News
വത്തിക്കാനില്‍ ഇക്കൊല്ലം നിര്‍മ്മിക്കുന്ന പുല്‍ക്കൂട് വിശുദ്ധ ഫ്രാന്‍സിസ് അസീസ്സി നിര്‍മ്മിച്ച ആദ്യ തിരുപ്പിറവി ദൃശ്യത്തിന്റെ പകര്‍പ്പ്
പ്രവാചകശബ്ദം 01-11-2023 - Wednesday
റോം: ഇറ്റലിയിലെ ഗ്രെസ്സിയോ പട്ടണത്തില്‍ വിശുദ്ധ ഫ്രാന്‍സിസ് അസീസ്സി ആദ്യമായി ഒരുക്കിയ തിരുപ്പിറവി ദൃശ്യം നിര്‍മ്മിച്ചതിന്റെ എണ്ണൂറാമത് വാര്‍ഷികം പ്രമാണിച്ച് ഇക്കൊല്ലം വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ നിര്‍മ്മിക്കുന്ന തിരുപ്പിറവി ദൃശ്യം വിശുദ്ധന്‍ നിര്‍മ്മിച്ച തിരുപ്പിറവി ദൃശ്യത്തിന്റെ തനിപകര്‍പ്പായിരിക്കുമെന്ന് വത്തിക്കാന്‍. സെന്‍ട്രല്‍ ഇറ്റലിയിലെ റിയറ്റി വാലിയില്‍ നിന്നുള്ള തിരുപ്പിറവി ദൃശ്യമായിരിക്കും ഇക്കൊല്ലം പ്രദര്‍ശിപ്പിക്കുക. ആല്‍പ്സ് പര്‍വ്വതനിരകളില്‍ നിന്നുള്ള സില്‍വര്‍ ഫിര്‍ മരമായിരിക്കും ഇക്കൊല്ലത്തെ വത്തിക്കാന്റെ ക്രിസ്തുമസ് ട്രീ. വടക്കന്‍ ഇറ്റലിയിലെ സലൂസോയിലെ പിയഡ്മോണ്ടെസി രൂപതയിലെ മാക്രാ മുനിസിപ്പാലിറ്റിയില്‍ നിന്നുമാണ് ഈ ട്രീ കൊണ്ടുവരിക. ഡിസംബര്‍ 9ന് അനാവരണം ചെയ്യുന്ന ഈ അലങ്കാരങ്ങള്‍ 2024 ജനുവരി 7 വരെ സന്ദര്‍ശകര്‍ക്കായി പ്രദര്‍ശിപ്പിക്കും.
1223-ല്‍ വിശുദ്ധ ഫ്രാന്‍സിസ് അസീസ്സിയാണ് ആദ്യ തിരുപ്പിറവി ദൃശ്യം നിര്‍മ്മിക്കുന്നത്. അതേ വര്‍ഷം തന്നെ ഹോണോറിയസ് മൂന്നാമന്‍ പാപ്പ ഫ്രിയാര്‍ മൈനറുകളെ സംബന്ധിക്കുന്ന ഫ്രാന്‍സിസ്കന്‍ നിയമങ്ങള്‍ക്ക് അംഗീകാരവും നല്‍കി. ഇതിന്റെ വാര്‍ഷിക സ്മരണക്കായി ഇക്കൊല്ലത്തെ വത്തിക്കാനിലെ തിരുപ്പിറവി ദൃശ്യത്തിന് ഫ്രാന്‍സിസ്കന്‍ ശൈലിയായിരിക്കും ഉണ്ടായിരിക്കുക. വിശുദ്ധ നാട്ടിലെ സന്ദര്‍ശനം കഴിഞ്ഞ് ക്രിസ്തുവിന്റെ ജനനത്തിന്റെ ഓര്‍മ്മകള്‍ പുതുക്കുന്നതിന് ഗ്രെസ്സിയൊ പട്ടണത്തില്‍ വിശുദ്ധ ഫ്രാന്‍സിസ് അസീസ്സി നിര്‍മ്മിച്ച തിരുപ്പിറവി ദൃശ്യത്തേക്കുറിച്ചുള്ള ഫ്രാന്‍സിസ്കന്‍ എഴുത്തുകാരനായ ടോമാസ്സോ ഡാ സെലാനോയുടെ വിവരണത്തിന്റെ അടിസ്ഥാനത്തില്‍ നിര്‍മ്മിക്കുന്ന ഇക്കൊല്ലത്തെ തിരുപ്പിറവി ദൃശ്യം സന്ദര്‍ശകരെ 1223-ലേക്ക് തിരികെ കൊണ്ടുപോകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തിരുപ്പിറവി ദൃശ്യത്തിന്റെ വലിപ്പവും, അതിലെ ടെറാകോട്ടാ രൂപങ്ങളും ഗ്രെസ്സിയോ പുല്‍ക്കൂടിനെ പ്രതിനിധാനം ചെയ്യുന്നതായിരിക്കും. വിശുദ്ധ ഫ്രാന്‍സിസ് അസീസ്സി യേശു ക്രിസ്തുവിനെ കൈകളില്‍ എടുക്കുമ്പോള്‍ ഒരു ഫ്രാന്‍സിസ്കന്‍ ഫ്രിയാര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതും, പരിശുദ്ധ കന്യകാമാതാവും, വിശുദ്ധ യൌസേപ്പിതാവും സമീപത്ത് നില്‍ക്കുന്നതുമാണ് മുഖ്യപ്രമേയം, ഒരു കഴുതയും, കാളയും രംഗത്തില്‍ ഉള്‍പ്പെടുന്നുണ്ട്. എണ്ണൂറാമത് വാര്‍ഷികത്തെ പ്രതിനിധീകരിക്കുന്നതിനായി അഷ്ടഭുജാകൃതിയിലുള്ള തട്ടിലായിരിക്കും ഇക്കൊല്ലത്തെ പുല്‍ക്കൂട് നിര്‍മ്മിക്കുക. 82 അടി ഉയരമുള്ള ട്രീയാണ് ഇക്കൊല്ലത്തെ സെന്റ് പീറ്റേഴ്സ് ട്രീ. ഡിസംബര്‍ 9ന് വൈകിട്ട് 5 മണിക്കാണ് ഈ ട്രീയിലെ ദീപം തെളിയിക്കലും, ഉദ്ഘാടനവും. വത്തിക്കാന്‍ സിറ്റി സ്റ്റേറ്റ് ഗവര്‍ണറേറ്റിന്റെ പ്രസിഡന്റ് കര്‍ദ്ദിനാള്‍ ഫെര്‍ണാണ്ടോ വെര്‍ഗെസ് അല്‍സാഗയാണ് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിക്കുക.