Faith And Reason - 2024
ജീവിതം ഹൃസ്വമാണ്, ബൈബിള്‍ വായിക്കുക: ബോക്സിങ് ഇതിഹാസം മാനി പക്വിയാവോ
സ്വന്തം ലേഖകന്‍ 05-02-2020 - Wednesday
മനില: ബൈബിൾ വായിക്കാനും, അത് മറ്റുള്ളവരുമായി പങ്കുവയ്ക്കുവാനും ആഹ്വാനവുമായി ബോക്സിങ് ഇതിഹാസവും ഫിലീപ്പീന്‍സ് സെനറ്ററുമായ മാനി പക്വിയാവോ. ദേശീയ ബൈബിൾ ദിനാചരണത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽവെച്ച് താൻ നടത്തിയ വിശ്വാസ യാത്ര വിവരിച്ച അദ്ദേഹം ദൈവവചനത്തിന്റെ ശക്തിയെ കുറിച്ച് വാചാലനായി. ബൈബിൾ നമ്മെ സത്യത്തിലേക്ക് നയിക്കുമെന്നും, അത് നമ്മുടെ ജീവിതത്തിലെ വഴികാട്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം സർക്കാരും, സിനിമാപ്രവർത്തകരും, ബിസിനസ്സുകാരുമടക്കം നിരവധി പേർ ഈ വർഷത്തെ ദേശീയ ബൈബിൾ ദിനാചരണത്തിന്റെ ഭാഗമായി.
ഒരു ലക്ഷത്തോളം ബൈബിളുകളാണ് പ്രസ്തുത ദിവസം വിതരണം ചെയ്തത്. പ്രശസ്ത ക്രൈസ്തവ പ്രഭാഷകനായ രവി സക്കറിയാസും ചടങ്ങിൽ പങ്കെടുക്കാനായി ഫിലിപ്പീൻസിൽ എത്തിയിരുന്നു. അടുത്തിടെ അപകടത്തിൽ മരണമടഞ്ഞ കോബ് ബ്രെയന്റെ വേർപാടിൽ പക്വിയാവോ അനുശോചനം രേഖപ്പെടുത്തി. ജീവിതം ദൈർഘ്യമുള്ളതല്ലെന്നും, അതിനാൽ ദൈവവുമായി വ്യക്തിപരമായ ഒരു ബന്ധം സ്ഥാപിക്കുന്നത് ഉറപ്പുവരുത്തണമെന്നും കോബ് ബ്രെയന്റെ മരണം സ്മരിച്ചു മാനി പറഞ്ഞു.
ലോകമറിയുന്ന ബോക്സിംഗ് താരമാണെങ്കിലും, ക്രൈസ്തവ വിശ്വാസത്തിനും ദൈവവചനത്തിനും കൂടുതൽ പ്രാധാന്യം നൽകുന്നയാളാണ് മാനി പക്വിയാവോ. തന്റെ ബോക്സിങ് റിങ്ങുകളിലെ വിജയത്തിന് അദ്ദേഹം നന്ദി സമർപ്പിക്കുന്നത് ദൈവത്തോടാണ്. എല്ലാവർഷവും ജനുവരി മാസത്തിലെ അവസാന തിങ്കളാഴ്ച ദേശീയ ബൈബിൾ ദിനമായി ആചരിക്കാനായുള്ള നടപടികൾക്കു മുൻകൈയെടുത്തതും അദ്ദേഹമാണ്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക