Life In Christ - 2024
ദൈവദാസ പദവിയില്‍ ആര്‍ച്ച് ബിഷപ്പ് അട്ടിപ്പേറ്റി: 'ദൈവത്തിന്റെ മനുഷ്യന്‍' എന്ന് ആര്‍ച്ച് ബിഷപ്പ് കളത്തിപ്പറമ്പില്‍
21-01-2020 - Tuesday
കൊച്ചി: കേരളത്തിലെ റോമന്‍ കത്തോലിക്കാ സഭയുടെ ആദ്യത്തെ തദ്ദേശീയ മെത്രാപ്പോലീത്ത ഡോ. ജോസഫ് അട്ടിപ്പേറ്റിയെ വിശുദ്ധപദത്തിലേക്കുള്ള അര്‍ത്ഥിയായി അംഗീകരിച്ചുകൊണ്ട് ദൈവദാസനായി പ്രഖ്യാപിച്ചു. അന്‍പതുകൊല്ലം മുന്‍പ് അദ്ദേഹത്തിന്റെ ഭൗതിക ദേഹം അടക്കം ചെയ്ത എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍ സാഘോഷ സ്‌തോത്രബലിമധ്യേയാണ് നാമകരണ നടപടികളുടെ നൈയാമിക പ്രാദേശിക സഭാധികാരിയായ വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
ദൈവത്തിന്റെ മനുഷ്യനായിരുന്നു ആര്‍ച്ച് ബിഷപ്പ് അട്ടിപ്പേറ്റിയെന്ന് അദ്ദേഹം അനുസ്മരിച്ചു. ആധ്യാത്മികതയ്ക്കു മുന്‍തൂക്കം കൊടുത്തുകൊണ്ടുള്ള അജപാലനശുശ്രൂഷയില്‍ പാവങ്ങളോടുള്ള കരുണാമസൃണമായ അനുകമ്പ ശ്രദ്ധേയമായിരുന്നു. ദിവ്യകാരുണ്യ ആരാധനയ്ക്കും ധ്യാനത്തിനും ജപമാലയ്ക്കും പരിശുദ്ധ അമ്മയോടുള്ള വണക്കത്തിനും ദൈവദാസന്റെ ജീവിതവിശുദ്ധിയിലും സുകൃതപുണ്യങ്ങളിലും വലിയ പ്രാധാന്യമുണ്ടായിരുന്നു. സഭയെ ആധുനിക ലോകത്തിന്റെ വെല്ലുവിളികളെ നേരിടാന്‍ പ്രാപ്തമാക്കിയ രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്റെ നാലു സമ്മേളനങ്ങളിലും കൗണ്‍സില്‍ പിതാവ് എന്ന നിലയില്‍ ഡോ. അട്ടിപ്പേറ്റി പങ്കെടുക്കുകയും ഭാരത സഭയില്‍ സുവിശേഷവത്കരണത്തിന്റെ നൂതന സരണികള്‍ വെട്ടിത്തുറക്കുകയും ചെയ്തവരില്‍ ഒരാളാണ് ഡോ. അട്ടിപ്പേറ്റിയെന്ന് ആമുഖ പ്രഭാഷണത്തില്‍ അദ്ദേഹം അനുസ്മരിച്ചു.
ഭാഗ്യസ്മരണാര്‍ഹനായ ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് അട്ടിപ്പേറ്റിയെ ദൈവദാസനായി പ്രഖ്യാപിക്കുന്ന ഡിക്രി ആര്‍ച്ച് ബിഷപ്പ് കളത്തിപ്പറമ്പില്‍ പ്രഘോഷിച്ചപ്പോള്‍ പള്ളിമണികള്‍ മുഴങ്ങി. 'ദൈവത്തിനു നന്ദി' എന്ന് വിശ്വാസി സമൂഹം ഏറ്റുപറഞ്ഞു.
ആര്‍ച്ച്ബിഷപ് എമരിറ്റസ് ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍, കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ബിഷപ് ഡോ. ജോസഫ് കരിയില്‍, ബിഷപ്പുമാരായ ഡോ. സെബാസ്റ്റിയന്‍ തെക്കത്തെച്ചേരില്‍, ഡോ. അലക്‌സ് വടക്കുംതല, ഡോ. ജെയിംസ് റാഫേല്‍ ആനാപറമ്പില്‍, ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ എന്നിവരും വരാപ്പുഴ അതിരൂപതയിലും കോട്ടപ്പുറം രൂപതയില്‍ നിന്നുമുള്ള വൈദികരും സന്ന്യസ്തരും തിരുക്കര്‍മങ്ങളില്‍ സഹകാര്‍മികത്വം വഹിച്ചു. എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പൊലിത്തന്‍ വികാര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്റണി കരിയില്‍ സന്നിഹിതനായിരുന്നു.
ആര്‍ച്ച്ബിഷപ് അട്ടിപ്പേറ്റിയുടെ പുണ്യജീവിതത്തെയും, ദൈവശാസ്ത്രപരവും മൗലികവും സഹായകവുമായ പുണ്യങ്ങളെയും, ജീവിച്ചിരുന്ന കാലത്തും മരണനേരത്തും അതിനുശേഷവുമുള്ള വിശുദ്ധിയുടെ പ്രസിദ്ധിയെയും, ആധ്യാത്മികതയെയും കുറിച്ചുള്ള കാനോനിക അന്വേഷണങ്ങള്‍ ആഴത്തിലും വിസ്തൃതമായും നടത്തേണ്ടതുണ്ടെന്ന് ആര്‍ച്ച് ബിഷപ്പ് കളത്തിപ്പറമ്പില്‍ വിശദീകരിച്ചു.
ദൈവദാസന്റെ കബറിടം, ജന്മസ്ഥലം, ജീവിതം ചെലവഴിച്ച പ്രധാനപ്പെട്ട സ്ഥലങ്ങള്‍, മരണമടഞ്ഞ സ്ഥലം എന്നിവ ഔദ്യോഗികമായി പരിശോധിച്ച് നിയമവിരുദ്ധമായ വണക്കങ്ങള്‍ നടത്തിയതിന്റെ അടയാളങ്ങള്‍ ഒന്നുംതന്നെ കണ്ടെത്തിയില്ല എന്ന സര്‍ട്ടിഫിക്കറ്റ് ആര്‍ച്ച് ബിഷപ്പ് റോമിലേക്ക് അയക്കും. ദൈവദാസന്‍ എന്നാണ് ഇനി ഔദ്യോഗിക രേഖകളിലെല്ലാം ആര്‍ച്ച് ബിഷപ്പ് അട്ടിപ്പേറ്റിയെ വിശേഷിപ്പിക്കുക.
മരിച്ചവരുടെ ഒപ്പീസു പ്രാര്‍ഥനയ്ക്കു പകരം വിശുദ്ധനാക്കപ്പെടുവാന്‍ വേണ്ടിയുള്ള പ്രാര്‍ഥനയാകും ഇനി ദൈവദാസന്റെ കബറിടത്തില്‍ ചൊല്ലേണ്ടത്. ഈ നാമകരണ പ്രാര്‍ഥന അതിരൂപതയിലെ എല്ലാ ദേവാലയങ്ങളിലും മറ്റു സ്ഥാപനങ്ങളിലും എല്ലാ വീടുകളിലും ചൊല്ലാവുന്നതാണെന്ന് ആര്‍ച്ച്ബിഷപ് വ്യക്തമാക്കി. ക്രൈസ്തവജീവിതത്തിന്റെ ഉറവിടവും ഉച്ചകോടിയുമായ ദിവ്യബലിയിലാണ് ദൈവദാസപദപ്രഖ്യാപനം എന്നതു ശ്രദ്ധേയമാണെന്ന് ആര്‍ച്ച് ബിഷപ്പ് അനുസ്മരിച്ചു. ഈ പ്രഖ്യാപനത്തിലൂടെ നാമകരണനടപടികളുടെ കാനോനിക പ്രക്രിയ ഔപചാരികമായി സമാരംഭിക്കയാണ്. സഭയുടെ നിയമവ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ സുദീര്‍ഘമായ പ്രക്രിയയുടെ ആദ്യപടി മാത്രമാണിതെന്നും അദ്ദേഹം വിശ്വാസികളെ ഓര്‍മിപ്പിച്ചു.
അന്‍പതാം ചരമവാര്‍ഷികത്തിലാണ് ആര്‍ച്ച്ബിഷപ് അട്ടിപ്പേറ്റിയുടെ നാമകരണത്തിന് അതിരൂപതാതലത്തില്‍ ഔദ്യോഗിക നടപടികള്‍ ആരംഭിച്ചത്. ഇതു സംബന്ധിച്ച് വിശുദ്ധരുടെ നാമകരണത്തിനായുള്ള വത്തിക്കാന്‍ സംഘത്തിന്റെ അധ്യക്ഷന്‍ കര്‍ദിനാള്‍ ജിയോവാന്നി ആഞ്ജലോ ബെച്യു നല്‍കിയ നിഹില്‍ ഒബ്‌സ്താത് എന്ന അനുമതിപത്രം ലത്തീനില്‍ അതിരൂപതാ ചാന്‍സലര്‍ ഫാ. എബിജിന്‍ അറക്കല്‍ തിരുക്കര്‍മങ്ങളുടെ ആദ്യഘട്ടത്തില്‍ വായിച്ചു. നാമകരണ നടപടികളുടെ കാര്യത്തില്‍ മെത്രാന്മാര്‍ പാലിക്കേണ്ട 1983 ഫെബ്രുരി ഏഴിലെ വ്യവസ്ഥകള്‍ പ്രകാരം ഡോ. അട്ടിപ്പേറ്റിയുടെ നാമകരണ നടപടി ഔദ്യോഗികമായി ആരംഭിക്കുന്നതിന് പരിശുദ്ധ സിംഹാസനത്തിന് എതിര്‍പ്പൊന്നുമില്ലന്നാണ് ഈ സന്ദേശത്തില്‍ വ്യക്തമാക്കുന്നു.
പ്രാര്‍ഥനയുടെ മനുഷ്യനായിരുന്നു ആര്‍ച്ച്ബിഷപ് അട്ടിപ്പേറ്റിയെന്ന് കോട്ടപ്പുറം ബിഷപ് ഡോ. ജോസഫ് കാരിക്കശേരി വചനപ്രഘോഷണത്തില്‍ അനുസ്മരിച്ചു. 'എല്ലാവര്‍ക്കും എല്ലാമായിത്തീര്‍ന്നു' എന്ന തന്റെ അജപാലന ശുശ്രൂഷയുടെ ആദര്‍ശസൂക്തം എല്ലാ തലത്തിലും അന്വര്‍ഥമാക്കിയ ദൈവദാസന്‍ അതിവിസ്തൃതമായ അവിഭക്ത അതിരൂപതയിലെ എല്ലാ വീടുകളും സന്ദര്‍ശിച്ച് തന്റെ അജഗണത്തിന്റെ ജീവിതാവസ്ഥ പൂര്‍ണമായി മനസിലാക്കാന്‍ ശ്രമിച്ചു. ഇത് ആഗോളസഭയില്‍ തന്നെ വൈദികമേലധ്യക്ഷന്മാരുടെ ഭവനസന്ദര്‍ശത്തിലെ അത്യപൂര്‍വ റെക്കോഡാണ്.
ദിവ്യബലിയര്‍പ്പണത്തിലും എറണാകുളം കത്തീഡ്രല്‍ ദേവാലയത്തില്‍ നിത്യസഹായമാതാവിനോടുള്ള നൊവേന പ്രാര്‍ഥനകളിലും ഭക്ത്യാനുഷ്ഠാനങ്ങളിലും ധ്യാനത്തിലും വൈദികാര്‍ഥി എന്ന നിലയില്‍ പങ്കെടുക്കാനായതിന്റെ അസുലഭ ഭാഗ്യം അദ്ദേഹം അനുസ്മരിച്ചു.
മരിയഭക്തിയും ജപമാല ഭക്തിയും തന്റെ ജീവിതവിശുദ്ധിയുടെ ഭാഗമാക്കിയ ദൈവദാസന്‍ ഫാത്തിമാ മാതാവിന്റെ തിരുസ്വരൂപം അതിരൂപതയിലെ എല്ലാ ഇടവകകളിലും എത്തിച്ചു. പൗരോഹിത്യത്തിന്റെ അന്തസും ആഭിജാത്യവും ആധ്യാത്മിക ഗരിമയും കാത്തുസൂക്ഷിക്കുന്നതിന് തന്റെ വൈദികഗണത്തെ ദൈവശാസ്ത്രപരമായും ബൗദ്ധികപരമായും പരിശീലിപ്പിക്കുന്നതില്‍ അദ്ദേഹം ഏറെ ശ്രദ്ധപുലര്‍ത്തി. വൈദികര്‍ക്കൊപ്പം നിരവധി അല്മായരെയും അദ്ദേഹം ഉന്നതപഠനത്തിനായി വിദേശത്തേക്ക് അയച്ചു.
പ്രേഷിതപ്രവര്‍ത്തനത്തിന് വളരെ പ്രാമുഖ്യം നല്‍കിയ അദ്ദേഹത്തിന്റെ കാലത്ത് വരാപ്പുഴ നിന്നുള്ള വൈദികര്‍ പാക്കിസ്ഥാനില്‍ വരെ പ്രേഷിതപ്രവര്‍ത്തനം നടത്തിയിരുന്നു. കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് സാമൂഹിക നീതിയും രാഷ്ട്രീയ പങ്കാളിത്തവും നേടിയെടുക്കുന്നതോടൊപ്പം സഭയില്‍ അല്മായരുടെ പങ്കാളിത്തം ശക്തിപ്പെടുത്താനും അദ്ദേഹം മാര്‍ഗദര്‍ശനം നല്‍കിയെന്ന് ബിഷപ് കാരിക്കശേരി അനുസ്മരിച്ചു.