Arts - 2024

വിശുദ്ധ ഫ്രാൻസിസ് അസീസ്സിയുടെ പ്രാർത്ഥന പുസ്തകം പ്രദർശനത്തിന്

സ്വന്തം ലേഖകന്‍ 08-02-2020 - Saturday

വിശുദ്ധ ഫ്രാൻസിസ് അസീസ്സി തന്റെ ജീവിതകാലത്ത് ഉപയോഗിച്ചുവെന്ന് കരുതപ്പെടുന്ന പ്രാർത്ഥന പുസ്തകം അമേരിക്കയിലെ ബാൾട്ടിമോറിൽ പ്രദർശനത്തിന് വച്ചു. വാൾട്ടേഴ്സ് ആർട്ട് മ്യൂസിയത്തിലാണ് പ്രാർത്ഥന പുസ്തകം പ്രദർശനത്തിന് വെച്ചിരിക്കുന്നത്. 'ദി മിസൽ ഓഫ് ഫ്രാൻസിസ് അസീസി' എന്ന പേരിലറിയപ്പെടുന്ന പ്രസ്തുത പുസ്തകത്തെ അപൂർവ്വ തിരുശേഷിപ്പായാണ് ലോകമെമ്പാടുമുള്ള ഫ്രാൻസിസ്കൻ സഭാംഗങ്ങൾ നോക്കി കാണുന്നത്. പഴക്കം കൊണ്ട് പുസ്തകത്തിന്റെ തുന്നൽ അഴിഞ്ഞു പോയതിനാൽ, രണ്ടുവർഷം നീണ്ട പരിശ്രമങ്ങൾക്ക് ഒടുവിലാണ് പുസ്തകം പ്രദർശന യോഗ്യമാക്കി മാറ്റിയത്. അതേസമയം മ്യൂസിയത്തിന്റെ വെബ്സൈറ്റിനായി പുസ്തകത്തെ ഡിജിറ്റൽവത്ക്കരിക്കുകയും ചെയ്തിട്ടുണ്ട്.

1208ൽ ഫ്രാൻസിസ് അസീസ്സിയും രണ്ടു അനുയായികളും തമ്മിൽ, തങ്ങളെ കുറിച്ചുള്ള ദൈവഹിതം എന്താണ് എന്നതിനെപ്പറ്റി തർക്കത്തിലേർപ്പെട്ടതു മുതലുള്ള ചരിത്രമാണ് പുസ്തകത്തിനുള്ളത്. വ്യക്തമായ തീരുമാനത്തിൽ എത്തിച്ചേരാൻ സാധിക്കാതിരുന്നതിനാൽ അസീസ്സിയിലെ സെന്റ് നിക്കോളോ ദേവാലയത്തിൽ അവരെത്തി പ്രാർത്ഥിച്ചു. സാധാരണയായി വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ ഫ്രാൻസിസ് എത്തുമായിരുന്നു. അവിടെവെച്ച് പ്രസ്തുത പ്രാർത്ഥന പുസ്തകം അവർ തുറന്നു നോക്കി. ലോക വസ്തുക്കൾ ഉപേക്ഷിച്ച്, തന്നെ അനുഗമിക്കുകയെന്ന സന്ദേശമാണ് അവർക്ക് ദൈവത്തിൽ നിന്ന് ലഭിച്ചത്. രണ്ടാമത്തെ തവണയും, മൂന്നാമത്തെ തവണയും ഇതേ സന്ദേശം തന്നെ പുസ്തകത്തിൽ നിന്ന് അവർക്ക് ലഭിച്ചു. ഈ സംഭവമാണ് ഫ്രാൻസിസ്കൻ സഭയുടെ അടിത്തറ പാകിയത്. ഫ്രാൻസിസ് അസീസ്സിയുമായി ബന്ധമുള്ള മറ്റു വസ്തുക്കളും മ്യൂസിയത്തിലെ പ്രദർശനത്തിന് വെച്ചിട്ടുണ്ട്. 7 സഹസ്രാപ്തങ്ങൾ വരെ പഴക്കമുള്ള മുപ്പത്താറായിരത്തോളം സാധനങ്ങൾ പ്രദർശനത്തിനായി മ്യൂസിയത്തിൽ സജ്ജമാക്കിയിട്ടുണ്ട്. മെയ് അവസാനം വരെ പ്രദർശനം തുടരും. വിശ്വാസ ജീവിതത്തിന് ബലമേകാൻ സൗജന്യ പ്രദർശനമാണ് മ്യൂസിയത്തിൽ ഒരുക്കിയിരിക്കുന്നത്.


Related Articles »