Faith And Reason

വിശുദ്ധ ആൻഡ്രൂവിന്റെ രൂപവും വഹിച്ചുകൊണ്ടു റഷ്യൻ സേനയുടെ പര്യടനം

സ്വന്തം ലേഖകൻ 16-01-2020 - Thursday

മോസ്കോ: റഷ്യന്‍ നാവികസേനയുടെ മാധ്യസ്ഥ വിശുദ്ധനും രാജ്യത്തു ഏറ്റവും ആദരിക്കപ്പെടുകയും ചെയ്യുന്ന വിശുദ്ധ ആൻഡ്രൂവിന്റെ രൂപവും വഹിച്ചുകൊണ്ട് റഷ്യന്‍ നാവിക സേനാ വ്യൂഹങ്ങളിലൂടെയുള്ള പര്യടനം തുടരുന്നു. ഡിസംബര്‍ 21ന് ആരംഭിച്ച പര്യടനം സെവറോമോര്‍സ്കിലെ വടക്കന്‍ വ്യൂഹം സന്ദര്‍ശിച്ച ശേഷം സൈനിക കപ്പലുകളിലൂടെ പ്രദക്ഷിണം നടത്തും. റഷ്യന്‍ നാവികസേനയുടെ അഞ്ചു കപ്പല്‍വ്യൂഹങ്ങളിലും പര്യടനം പൂര്‍ത്തിയാക്കിയ ശേഷം ഈ രൂപം മോസ്കോയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന മിലിട്ടറി കത്തീഡ്രലില്‍ പ്രതിഷ്ഠിക്കുമെന്ന് രാജ്യത്തെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഡിസംബര്‍ 30നാണ് വിശുദ്ധ ആന്‍ഡ്രൂവിന്റെ രൂപം മുര്‍മാന്‍സ്കില്‍ എത്തിയത്. ജനുവരിയില്‍ വടക്കന്‍ ഫ്ലീറ്റ് മേഖലയില്‍ ഉള്‍പ്പെടുന്ന ഗാഡ്സീവ്, വിദ്യായിവൊ, സാവോസെര്‍സ്ക്, ലുവോസ്റ്റാരി തുടങ്ങിയ സൈനീക പട്ടണങ്ങളില്‍ വണക്കത്തിനു പ്രതിഷ്ഠിക്കും. അര്‍ഘാങ്ങെല്‍സ്ക് ഒബ്ലാസ്റ്റിലെ സെവറോഡ്‌വിന്‍സ്കില്‍ പര്യടനം പൂര്‍ത്തിയാക്കിയ ശേഷമാണ് കിഴക്കന്‍ സേനാ വ്യൂഹത്തിലേക്കും പസഫിക് സേനാ വ്യൂഹത്തിലേക്കുമുള്ള പര്യടനം ആരംഭിക്കുകയെന്ന്‍ വടക്കന്‍ ഫ്ലീറ്റ് വൃത്തങ്ങള്‍ അറിയിച്ചു.

ഈ പര്യടനം വടക്കന്‍ നാവിക വ്യൂഹത്തിന്റേയും, പട്ടണവാസികളുടേയും ആത്മീയതയെ ശക്തിപ്പെടുത്തുന്നതിന് കാരണമായെന്ന് ഫ്ലീറ്റ് കമാണ്ടര്‍ അലെക്സാണ്ടര്‍ മൊയിസീവിന്റെ പ്രസംഗത്തില്‍ പറയുന്നു. മാതൃദേശത്തെ സംരക്ഷിക്കുന്നവരോട് റഷ്യന്‍ ഓര്‍ത്തഡോക്സ് സഭ പുലര്‍ത്തിവരുന്ന ശ്രദ്ധയുടെ ഉദാഹരണം കൂടിയാണ് ഈ പര്യടനമെന്നും പ്രാദേശിക രൂപത പുറത്തുവിട്ട അലെക്സാണ്ടര്‍ മൊയിസീവിന്റെ പ്രസംഗത്തില്‍ പറയുന്നു. മെയ് ആരംഭത്തിലായിരിക്കും രൂപം മോസ്കോയിലെ പാട്രിയോടിക് പാര്‍ക്കിനു പുറത്തായി നിര്‍മ്മാണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന മിലിട്ടറി കത്തീഡ്രലില്‍ പ്രതിഷ്ഠിക്കുക.

രണ്ടാം ലോക മഹായുദ്ധത്തിന്റെ എഴുപത്തിയഞ്ചാമത് വാര്‍ഷികത്തോടനുബന്ധിച്ച് മെയ് ഒൻപതിനായിരിക്കും കത്തീഡ്രലിന്റെ വെഞ്ചരിപ്പ്. 95 മീറ്റര്‍ ഉയരമുള്ള ഈ ദേവാലയം മിലിട്ടറിയുമായി ബന്ധപ്പെട്ട പ്രമേയത്തിലാണ് പെയിന്റ് ചെയ്തിരിക്കുന്നത്. രണ്ടാം ലോകമഹായുദ്ധം നടന്ന വര്‍ഷമായ 1945-നെ സൂചിപ്പിക്കുന്ന 1945 മീറ്റര്‍ ചുറ്റളവിലുള്ള താഴികക്കുടം കത്തീഡ്രലിന്റെ ഒരു സവിശേഷതയാണ്. യുദ്ധം നീണ്ടു നിന്ന 1418 ദിവസങ്ങളെ സൂചിപ്പിക്കുന്നതിനായി 1418 മീറ്റര്‍ ചുറ്റളവിലാണ് രണ്ടാമത്തെ താഴിക കുടം നിര്‍മ്മിച്ചിരിക്കുന്നത്. അതേസമയം വിശുദ്ധന്റെ രൂപവും വഹിച്ചുകൊണ്ട് സൈനിക വ്യൂഹം നടത്തുന്ന യാത്രയുടെ ചിത്രം നവമാധ്യമങ്ങളിൽ വൈറലാണ്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »