ച് അതിലൊരു മുത്തം കൊടുത്തത് ഓർമ്മയുണ്ട്. മണ്ണിന്റെ നന്മകൊണ്ടാവാം ആ വീട്ടിലെ അവധിക്കാല സന്ദർശകനായി മാറാൻ അധികം നാൾ വേണ്ടി വന്നില്ല.

ഏറെ നാളുകൾക്ക് ശേഷം ഞെട്ടലുളവാക്കിയ ആ വാർത്ത കേട്ടു, സെമിനാരിക്കാരന് യോജ്യമല്ലാത്ത വിധത്തിൽ ഒരു യുവതിയോട് പെരുമാറിയ കാരണത്താൽ അവനെ സെമിനാരിയിൽ നിന്നും 'പറഞ്ഞു വിട്ടുവെന്ന്.' അവന്റെ അപ്പച്ചനെ ഓർത്തുള്ള സങ്കടം കൊണ്ടാവണം അവന്റെ പ്രീഫെക്ട് അച്ചനെ ഒന്ന് വിളിച്ചു. പലയാവർത്തി വാണിങ് നൽകിയിട്ടും തെറ്റ് ആവർത്തിച്ചപ്പോഴാണ് നടപടിയെടുത്തതത്രേ. സംസാരത്തിനൊടുവിൽ വയോധികനായ അച്ചൻ ആശ്വസിപ്പിച്ചു, "സാരമില്ല കുട്ടാ അയാളുടെ ദൈവവിളി ഈ ജീവിതത്തിനായിരുന്നില്ല.''

ആ ആശ്വാസ വാക്കുകൾ അവന്റെ കുടുംബത്തിന് നൽകാനാണ് ഏതാനും നാളുകൾക്ക് ശേഷം വീണ്ടും മല കയറിയത്. സാധാരണ ഗതിയിൽ സ്നേഹത്തോടെ മാത്രം സംസാരിക്കാനറിയുന്ന ആ കൃഷിക്കാരൻ എന്നെ കണ്ടതും ആക്രോശിച്ചു. "നിങ്ങൾ അച്ചന്മാരുടെ കൊള്ളരുതായ്മ വിളിച്ചു പറഞ്ഞതിന് എന്റെ കൊച്ചിനെ കുരുതി കൊടുത്തല്ലേ..." കലിപ്പൊന്നടങ്ങിയപ്പോൾ മനസ്സിലായി സെമിനാരിയിൽ നിന്ന് പറഞ്ഞു വിട്ടതിന് കാരണമായി അവൻ വീട്ടിലും നാട്ടിലും പടച്ചു വിട്ട കഥയാണ് പാവം അപ്പച്ചൻ വിളിച്ചു പറഞ്ഞത്.

പഴയ സൗഹൃദം നൽകിയ സ്വാതന്ത്രത്തിൽ ഒറ്റയ്ക്ക് കിട്ടിയ അവനെ മാറ്റി നിർത്തി ചോദിച്ചപ്പോൾ വന്ന ഉത്തരം ഇത്ര മാത്രം, 'അത് പിന്നെ, എനിക്ക് വീട്ടുകാരുടേയും നാട്ടുകാരുടേയും മുന്നിൽ പിടിച്ചു നിൽക്കണ്ടേ... "

സമൂഹത്തിന്റെ മുന്നിൽ പിടിച്ചു നിൽക്കാൻ വേണ്ടി, സമർപ്പിത ജീവിതത്തിന്റെ പാതി വഴിയിൽ പടിയിറങ്ങിയവർ, പടച്ചു വിടുന്ന അശ്ലീല സാഹിത്യങ്ങൾ ഒരു പാട് കണ്ടവരാണ് നാം. വീണ്ടുമൊരു പാതി വഴി യാത്രയുടെ പരിഹാസപുസ്തകം പണിപ്പുരയിലുമാണത്രേ. പതിവുപോലെ ഇക്കിളി സാഹിത്യം വേണ്ടുവോളം ഉണ്ടാവും എന്ന് വേണം അനുമാനിക്കാൻ...!

ഒറ്റ ചോദ്യം മാത്രം, നിങ്ങളെഴുതുന്നതിലെ ധാർമ്മികതയോ നൈതികതയോ ഒന്നുമല്ല വിഷയം; ആ വാക്കുകൾ മക്കൾക്കൊപ്പമിരുന്ന് വായിക്കാൻ എത്ര മാതാപിതാക്കൾ തയ്യാറാവും? സഹോദരങ്ങൾ എത്ര പേർ ഒരുമിച്ചു വായിക്കും? പോട്ടെ, ദീർഘദൂര ട്രെയിൻ യാത്രയിൽ പുറം താൾ മായ്ക്കാതെ എത്ര പേർക്ക് വായിക്കാനാവും? കുഞ്ഞുണ്ണി മാഷ് പറഞ്ഞ പോലെ വായന വളർത്താനാവട്ടെ, തളർത്താനാവരുത് ...

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »