Faith And Reason - 2025

കാവല്‍ മാലാഖമാരുടെ ഇടപെടൽ സാക്ഷ്യപ്പെടുത്തി വൈദികന്റെ അനുഭവ കുറിപ്പ്

സ്വന്തം ലേഖകന്‍ 20-02-2020 - Thursday

ബോസ്റ്റണ്‍: ഓരോ വിശ്വാസിയേയും അവന്‍ പോലും അറിയാതെ നയിക്കുകയും, സംരക്ഷിക്കുകയും ചെയ്യുന്ന ദൈവത്താല്‍ അയക്കപ്പെട്ട കാവല്‍ മാലാഖയുണ്ടെന്ന നമ്മുടെ വിശ്വാസത്തെ ഒന്നുകൂടി സ്ഥിരീകരിക്കുന്നതാണ് മസ്സാച്ചുസെറ്റ്സിലെ ബോസ്റ്റണ്‍ കത്തോലിക്ക അതിരൂപതയിലെ ഫാ. കെവിന്‍ സ്റ്റാലി-ജോയ്സിന് അര്‍ദ്ധരാത്രിയുണ്ടായ അനുഭവം. ഇക്കഴിഞ്ഞ ഫെബ്രുവരി 17ന് ട്വിറ്ററിലൂടെ ഫാ. സ്റ്റാലി-ജോയ്സ് തന്നെയാണ് തനിക്കുണ്ടായ അനുഭവത്തെക്കുറിച്ച് പുറംലോകത്തോട് പറഞ്ഞത്. മരിക്കുവാന്‍ കിടക്കുന്ന ഒരു രോഗിയുടെ അടുത്ത് തന്നെ തക്ക സമയത്ത് എത്തിച്ചത് തന്റെ കാവല്‍ മാലാഖയാണെന്നാണ് ഫാ. സ്റ്റാലി-ജോയ്സ് വിവരിക്കുന്നത്.

സംഭവ ദിവസം രാത്രി ഉറങ്ങുന്നതിനു മുന്‍പായി ഫാ. സ്റ്റാലി-ജോയ്സ് തന്റെ ഫോണ്‍ സൈലന്റ് മോഡില്‍ ഇട്ടു. എന്നാല്‍ അര്‍ദ്ധരാത്രിയില്‍ എന്തോ അസ്വസ്ഥത തോന്നി. എഴുന്നേറ്റ് നടന്നു. വെള്ളം കുടിച്ചു വെറുതെ തന്റെ ഫോണ്‍ എടുത്ത് നോക്കിയപ്പോഴാണ് താന്‍ എഴുന്നേൽക്കുന്നതിനു ഒരു മിനിറ്റ് മുന്‍പ് മരണാസന്നനായ ഒരാള്‍ക്ക് അന്ത്യകൂദാശ നല്‍കുന്നതിന് വേണ്ടി ആശുപത്രിയില്‍ നിന്നും തന്നെ വിളിച്ചിരുന്നെന്ന കാര്യം വൈദികൻ മനസ്സിലാക്കുന്നത്. ഫോണ്‍ സൈലന്റ് മോഡിലായിരുന്നതിനാല്‍ അവര്‍ വിളിച്ചത് അദ്ദേഹം അറിഞ്ഞിരുന്നില്ല. കൃത്യ സമയത്ത് തന്നെ എഴുന്നേല്‍പ്പിച്ചത് തന്റെ കാവല്‍ മാലാഖയാണെന്നാണ് ഫാ. സ്റ്റാലി-ജോയ്സ് പറയുന്നത്.

അതേസമയം തങ്ങള്‍ക്കും സമാനമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന കമന്റുകളുമായി നിരവധി വൈദികർ രംഗത്ത് വന്നിട്ടുണ്ട്. “എനിക്ക് ഈ അനുഭവം എത്ര പ്രാവശ്യം ഉണ്ടായിട്ടുണ്ടെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. ഞാന്‍ വിശ്വസിക്കുന്ന ഒരു ദാര്‍ശനികന്‍ പറഞ്ഞതനുസരിച്ച് എനിക്ക് വളരെ തിരക്കുള്ള കാവല്‍ മാലാഖ ഉണ്ട് - ഒന്നല്ല ഒന്നില്‍ കൂടുതല്‍”എന്നാണ് ടെക്സാസിലെ ലോങ്വ്യൂവിലെ സെന്റ്‌ മേരീസ് കത്തോലിക്കാ ദേവാലയത്തിലെ വൈദികനായ ഫാ. ഡാനിയല്‍ ഡോവര്‍ കമന്റ് ചെയ്തിരിക്കുന്നത്.

നിങ്ങളുടെ മാലാഖയോ മാലാഖമാരോ തക്കസമയത്ത് തന്നെ നിങ്ങളെ ഉണര്‍ത്തിയെന്നും, ഇതൊരു യഥാര്‍ത്ഥ അത്ഭുതം തന്നെയാണെന്നും, തന്റെ മാലാഖമാര്‍ തനിക്ക് വേണ്ടി ഇതുപോലെ ചെയ്യുന്നത് കാണുവാന്‍ തനിക്കും ആഗ്രഹമുണ്ടെന്നും മറ്റൊരു ട്വിറ്റർ ഉപയോക്താവ് കമന്റ് ചെയ്തിട്ടുണ്ട്. അതേസമയം നിരവധിയാളുകളാണ് ഫാ. സ്റ്റാലി-ജോയ്സിന്റെ അനുഭവം നവമാധ്യമങ്ങളിലൂടെ പങ്കുവെച്ചുകൊണ്ടിരിക്കുന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »